ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 11
അവജാനന്തി മാം മൂഢാ
മാനുഷീം തനുമാശ്രിതം
പരം ഭാവമജാനന്തോ
മമ ഭൂതമഹേശ്വരം.
എന്‍റെ പരമതത്വത്തെ അറിയാതെ മൂഢന്മാരായവര്‍ സകലഭൂതങ്ങള്‍ക്കും മഹേശ്വരനായ എന്നെ മനുഷ്യദേഹം കൈക്കൊണ്ടവനായി തെറ്റിദ്ധരിച്ച് അപമാനിക്കുന്നു.
അല്ലയോ അര്‍ജ്ജുന, അന്തമില്ലാത്ത ജനനമരണങ്ങള്‍ ആവര്‍ത്തിക്കുന്ന ഭൗതിക ജീവിതത്തെപ്പറ്റി ഭയപ്പെടുകയും എന്നെ പ്രാപിക്കണമെന്ന് അതിയായി ആഗ്രഹിക്കുകയും ചെയ്യുന്നുവെങ്കില്‍ ഈ തത്ത്വം നിന്‍റെ മനസ്സില്‍ കാത്തുസൂക്ഷിക്കേണ്ടതാണ്. മഞ്ഞപ്പിത്തം ബാധിച്ചവന് ചന്ദ്രകിരണങ്ങള്‍ മഞ്ഞയായി കാണപ്പെടുന്നു. അപ്രകാരം എന്‍റെ നിര്‍മ്മലമായ സ്വരൂപത്തില്‍ ആളുകള്‍ മാലിന്യം ദര്‍ശിക്കുന്നു. ജ്വരം നിമിത്തം ദുഃസ്വാദ് തോന്നുന്ന വായില്‍ പാലുപോലും പാഷാണംപോലെ തിക്തകമായി തോന്നും. അതുപോലെ ഞാന്‍ അമാനുഷികനാണെങ്കിലും ആളുകള്‍ എന്നെ മനുഷ്യനായി കരുതുന്നു. അതുകൊണ്ട്, അല്ലയോ അര്‍ജ്ജുന, ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു, നീ ഈ രഹസ്യം വിസ്മരിക്കരുതെന്ന്.
മാംസചക്ഷുസ്സുകള്‍ കൊണ്ട് എന്നെ കാണുന്ന ഒരുവന്‍ എന്‍റെ യഥാര്‍ത്ഥസ്വരൂപം കാണുന്നില്ല. അവന്‍ അമരത്വത്തിനുവേണ്ടി സ്വപ്നത്തില്‍ അമൃത് പാനം ചെയ്യുന്നവനെപോലെയാണ്. സ്ഥൂലദൃഷ്ടികൊണ്ട് എന്നെ കാണുന്ന വിഡ്ഢികള്‍ക്ക‍് ലഭിക്കുന്ന ബാഹ്യമായ അറിവ് എന്നെപ്പറ്റിയുളള യഥാര്‍ത്ഥജ്ഞാനം ലഭിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. അങ്ങനെയുളളവര്‍, ജലാശയത്തില്‍ കാണുന്ന നക്ഷത്രങ്ങളുടെ പ്രതിച്ഛായ രത്നങ്ങളാണെന്നു സങ്കല്പിച്ച് അതിലേക്കു കുതിച്ചു ചാടുന്ന രാജഹംസങ്ങളെപ്പോലെ പാറയില്‍ തട്ടി നശിക്കുന്നു. ഗംഗാനദിയെന്നു കരുതി മരീചികയുടെ പിന്നാലെ ഓടുന്നതില്‍ എന്താണു പ്രയോജനം? കല്പതരുവെന്നു കരുതി മുളളുകള്‍ നിറഞ്ഞ കുരു വേലിമരത്തിന്‍ കീഴിലിരുന്നാല്‍ അഭീഷ്ടസിദ്ധി ഉണ്ടാകുമോ? അപ്രകാരമുളളവര്‍ ഇന്ദ്രനീലമാലികയാണെന്നു കരുതി വിഷസര്‍പ്പത്തെ എടുക്കാന്‍ കൈകള്‍ നീട്ടുന്നു. രത്നമാണെന്ന വിചാരത്തോടെ വെളളാരങ്കല്ല് ശേഖരിക്കുന്നു. ഒളിഞ്ഞിരിക്കുന്ന നിധിയാണെന്ന സങ്കല്പത്തില്‍ വെണ്ണീറ് തുണിയില്‍ വാരിക്കെട്ടുന്നു. തന്‍റെ പ്രതിച്ഛായ കണ്ട് അത് മറ്റൊരു സിംഹമാണെന്ന തെറ്റിദ്ധാരണയോടെ കിണറ്റിലേക്കു ചാടി ചാകുന്ന സിംഹത്തെപ്പോലെ പെരുമാറുന്നു.
ഞാന്‍ മനുഷ്യസഹജമായ സ്വഭാവത്തോടുകൂടിയവനാണെന്നുളള അബദ്ധവിശ്വാസം വെച്ചുപുലര്‍ത്തി സംസാരജീവിതത്തില്‍ മുഴുകി കഴിയുന്നവര്‍, ജലത്തില്‍ പ്രതിബിംബിച്ചു കാണുന്ന സോമബിംബത്തെ താരാനാഥനാണെന്നു തെറ്റിദ്ധരിച്ച് കൈക്കുളളിലാക്കാന്‍ ശ്രമിക്കുന്നവരാണ്. കഞ്ഞിവെളളം കുടിച്ച് അമൃത് കുടിക്കുന്ന പ്രയോജനം ഉണ്ടാക്കാമെന്നു വിശ്വസിക്കുന്ന അവരുടെ ധാരണ അബദ്ധജടിലമാണ്. സ്ഥൂലവും നശ്വരവുമായ രൂപത്തോടുകൂടിയവനാണ് ഞാനെന്നു ചിന്തിക്കുന്നവര്‍ക്ക് എന്‍റെ യഥാര്‍ത്ഥത്തിലുളള അനശ്വരസ്വരൂപം എങ്ങനെ മനസ്സിലാക്കാന്‍ കഴിയും?
അല്ലയോ അര്‍ജ്ജുന, പൂര്‍വദിക്കിലേക്കു പോകുന്ന ഒരുവന്‍ എങ്ങനെയാണ് പശ്ചിമാംബുധിയുടെ തീരത്തെത്തുന്നത്? ഉമി ഉരലിലിട്ടു കുത്തിയാല്‍ അരി ലഭിക്കുമോ? സദാ പരിവര്‍ത്തനത്തിനു വിധേയമായിരിക്കുന്ന ഈ പ്രപഞ്ചത്തെ അറിയുന്നതുകൊണ്ട് മാത്രം എങ്ങനെയാണ് എന്‍റെ സമ്പൂര്‍ണ്ണവും അവ്യയവുമായ അസ്തിത്വത്തെ അറിയുന്നത്? വെളളത്തിലെ പത വായിലൊഴിച്ചാല്‍ ദാഹം ശമിക്കുമോ? അതുപോലെ മതിഭ്രമം പിടിപെട്ടിട്ടുളള ആളുകള്‍ എന്നെ ഈ ശരീരത്തോടു തെറ്റായി സാമ്യപ്പെടുത്തിയിട്ട് എന്നില്‍ ജനനവും കര്‍മ്മവും സംബന്ധിപ്പിക്കുന്നു. അതിന്‍റെ ഫലമായി നാമമില്ലാത്ത എനിക്കു നാമവും കര്‍മ്മമില്ലാത്ത എനിക്കു കര്‍മ്മവും അശരീരിയായ എനിക്കു ശരീരവും ഉളളതായി അവര്‍ ആരോപിക്കുന്നു. അരൂപിയായ എനിക്ക് രൂപം നല്‍കിയും ഗുണങ്ങള്‍ക്കതീതനായ എന്നെ സഗുണനായും കരുതി അവര്‍ ആരാധിക്കുന്നു.
ഞാന്‍ വേദശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് അതീതനാണെങ്കിലും ആചാരക്രമങ്ങളും കര്‍മ്മപരിപാടികളും പാലിക്കുന്നവനാണെന്ന് അവര്‍ വിശ്വസിക്കുന്നു. ഗോത്രമില്ലാത്ത എന്നെ ഗോത്രമുളളവനായും കൈ കാലുകള്‍ ഇല്ലാത്ത എനിക്ക് അവകള്‍ ഉളളതായും അവര്‍ ആരോപിക്കുന്നു. അമേയനായ എന്നെ അവര്‍ അളക്കുന്നു. സര്‍വവ്യാപിയായ എന്നെ സ്ഥലത്തിന്‍റെ പരിധിക്കുളളില്‍ ബന്ധിക്കുന്നു. മെത്തയില്‍ കിടന്നുറങ്ങുന്നവന്‍ സ്വപ്നത്തില്‍ വനം കാണുന്നതുപോലെ , അവര്‍ എനിക്ക് കണ്ണും കാതും വംശപാരമ്പര്യവും ഉളളതായി സങ്കല്പിക്കുന്നു. എന്നാല്‍ എനിക്ക് ഒരിക്കലും ഇതൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ അവ്യക്തനും ആഗ്രഹങ്ങളില്ലാത്തവനും ആണെങ്കിലും ഞാന്‍ വ്യക്തനും ആഗ്രഹങ്ങളുളളവനും ആണെന്ന് അവര്‍ ആരോപിക്കുന്നു. എല്ലാവരുടേയും ആത്മസംസൃപ്തിക്ക് കാരണഭൂതനായ എന്നെ കേവലം സംതൃപ്തനായിട്ടു മാത്രമാണ് അവര്‍ കാണുന്നത്. വസ്ത്രങ്ങള്‍ ധരിപ്പിക്കാന്‍ കഴിയാത്ത എന്നെ അവര്‍ വസ്ത്രങ്ങള്‍ ധരിപ്പിക്കുന്നു. അലങ്കരിക്കാന്‍ കഴിയാത്ത എന്നെ ആഭരണങ്ങളണിയിച്ച് അലങ്കരിക്കുന്നു. ഞാന്‍ എല്ലാറ്റിന്‍റെയും സ്രോതസ്സാണെങ്കിലും എന്‍റെ ഉറവിടം കണ്ടുപിടിക്കാന്‍ അവര്‍ പരിശ്രമിക്കുന്നു. ഞാന്‍ സ്വയം ഭൂവാണെങ്കിലും അവര്‍ എന്നെ സൃഷ്ടിച്ചതായി ഭാവിക്കുന്നു. ഞാന്‍ സ്വയമേവ നിലനില്‍ക്കുന്നതാണെങ്കിലും അവര്‍ എന്‍റെ വിഗ്രഹം നിര്‍മ്മിക്കുന്നു. അവര്‍ എന്നെ ആവാഹിക്കുകയും എന്നോടു യാത്ര പറയുകയും ചെയ്യുന്നു. ഞാന്‍ സ്വയം പരിപൂര്‍ണ്ണനും സ്ഥിരനും ആണെങ്കിലും അവര്‍ എന്നില്‍ ബാല്യവും യൗവ്വനവും വാര്‍ദ്ധക്യവും ചുമത്തുന്നു. ഏകമായ ഞാന്‍ ദ്വന്ദ്വമാണെന്നും പരമമായ ആനന്ദത്തിന്‍റെ ഇരിപ്പിടമായ ഞാന്‍ വിവിധ സുഖങ്ങള്‍ ഇച്ഛിക്കുന്നവനാണെന്നും അവര്‍ കരുതുന്നു. എല്ലാ ഭൂതജാലങ്ങളിലും ഒന്നുപോലെ സ്ഥിതിചെയ്യുന്ന ഞാന്‍ ചിലരോടു ശത്രുത്വവും പുലര്‍ത്തുന്നതായി അവര്‍ ആരോപിക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എന്നെപ്പറ്റിയുളള തെറ്റായ അറിവു നിമിത്തം മനുഷ്യര്‍ക്കുളള എല്ലാ ഗുണദോഷങ്ങളും എനിക്കുളളതായി അവര്‍ ഗണിക്കുന്നു. അവര്‍ ഒരു വിഗ്രഹം കാണുമ്പോള്‍ അതിനെ ദൈവമായി ഭക്തിപൂര്‍വ്വം ആരാധിക്കുകയും അതു ഭഞ്ജിക്കപ്പെടുമ്പോള്‍ ദൈവികത്വം അതിനു നഷ‍്ടപ്പെട്ടതായി കരുതി അതിനെ വലിച്ചെറിയുകയും ചെയ്യുന്നു. ഇപ്രകാരം വിവിധ രീതികളില്‍ അവര്‍ എന്നെ മര്‍ത്ത്യനായി പരിഗണിക്കുന്നു. തന്മൂലം അവര്‍ എന്‍റെ യഥാര്‍ത്ഥ സ്വരൂപത്തെപ്പറ്റി അജ്ഞരായി കഴിയുന്നു.