ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 12
മോഘാശാ മോഘകര്‍മ്മാണോ
മോഘജ്ഞാനാ വിചേതസഃ
രാക്ഷസീമാസുരീം ചൈവ
പ്രകൃതിം മോഹിനീം ശ്രിതാഃ
നിഷ്ഫലമായ ആശയോടുകൂടിയവരും നിഷ്ഫലമായ കര്‍മ്മങ്ങളോടുകൂടിയവരും നിഷ്ഫലമായ ജ്ഞാനത്തോടുകൂടിയവരും അവിവേകികളുമായവര്‍, ഹിംസാപൂര്‍ണ്ണമായതും കാപട്യവും ചതിയും നിറഞ്ഞതും മനസ്സിനെ ആകര്‍ഷിച്ച് ഭ്രമിപ്പിക്കുന്നതുമായ പ്രകൃതിയെത്തന്നെ ആശ്രയിക്കുന്നവരാകുന്നു.
ഈ വക കാരണങ്ങള്‍കൊണ്ട് മഴക്കാലത്തല്ലാതെ മറ്റു കാലങ്ങളില്‍ മാനത്തു കാണുന്ന മേഘം പോലെയോ, അകലെനിന്നു നോക്കുമ്പോള്‍ മരീചികയില്‍ കാണുന്ന അലകള്‍ പോലെയോ, അവരുടെ ജന്മം നിഷ്ഫലമാണ്. കളിമണ്ണുകൊണ്ട് മെനഞ്ഞെടുത്ത ഒരശ്വാരൂഢനെപ്പോലെയോ, ഇന്ദ്രജാലം കൊണ്ടുണ്ടാക്കിയ ആഭരണം പോലെയോ, ആകാശത്ത് ഭാവനയില്‍ ദൃശ്യമാകുന്ന പട്ടണത്തിന്റെ ഭിത്തിപോലെയോ ആണ് കാല്പനികവും കഥയില്ലാത്തതുമായ അവരുടെ ജീവിതം കായ്ക്കാതെ അകം പൊളളയായി ഉയരത്തില്‍ വളരുന്ന സാബര്‍വൃക്ഷംപോലെയോ, അജാഗളസ്തനം പോലെയോ പ്രയോജനരഹിതമാണ് അതെന്നു പറയേണ്ടതില്ലല്ലോ. അവര് നേടിയെടുത്തിട്ടുളള അറിവ് മര്‍ക്കടന്‍ അടര്‍ത്തിയെടുത്ത നാളീകേരം പോലെയോ, അന്ധന്‍റെ കയ്യില്‍ പതിച്ച രത്നം പോലെയോ ആണ്. അവര്‍ സമ്പാദിച്ചിട്ടുളള വേദവിജ്ഞാനം ശാലീനയായ ഒരു പെണ്‍കുട്ടിയുടെ കൈയില്‍ കിട്ടിയ ആയുധംപോലെയോ, അശുദ്ധനായ ഒരുവന്‍ ചൊല്ലിക്കൊടുക്കുന്ന രഹസ്യമന്ത്രം പോലെയോ ഉപയോഗ ശൂന്യമാണ്.
അല്ലയോ ധനുര്‍ദ്ധരാ, ഒരുവന്‍റെ മനസ്സ് യഥാര്‍ത്ഥജ്ഞാനം കൊണ്ട് ധന്യമായില്ലെങ്കില്‍ മറ്റു വിധത്തിലുളള എല്ലാവിധ അറിവുകളും കര്‍മ്മങ്ങളും നിഷ്പ്രയോജനമാണ്. അങ്ങനെയുളളവന്‍ ഹീനയായ മായയുടെ വശീകരണത്തില്‍പ്പെടുന്നു. അതോടെ അവന്‍റെ ബുദ്ധിവൈഭവവും വിവേചനാശക്കിയും നശിക്കുന്നു. മനസ്സ് ഛിന്നഭിന്നമാകുന്നു. ഉത്കണ്ഠ വര്‍ദ്ധിക്കുന്നു. അവന്‍ തമസ്സാകുന്ന രാക്ഷസ്സിയുടെ വക്ത്രഗഹ്വരത്തില്‍ പതിക്കുന്നു. എപ്പോഴും ചുണ്ടു നനയ്ക്കുകയും കാതുവരെ നീളുകയും ചെയ്യുന്ന തിന്മയാകുന്ന മാരകമായ ഇവളുടെ ജുഹ്വ പ്രത്യാശയുടെ ഉമിനീരില്‍ ഉരുണ്ടു പിരളുകയും അസന്തുഷ്ടിയുടെ ഇറച്ചിക്കഷണങ്ങള്‍ സദാ ചവയ്ക്കുകയും ചെയ്യുന്നു. ഇവള്‍ പ്രലോഭനമാകുന്ന മലയുടെ അടിവാരത്തില്‍ അവധാനതയോടെ വിഹരിക്കുന്നു. ദ്വേഷമാകുന്ന അവളുടെ പല്ലുകള്‍ ജ്ഞാനത്തെ ചതച്ചരയ്ക്കുന്നു. ബുദ്ധി ശക്തിയെ അവളുടെ തമസ്സുകൊണ്ട് ആവരണം ചെയ്യുന്നു. അവളുടെ വദനഗഹ്വരത്തില്‍ പതിച്ചവര്‍ മോഹത്തിന്‍റേയും അജ്ഞതയുടേയും കയത്തില്‍ മുങ്ങിമരിക്കുന്നു. ജ്ഞാനത്തിന്‍റെ സഹായഹസ്തങ്ങള്‍ അവര്‍ക്ക് ലഭ്യമാവുകയില്ല. തന്നെയുമല്ല, അവര്‍ എവിടെ കിടന്നുവെന്നുപോലും ആര്‍ക്കും അറിവുണ്ടാവില്ല. ഈ വിഡ്ഢികളെപ്പറ്റി കൂടുതല്‍ വര്‍ണ്ണിക്കുന്നതു കൊണ്ട് എന്താണു പ്രയോജനം. തൊണ്ടവരളുകയേ ഉളളൂ.
ഭഗവാന്‍ പറഞ്ഞതിനോടു പാണ്ഡുപുത്രന്‍ അനുകൂലിച്ചു. അപ്പോള്‍ ഭഗവാന്‍ പറഞ്ഞു.
മഹാത്മാക്കളുടെ കഥ കോട്ടോളൂ. അതു പറയുന്നതുതന്നെ ആനന്ദകരമാണ്.