ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 13

മഹാത്മാനസ്തു മാം പാര്‍ത്ഥ
ദൈവീം പ്രകൃതിമാശ്രിതാഃ
ഭജന്തനന്യമനസോ
ജ്ഞാത്വാ ഭൂതാദിമവ്യയം.

അല്ലയോ അര്‍ജ്ജുന, മഹാത്മാക്കളായിട്ടുളളവര്‍ സാത്ത്വിക പ്രകൃതിയെ ആശ്രയിച്ച് അന്യവസ്തുക്കളില്‍ മനസ്സു വെയ്ക്കാത്തവരായി, എല്ലാറ്റിന്‍റെയും പ്രഭവസ്ഥാനമായും നാശമില്ലാത്തവനുമായുമിരിക്കുന്ന എന്നെത്തന്നെ ഭജിക്കുന്നു.

പരിശുദ്ധമായ ഹൃദയത്തോടുകൂടിയ എന്‍റെ ഭക്തന്മാരാണ് ഈ മഹാത്മാക്കള്‍. പവിത്രമായ അവരുടെ ഹൃദയത്തില്‍ സ്ഥിരമായി ഞാന്‍ വസിക്കുന്നു. ഉറക്കത്തില്‍പോലും നിസംഗത്വം അവരോടൊപ്പമുണ്ട്. ബ്രഹ്മപ്രാപ്തിക്കിവേണ്ടിയുളള അവരുടെ തീവ്രമായ ചിന്തകളിലും ആഗ്രഹങ്ങളിലും ഉടനീളം ആദ്ധ്യാത്മികത തലയുയര്‍ത്തി നില്‍ക്കുന്നു. അവരുടെ മനസ്സ് വിവേചനാപരമായ വിജ്ഞാനത്തെ സദാ പരിപോഷിപ്പിക്കുന്നു. വിജ്ഞാനഗംഗയില്‍ സ്നാനം ചെയ്തു പരിശുദ്ധിനേടിയ അവര്‍ പരിപൂര്‍ണ്ണതയാകുന്ന ആഹാരം കൊണ്ടു സംതൃപ്തരാണ്. അവരില്‍ കൂടി നിത്യ ശാന്തിയാകുന്ന വൃക്ഷത്തിന്‍റെ പച്ചിലത്തഴപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു. പരം പൊരുളില്‍ നിന്നു പൊട്ടിവിരിഞ്ഞ പുഷ്പസഞ്ചയനം പോലെ അവര്‍ കാണപ്പെടുന്നു. അവര്‍ ധൈര്യമാകുന്ന നെടുമ്പുരയുടെ താങ്ങുകളാണ്. ആനന്ദസാഗരത്തില്‍ മുക്കിയെടുത്ത നിറഞ്ഞുതുളുമ്പുന്ന കുംഭങ്ങളാണ്. ഈശ്വരപ്രേമം കൊണ്ടുളള അവരുടെ ചിത്തഹര്‍ഷം മോചനത്തെപ്പോലും നിസ്സാരമെന്നു കരുതി അവര്‍ തിരസ്ക്കരിക്കുന്നു. അവരുടെ എല്ലാ പ്രവര്‍ത്തനങ്ങളിലും ധാര്‍മ്മികാദര്‍ശം പ്രത്യക്ഷമായി കാണാം. അവരുടെ ഇന്ദ്രിയങ്ങള്‍ സംയമനമാകുന്ന ആഭരണങ്ങള്‍കൊണ്ട് അലങ്കരിച്ചവയാണ്. അവരുടെ ചിത്തം സര്‍വവ്യാപിയായ എന്നെ പൊതിഞ്ഞിരിക്കുന്ന ഒരു പുറങ്കുപ്പായമാണ്. ഇപ്രകാരം ദൈവികമായ വരപ്രസാദം സിദ്ധിച്ച് ഉന്നതാത്മാക്കളായവര്‍ എന്‍റെ ദിവ്യസ്വരൂപത്തെ പൂര്‍ണ്ണമായി മനസ്സിലാക്കി ദ്വന്ദ്വഭാവത്തിന്‍റെ സ്പര്‍ശം പോലും ഏല്ക്കാതെ സ്നേഹനിര്‍ഭരമായ ഭക്തിയോടെ എന്നെ ആരാധിക്കുന്നു. അങ്ങനെ ഞാനുമായി താദാത്മ്യം പ്രാപിച്ചവര്‍ എന്നെ സേവിക്കുന്നു. അവരുടെ ഭക്തിവൈശിഷ്ട്യത്തെപ്പറ്റി ഞാന്‍ പറയാം കേള്‍ക്കുക.