പരമാത്മാവായ ഞാന്‍ തന്നെയാണ് എല്ലാം (ജ്ഞാ.9.16 – 17)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 16,17
അഹം ക്രതുരഹം യജ്ഞഃ
സ്വധാഹമഹമൗഷധം
മന്ത്രോഽഹമഹമേവാജ്യം
അഹമഗ്നിരഹം ഹുതം.പിതാഹമസ്യ ജഗതോ
മാതാ ധാതാ പിതാമഹഃ
വേദ്യം പവിത്രമോങ്കാരഃ
ഋക്സാമ യജുരേവ ച
പശുഹിംസയോടുകൂടിയ യാഗം പരമാത്മാവായ ഞാന്‍ തന്നെയാണ്. പശുഹിംസ ഇല്ലാത്തവയും ഞാന്‍ തന്നെ. പിതൃക്കള്‍ക്കായി ചെയ്യുന്ന കര്‍മ്മങ്ങളും ഞാന്‍ തന്നെ. യജ്ഞങ്ങളില്‍ ഉപയോഗിക്കുന്ന ഔഷധിപ്രധാനമായ അന്നവും ഞാന്‍ തന്നെ. യജ്ഞങ്ങളിലേയും മറ്റും മന്ത്രവും ഞാന്‍ തന്നെ. ഹോമദ്രവ്യവും ഞാന്‍ തന്നെ. അഗ്നിയും ഞാന്‍ തന്നെ. ഹോമിക്കുക എന്ന കര്‍മ്മവും ഞാന്‍ തന്നെ.
ഈ ജഗത്തിനു മാതാവും ധാതാവും കര്‍മ്മഫലത്തെ കൊടുക്കുന്നവനും അറിയപ്പെടേണ്ട വസ്തുവും പരിശുദ്ധവസ്തുവും പ്രണവവും ഋഗ്വേദവും സാമവേദവും യജുര്‍വേദവും ഞാന്‍ തന്നെയാകുന്നു.
ഒരുവനില്‍ ജ്ഞാനം ഉദിക്കുമ്പോള്‍ ഞാന്‍ വേദമാണെന്നും അതില്‍ ഇള്‍ക്കൊളളിച്ചിരിക്കുന്ന ആരാധനാക്രമങ്ങള്‍ ഞാന്‍ തന്നെയാണെന്നും അവന് അനുഭവപ്പെടുന്നു. അല്ലയോ പാണ്ധുപുത്രാ, നിര്‍ദ്ദിഷ്ടമായ ആരാധനാക്രമങ്ങള്‍കൊണ്ട് നടത്തുന്ന യജ്ഞവും ഞാന്‍തന്നെയാണ്. ദൈവങ്ങള്‍ക്കും പുതൃക്കള്‍ക്കും നല്‍കുന്ന നിവേദ്യവും ഞാന്‍ തന്നെയാണ്. സോമനീരും മറ്റു ചെടികളുടെ നീരും ഞാന്‍തന്നെയാണ്. നെയ്യും വിറകും വേദമന്ത്രങ്ങളും ഞാന്‍ തന്നെയാണ്. ഞാന്‍ തന്നെയാണ് യാജകനും ഹവിസ്സും യാഗാഗ്നിയും യാഗത്തിനുവേണ്ട മറ്റെല്ലാ സാധനങ്ങളും.
ഞാന്‍ വിശ്വത്തിന്‍റെ പിതാവാണ്. എന്നില്‍ നിന്നു പ്രചോദനം ലഭിച്ചിട്ട് എട്ടു വിധമായി പിരുയുന്ന എന്‍റെ അപരപ്രകൃതി പ്രപഞ്ചത്തിനെ സൃഷ്ടിക്കുന്നു. അര്‍ദ്ധനാരീശ്വരരൂപത്തിലുളള ശിവന്‍ പുരുഷന്‍റേയും സ്ത്രീയുടേയും ലീലകള്‍ ആടുന്നതുപോലെ ഞാന്‍ എല്ലാ ചരാചരങ്ങളുടേയും മാതാവാണ്. ഈ പ്രപഞ്ചം ജനിയ്ക്കുന്നതും വികസിക്കുന്നതും എന്നിലല്ലാതെ മറ്റൊന്നിലുമല്ല. ഞാന്‍ അതിനെ നിലനിര്‍ത്തുന്നു. സൃഷ്ടിയുടെ അടിസ്ഥാനഘടകങ്ങളായ പ്രകൃതിയും പുരുഷനും എന്‍റെ ഇച്ഛയില്‍ നിന്നു സൃഷ്ടിക്കപ്പെട്ടിട്ടുളളതായതുകൊണ്ട് ഞാന്‍ പ്രപഞ്ചത്തിന്‍റെ പിതാമഹനാണ്. ജ്ഞാനത്തിന്‍റെ എല്ലാ വഴികളും എത്തിച്ചേരുന്നത് ഞാനാകുന്ന ബിന്ദുവിലാണ്. അല്ലയോ അര്‍ജ്ജുനാ, ‘അറിഞ്ഞിരിക്കേണ്ട ഒരുവന്‍’ എന്നു വേദങ്ങളില്‍ പറയുന്നില്ലെ, അത് എന്നെപ്പറ്റിയാണ്. എല്ലാ ദര്‍ശനങ്ങളും ഏകീഭവിക്കുന്ന പുണ്യസ്ഥലം ഞാനാണ്. എല്ലാ തത്ത്വചിന്തകളും അവിടെ പൊരുത്തപ്പെടുകയും എല്ലാ ജ്ഞാനവും അതേ സ്ഥാനത്ത് ഒരുമിച്ചുകൂടുകയും ചെയ്യുന്നു. ബ്രഹ്മത്തില്‍ നിന്നും ഉത്ഭുതമായ, ബ്രഹ്മപ്രതീകമായ മൗലികനാദം, ഓങ്കാരം ഞാനാണ്. പവിത്രമായ ഓങ്കാരമെന്ന പ്രണവമന്ത്രത്തിന്‍റെ ജഠരത്തില്‍ നിന്നു നിര്‍ഗളിച്ച അ, ഉ, മ് എന്ന അക്ഷരത്രയങ്ങളും ഞാനാണ്. ഈ മൂന്നക്ഷരങ്ങളുടേയും ആവിര്‍ഭാവത്തോടുകൂടി ഋക്, യജുസ്, സാമം എന്നീ മൂന്നുവേദങ്ങളും അതില്‍കൂടി വെളിവാക്കപ്പെട്ടിരിക്കുന്ന എല്ലാ അദ്ധ്യാത്മജ്ഞാന സ്രോതസ്സും ഞാനാണ്.