ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 19
-jnaneswari-9-19
തപാമൃഹമഹം വര്‍ഷം
നിഗൃഹ്ണാമ്യുത്സൃജാമി ച
അമൃതം ചൈവ മൃത്യുശ്ച
സദസച്ചാഹമര്‍ജ്ജ്ജുന.
ഹേ അര്‍ജ്ജുന! തേജോരൂപം കൈക്കൊണ്ട് ജഗത്തിനു ചൂടു നല്‍കുന്നതു ഞാന്‍ തന്നെ. മേഘമായി വര്‍ഷിക്കുന്നതും വര്‍ഷത്തെ നിരോധിക്കുന്നതും ഞാന്‍ തന്നെ. അമൃതും മൃത്യുവും സത്തും അസത്തും ഞാന്‍ തന്നെയാകുന്നു.
ഞാന്‍ സൂര്യനായി കിരണങ്ങളെ പ്രസരിക്കുമ്പോള്‍ വിശ്വം വറ്റി വളരുന്നു. ഇന്ദ്രനായി മഴപ്പെയ്യിക്കുമ്പോള്‍ അതു കുളിര്‍ന്നു തളിര്‍ക്കുന്നു. അഗ്നി വിറകിനെ ആഹരിക്കുമ്പോള്‍ വിറക് അഗ്നിയായി തീരുന്നു. അങ്ങനെ മരിച്ച വിറകും കൊന്ന അഗ്നിയും സത്യത്തില്‍ എന്‍റെ സ്വുരൂപങ്ങള്‍ തന്നെയാണ്. ലോകത്തുളള മൃത്യുവശഗമായതെല്ലാം എന്‍റെ രൂപങ്ങള്‍ തന്നെയാണ്. അമര്‍ത്ത്യമായതെല്ലാം എന്‍റെ പൊരുള്‍ മാത്രമാണ്. അതിവിസ്താരമല്ലാതെ ചുരുക്കിപ്പറഞ്ഞാല്‍ പ്രകടിതമായതും അപ്രകടിതമായതും ഞാന്‍ തന്നെയാണ്. ആകയാല്‍ അര്‍ജ്ജുന, എന്‍റെ സാന്നിദ്ധ്യം ഇല്ലാത്ത ഏതെങ്കിലും ഇടമുണ്ടോ? ജീവജാലങ്ങള്‍ ദൗര്‍ഭാഗ്യം കൊണ്ട് എന്നെ കാണാതിരിക്കുന്നത് അനുകമ്പാര്‍ഹമാണ്. ഞാന്‍ എല്ലാറ്റിന്‍റേയും അകത്തും പുറത്തും നിറഞ്ഞിരിക്കുന്നു. പ്രപഞ്ചം മുഴുവനും എന്‍റെ രൂപത്തില്‍ വാര്‍ത്തെടുത്തിരിക്കുന്നു. എന്നിട്ടും എന്നെ കാണാന്‍ കഴിയില്ലെന്നു പറയുന്ന ഇവരുടെ വിധിവിഹിതം, വെളളമില്ലാതെ തിരമാല വരണ്ടു പോകുന്നെന്നും വിളക്കില്ലാത്തതുകൊണ്ട് സൂര്യനെ കാണാന്‍ കഴിയില്ലെന്നും പറയുന്നതുപൊലെയാണ്. വിധി എത്രമാത്രം ക്രൂരമായിട്ടാണ് ഇവരോടു പെരുമാറുന്നത്. ഇതെത്ര വിചിത്രമായിരിക്കുന്നു. അമൃതിന്‍റെ കിണറ്റിലേക്കു വീണ ഒരുവന്‍ അതില്‍ നിന്നു കരകയറാന്‍ ശ്രമിക്കുന്നത് അവന്‍റെ ദൗര്‍ഭാഗ്യം കൊണ്ടു മാത്രമാണ്. ആഹാരം തേടി നടക്കുന്ന ഒരന്ധന്‍ സ്പര്‍ശമണിയിന്മേല്‍ തട്ടിമറിഞ്ഞു വീഴുമ്പോള്‍ അവന്‍റെ അന്ധതകൊണ്ട് അതിനെ തൊഴിച്ചകറ്റുന്നു. യഥാര്‍ത്ഥ ജ്ഞാനം ഉപേക്ഷിക്കുന്നവരുടെ സ്ഥിതി ഇപ്രകാരമാണ്. വിജ്ഞാനമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ പ്രവര്‍ത്തികളും വ്യര്‍ത്ഥമാണ്. ഗരുഡന്‍റെ ചിറക് അന്ധനായ ഒരുവന് ലഭിച്ചിട്ട് എന്താണ് പ്രയോജനം? അതുപോലെ സല്‍പ്രവൃത്തികളാണെങ്കില്‍ പോലും അവ ഉള്‍ക്കാഴ്ചയും ജ്ഞാനവും ഇല്ലാതെ പ്രവര്‍ത്തിക്കാന്‍ ഇടയായാല്‍ നിരര്‍ത്ഥകമായ നഷ്ടപ്രയത്നങ്ങളായിത്തീരും.