ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 20
ത്രൈവിദ്യാ മാം സോമപാഃ പൂതപാപാഃ
യജ്ഞൈരിഷ്ട്വാ സ്വര്‍ഗ്ഗതിം പ്രാര്‍ത്ഥയന്തേ
തേ പുണ്യമാസാദ്യ സുരേന്ദ്രലോകം
അശ്നന്തി ദിവാന്‍ ദിവി ദേവഭോഗാന്‍.
ഋക്ക്, യജുസ്സ്, സാമം എന്ന മൂന്നു വേദങ്ങളെ അറിയുന്നവര്‍ വേദത്രയവിഹിതങ്ങളായ യജ്ഞങ്ങളെക്കൊണ്ട് എന്നെ പൂജിച്ചിട്ട് യജ്ഞശേഷമുളള സോമത്തെ പാനം ചെയ്ത് ഇഹലോകപാപങ്ങള്‍ ക്ഷയിപ്പിച്ച് സ്വര്‍ഗ്ഗപ്രാപ്തിക്കായി പ്രാര്‍ത്ഥിക്കുന്നു. അവര്‍ പുണ്യഫലമായ സ്വര്‍ഗ്ഗലോകത്തെ പ്രാപിച്ച് അവിടെ ഉന്നതമായ ദേവഭോഗങ്ങളെ അനുഭവിക്കുന്നു.
അല്ലയോ അര്‍ജ്ജുന, വേദപണ്ധിതന്മാര്‍ ജീവിതത്തിന്‍റെ ഓരോ കാലഘട്ടത്തിലും ചെയ്യേണ്ട വിഹിതകര്‍മ്മങ്ങള്‍ ആചരിച്ച് ആചാരക്രമങ്ങളുടെ ആചരണത്തിനു മാതൃകയായിത്തീരുന്നു. അവര്‍ അനായാസമായി യജ്ഞങ്ങള്‍ ചെയ്യുമ്പോള്‍ വേദങ്ങള്‍ സശിരഃകമ്പം അത് അംഗീകരിക്കുകയും, ആചാരസംഹിതതന്നെ യാഗഫലവുമായി അവരുടെ മുമ്പാകെ വന്നു നില്‍ക്കുകയും ചെയ്യുന്നു. സോമരസം പാനം ചെയ്യുന്ന ആത്മാര്‍പ്പണം ചെയ്തിട്ടുളള ഈ യാജകര്‍ യജ്ഞത്തിന്‍റെ അവതാരങ്ങളായി തീര്‍ന്നിരിക്കുന്നു. എന്നാല്‍ പുണ്യമാണെന്നു തെറ്റിദ്ധരിച്ച് അവര്‍ നേടിയെടുക്കുന്നത് പാപമാണ്. എന്തുകൊണ്ടെന്നാല്‍, മൂന്നു വേദങ്ങളും പഠിച്ച് നൂറുകണക്കിനു യജ്ഞങ്ങള്‍ നടത്തിയിട്ടുളള ഇവര്‍ എല്ലാ യജ്ഞങ്ങളുടേയും ലക്ഷ്യമായ എന്നെ വിസ്മരിച്ചിട്ട് സ്വര്‍ഗ്ഗത്തെ കൂടുതല്‍ ഇഷ്ടപ്പെടുന്നു. കല്പതരുവിന്‍റെ കീഴിലിരിക്കുന്ന ഒരുവന്‍ ഭാണ്ധം തയ്യാറാക്കി ഭിക്ഷയാചിക്കാന്‍ പോകുന്നതുപോലെയാണിത്. നൂറ് യജ്ഞങ്ങള്‍ ചെയ്ത് എന്നെ ആരാധിച്ചുകൊണ്ട് അവര്‍ ആഗ്രഹിക്കുന്നത് സ്വര്‍ഗ്ഗീയ സുഖങ്ങളെയാണ്. തന്മൂലം അവര്‍ യഥാര്‍ത്ഥത്തില്‍ സ്വരൂപിക്കുന്നത് പുണ്യത്തേക്കാള്‍ പാപത്തെയല്ലെ? ആകയാല്‍ എന്നെ കൂടാതെ സ്വര്‍ഗ്ഗീയ സുഖം കൈവരിക്കുകയെന്നുളളത് അജ്ഞന്മാരുടെ പുണ്യാത്മക പ്രവര്‍ത്തനങ്ങളുടെ വഴിയാണ്. എന്നാല്‍ വിജ്ഞാനികള്‍ അതിനെ കഷ്ടപ്പാടിന്‍റേയും നാശത്തിന്‍റേയും വഴിയായിട്ടാണ് കാണുന്നത്. നരകവുമായി തുലനം ചെയ്ത് നോക്കുമ്പോള്‍ സ്വര്‍ഗ്ഗം ആനന്ദത്തിന്‍റെ ആസ്ഥാനമായി തോന്നിയേക്കാം. എന്നാല്‍ കുറ്റമറ്റ ശാശ്വതമായ പരമാനന്ദത്തെ എന്‍റെ ദിവ്യമായ പൊരുള്‍ മാത്രമാണ് നല്കുന്നത്. എന്‍റെ പരമാനന്ദഗേഹത്തിലേക്കുളള യാത്രാമദ്ധ്യേ രണ്ട് ഉപമാര്‍ഗ്ഗങ്ങള്‍ കാണാം. ഇതു കൊളളക്കാര്‍ വസിക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്നതുമായ വഴികളാണ്. ഇതില്‍ ഒന്നു സ്വര്‍ഗ്ഗത്തിലേക്കും മറ്റേതു നരകത്തിലേക്കും നയിക്കുന്നു. സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്യുന്നത് പുണ്യമാണെന്നു തെറ്റിദ്ധരിക്കുന്ന പാപത്തിന്‍റെ വഴിയില്‍ കൂടിയാണ്. എന്നാല്‍ യഥാര്‍ത്ഥമായ പുണ്യത്തിന്‍റെ വഴിയില്‍കൂടി മാത്രമേ ഒരുവന്‍റെ ആത്മാവിന് എന്നെ പ്രാപിക്കാന്‍ സാദ്ധ്യമാവുകയുളളു. അല്ലയോ അര്‍ജ്ജുന, എല്ലാ ജീവികളും എന്നില്‍ തന്നെ രൂഢമൂലമായി വസിക്കുമ്പോള്‍ എന്‍റെ ദിവ്യസ്വരൂപത്തില്‍ നിന്നും തെറ്റിമാറിപ്പോകത്തക്ക വണ്ണമുളള പ്രവര്‍ത്തനങ്ങളെ പുണ്യകരങ്ങളാണെന്നു പറഞ്ഞ് പ്രശംസിക്കുന്ന പ്രവണത എത്രമാത്രം ജുഗുപ്സാവഹമാണ്? അപ്രകാരം പ്രശംസ ചൊരിയുന്ന ജിഹ്വ എന്തുകൊണ്ട് അടര്‍ന്നു വീഴുന്നില്ല?
അതെല്ലാം പോകട്ടെ. നമുക്കു പ്രധാന പ്രശ്നത്തിലേക്കു തിരിയാം. യജ്ഞങ്ങള്‍ നടത്തി എന്നെ ആരാധിക്കുന്ന ഈ യാജകര്‍ സ്വര്‍ഗീയസുഖത്തെ തേടുന്നവരാണ്. ഈ അനുഷ്ഠാനങ്ങള്‍ വഴി അവര്‍ക്കു ലഭിക്കുന്ന പുണ്യം യഥാര്‍ത്ഥത്തില്‍ പാപമാണ്. തന്മൂലം എന്നെ പ്രാപിക്കാന്‍ കഴിയാതെ അവര്‍ സ്വര്‍ഗ്ഗത്തിലെത്തിച്ചേരുന്നു. അവിടെ അമരത്വമാണ് അവരുടെ സിംഹാസനം. അവര്‍ ഐരാവതമെന്ന നാല്‍ക്കൊമ്പനാനപ്പുറത്തു കയറി അമരാവതിയെന്ന ദേവരാജധാനിയില്‍ വിഹരിക്കുന്നു. അഷ്ടസിദ്ധികളുടെ ഭണ്ധാരം അവരുടെ മുന്നില്‍ തുറക്കപ്പെടുന്നു. അമൃതകുംഭങ്ങള്‍ അവര്‍ക്ക് യഥേഷ്ടം ലഭിക്കുന്നു. ദേവതമാര്‍ അവരെ സേവിക്കാന്‍ തയ്യാറായി നില്‍ക്കുന്നു. വീഥികളിലെല്ലാം സ്പര്‍ശമണികള്‍ പാകിയിരിക്കുന്നു. ഉദ്യാനങ്ങളിലെല്ലാം വളര്‍ന്നു നില്‍ക്കുന്നത് കല്പതരുക്കളാണ്. ആലകളിലെല്ലാം കാമധേനുക്കളുടെ കൂട്ടമാണ്. കാമധേനുവും കല്പതരുവും സ്പര്‍ശമണിയും അവരുടെ ഏതാഗ്രഹങ്ങളും സാധിച്ചുകൊടുക്കുന്നതിനു പ്രാപ്തിയുളളവയാണ്. അവിടെ ഗന്ധര്‍വന്മാര്‍ ഗാനങ്ങള്‍ ആലപിക്കുന്നു. രംഭ തുടങ്ങിയ ദേവനര്‍ത്തകികള്‍ നൃത്തം വെയ്ക്കുന്നു. ഉര്‍വശിയുടെ നേതൃത്വത്തില്‍ അപ്സരസ്ത്രീകള്‍ അവരെ ആനന്ദിപ്പിക്കുന്നു. കാമദേവന്‍ അവരുടെ കിടപ്പറയില്‍ ഉപചാരപൂര്‍വം കാത്തു നില്ക്കുന്നു. താരാനാഥന്‍ വെളളം തളിക്കുന്നു. വായുവേഗത്തിലുളള സന്ദേശവാഹകര്‍ ആജ്ഞ നിര്‍വഹിക്കാന്‍ കാതോര്‍ത്തു നില്ക്കുന്നു. ദേവഗുരുവായ ബൃഹസ്പതിയുടെ നേതൃത്വത്തിലുളള പൂജാരിവൃന്ദങ്ങള്‍ മന്ത്രങ്ങള്‍ ഉരുവിട്ട് അനുഗ്രഹങ്ങള്‍ ചൊരിയുന്നു. സുരഗണങ്ങള്‍ സ്തുതി പാഠകരായി പ്രശംസാര്‍പ്പണം നടത്തുന്നു. കോപ്പണിയിച്ച് അലങ്കരിച്ച ഉച്ചൈശ്രവസ്സിനോടൊപ്പം അശ്വാരൂഢരായ ഭൂമിയിലെ രാജാക്കന്മാര്‍ അവരെ എപ്പോഴും അകമ്പടി സേവിക്കുന്നു. എന്തിനേറെ പറയുന്നു. അവരുടെ പുണ്യസഞ്ചയം നിലനില്ക്കുന്നിടത്തോളം അവര്‍ ഇന്ദ്രനെപ്പോലെ എല്ലാ സുഖങ്ങളും അനുഭവിക്കുന്നു.