ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 22

അനന്യാശ്ചിന്തയന്തോ മാം
യേ ജനാഃ പര്യുപാസതേ
തേഷാം നിത്യാഭിയുക്താനാം
യോഗക്ഷേമം വഹാമ്യഹം.

ആരൊക്കെയാണോ അല്പംപോലും അന്യമനസ്കരാകാതെ പരമാത്മാവായ എന്നെത്തന്നെ സ്മരിച്ച് ഇടവിടാതെ ഭജിക്കുന്നത്, ആ ഏകാന്തഭക്തന്മാരുടെ ലൗകികവും ആദ്ധ്യാത്മികവുമായ എല്ലാ ക്ഷേമവും ഞാന്‍ കാത്തുസൂക്ഷിക്കുന്നു.

ഒരു ഗര്‍ഭസ്ഥശിശു യാതൊരു പ്രയത്നവും കൂടാതെ ഗര്‍ഭപാത്രത്തില്‍ സ്ഥിതി ചെയ്യുന്നതു പോലെ, ഹൃദയവും മനസ്സും പൂര്‍ണ്ണമായും എന്നില്‍ സമര്‍പ്പിച്ചു ജീവിക്കുന്ന ആളുകളുണ്ട്. അവര്‍ക്ക് എന്നെക്കാള്‍ പ്രിയങ്കരമായി മറ്റൊന്നുമില്ല. അവര്‍ അവരുടെ ജീവിതം മുഴുവനും എനിക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. എന്നെ മാത്രം പ്രേമിക്കുകയും ഏകാഗ്രമായ ഭക്തിയോടുകൂടി എന്നെ എപ്പോഴും സ്മരിക്കുകയും ചെയ്യുന്ന അവരുടെ വിനീത ദാസനാണു ഞാന്‍. എന്നെ ഉപാസിക്കുന്ന അവരെ സ്വമനസ്സാലെ ഞാന്‍ സേവിക്കുന്നു. അവര്‍ എന്‍റെ പൊരുളിനോട് ഐക്യം പ്രാപിക്കുകയും എന്നോടുളള ഭക്തി മാര്‍ഗ്ഗത്തില്‍ ജീവിക്കുകയും ചെയ്യുന്ന നിമിഷം മുതല്‍ അവരുടെ ക്ലേശവും ആധിയും എന്‍റേതായിത്തീരുന്നു. ഒരു തളളപ്പക്ഷി ചിറകു മുളയ്ക്കാത്ത തന്‍റെ കുഞ്ഞുങ്ങള്‍ക്കു വേണ്ടി ജീവിക്കുന്നതുപോലെ അവരുടെ കര്‍ത്തവ്യവും ചുമതലയും എന്‍റെ കര്‍ത്തവ്യവും ചുമതലയുമായിത്തീരുന്നു. ഒരമ്മ തന്‍റെ സുഖസൗകര്യങ്ങളെ അവഗണിച്ചുപോലും തന്‍റെ കുഞ്ഞുങ്ങള്‍ക്കുവേണ്ടി പ്രയത്നിക്കുന്നതുപോലെ എന്നില്‍ ജീവിതം അര്‍പ്പിച്ചിട്ടുളളവര്‍ക്കു വേണ്ടതെല്ലാം ഞാന്‍ ചെയ്തുകൊടുക്കുന്നു. ഞാനുമായി താദാത്മ്യം പ്രാപിക്കണമെന്ന് ആഗ്രഹിക്കുന്നവരുടെ ആഗ്രഹം തൃപ്തികരമായി ഞാന്‍ നിറവേറ്റിക്കൊടുക്കുന്നു. എന്നെ സേവിക്കണമെന്ന് ആഗ്രഹിക്കുന്നവരെ ഞാന്‍ ദിവ്യവും കരുണാമസൃണവുമായ സ്നേഹം നല്കി അനുഗ്രഹിക്കുന്നു. ഇപ്രകാരം അവരുടെ ആഗ്രഹങ്ങളെല്ലാം ഞാന്‍ നിറവേറ്റിക്കൊടുക്കുകയും അവര്‍ക്കുളളതിനെയെല്ലാം പരിത്രാണം ചെയ്യുകയും ചെയ്യുന്നു. എന്നെ ശരണം പ്രാപിച്ചിട്ടുളളവരുടെ ക്ഷേമം കാത്തുസൂക്ഷിക്കുന്നത് എനിക്ക് പ്രത്യേകം താല്പര്യമുളള കാര്യമാണ്.