ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 24

അഹം ഹി സര്‍വ്വയജ്ഞാനാം
ഭോക്താ ച പ്രഭുരേവ ച
ന തു മാമഭിജാനന്തി
തത്ത്വേനാതശ്ച്യവന്തി തേ.

സകലയജ്ഞങ്ങളുടേയും സ്വീകര്‍ത്താവും ഫലദാതാവും ഞാന്‍ തന്നെയാകുന്നു. അങ്ങനെയിരിക്കുന്ന എന്നെ യഥാര്‍ത്ഥമായി അവര്‍ അറിയുന്നില്ല. അതു നിമിത്തം എന്നെ പ്രാപിക്കാതെ സംസാരസാഗരത്തിലേക്ക് അവര്‍ വീണ്ടും വീണ്ടും വഴുതി വീഴാനിടയാകുന്നു.

മറ്റു ദേവതകള്‍ അര്‍പ്പിക്കുന്ന എല്ലാ വിധത്തിലുമുളള യജ്ഞാര്‍പ്പണങ്ങള്‍ മറ്റാരിലും എത്താതെ പരമ സ്വീകര്‍ത്താവായ എന്നില്‍ മാത്രമാണ് വന്നുചേരുന്നതെന്ന് നല്ലതുപോലെ മനസ്സിലാക്കുക. എല്ലാ യജ്ഞങ്ങളുടേയും ആരംഭവും അവസാനവും ഞാന്‍ തന്നെയാണ്. എന്നിട്ടും വിവേകശൂന്യരായ ആളുകള്‍ എന്നെ വിസ്മരിച്ചിട്ട് മറ്റു ദേവന്മാരെ ഉപാസിക്കുന്നു. ഗംഗയിലെ പരിശുദ്ധജലം ദേവന്മാര്‍ക്കും പിതൃക്കള്‍ക്കുമായി തര്‍പ്പണം ചെയ്യുന്നുവെന്ന സങ്കല്‍പത്തോടെ ഗംഗയിലേക്കു തന്നെയല്ലെ വീണ്ടും ഒഴിക്കുന്നത്? അതുപോലെ എനിക്കുളളത് എനിക്കുതന്നെ അവര്‍ നല്‍ക്കുകയാണെങ്കിലും അതു വിവിധ രീതിയിലുളള വിശ്വാസത്തില്‍ കൂടിയാണ്. തന്മൂലം, അല്ലയോ അര്‍ജ്ജുന, അവര്‍ എന്നെ പ്രാപിക്കുന്നതേയില്ല. അവര്‍ വിശ്വാസം അര്‍പ്പിച്ചിട്ടുളള ദേവന്മാരുടെ അടുത്തെത്തിച്ചേരുന്നു.