ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 25

യാന്തി ദേവവ്രതാ ദേവാന്‍
പിത്യൂന്‍ യാന്തി പിതൃവ്രതാഃ
ഭൂതാനി യാന്തി ഭൂതേജ്യാ
യാന്തി മദ്യാജിനോ ƒപി മാം.

ദേവതകളെ ഉദ്ദേശിച്ച് വ്രതാനുഷ്ഠാനം നടത്തുന്നവര്‍ ദേവന്മാരെ പ്രാപിക്കുന്നു. പിതൃക്കളെ ഉദ്ദേശിച്ച് വ്രതങ്ങളെ അനുഷ്ഠിക്കുന്നവര്‍ പിതൃക്കളേയും വിനായകാദി ഭൂതങ്ങളെ പൂജിക്കുന്നവര്‍ ഭൂതങ്ങളേയും പ്രാപിക്കുന്നു. എന്നാല്‍ അക്ഷയനായും പരമാനന്ദസ്വരൂപനായുമിരിക്കുന്ന എന്നെ പൂജിക്കുന്നവര്‍ എന്നെ പ്രാപിക്കുന്നു.

മനസ്സുകൊണ്ടും വാക്കുകൊണ്ടും പ്രവൃത്തികൊണ്ടും സമര്‍പ്പണം നടത്തി ഓരോ ദേവന്മാരെ ഉപാസിക്കുന്നവര്‍ മരണശേഷം അതതു ദേവന്മാരുമായി ഐക്യം പ്രാപിക്കുന്നു. പിതൃക്കള്‍ക്കു വേണ്ടി വിശ്വാസപൂര്‍വ്വം അനുഷ്ഠാനങ്ങള്‍ നടത്തുന്നവരും മരണശേഷം അതതു പിതൃക്കളുടെ അവസ്ഥയില്‍ എത്തിച്ചേരുന്നു. ഐന്ദ്രജാലികമായ വശീകരണ ശക്തി ലഭിക്കണമെന്നുളള ആഗ്രഹത്തോടെ, ശ്രേഷ്ഠന്മാരായ ദേവന്മാരാണെന്നു കരുതി ഉപദേവന്മാരേയും പ്രേതാത്മാക്കളേയും ആരാധിക്കുന്നവര്‍ ശരീരം നശിക്കുമ്പോള്‍ അക്കൂട്ടരുമായി ചേരുന്നു. ഇപ്രകാരം അവരുടെ പ്രവര്‍ത്തികള്‍ അവരുടെ ആഗ്രഹങ്ങള്‍ക്ക് അനുസൃതമായ ഫലം നല്‍ക്കുന്നു. എന്‍റെ ഭക്തന്മാര്‍ അവരുടെ നേത്രങ്ങള്‍ കൊണ്ടുതന്നെ എന്നെ കാണുകയും എന്നെപ്പറ്റിയുളള പ്രശംസകള്‍ കേള്‍ക്കുകയും എന്നെത്തന്നെ മനസ്സില്‍ ധ്യാനിക്കുകയും അവരുടെ നാവുകള്‍ എന്നെപ്പറ്റിയുളള സ്തുതി ഗീതങ്ങള്‍ പാടുകയും ചെയ്യുന്നു. അവര്‍ എന്‍റെ മുന്നില്‍ സാഷ്ടാംഗം പ്രണമിക്കുകയും എനിക്കുവേണ്ടി മാത്രം ദാനധര്‍മ്മങ്ങള്‍ ചെയ്യുകയും ചെയ്യുന്നു. അവരുടെ ജ്ഞാനം എന്നില്‍ കേന്ദ്രീകരിച്ചിരിക്കുന്നു. ബാഹ്യമായും ആഭ്യന്തരമായും അവര്‍ എന്നില്‍ സംതൃപ്തരാണ്. അവരുടെ സമ്പൂര്‍ണ്ണ ജീവിതം എന്നില്‍ സമര്‍പ്പിച്ചിരിക്കുന്നു. അവര്‍ക്കുളള അല്പമായ അഹന്ത എന്‍റെ ദിവ്യമായ മാഹാത്മ്യത്തിനെ കൊണ്ടാടുന്നതിനു വേണ്ടിയുളളതാണ്. ഈ ലോകത്തില്‍ എന്തെങ്കിലും അവര്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അത് എന്നെ അറിയണമെന്നു മാത്രമാണ്. അവരുടെ അത്യാസക്തി എന്നിലുളള അത്യാസക്തി മാത്രമാണ്. എന്നോടുളള സ്നേഹം അവരില്‍ നിറഞ്ഞു തുളുമ്പുകയാണ്. ദിവ്യമായ മതിഭ്രമത്തിന്‍റെ ലഹരിയില്‍പെട്ട് അവര്‍ ലോകത്തെ വിസ്മരിക്കുന്നു. അവര്‍ എന്തു ധര്‍മ്മ ശാസ്ത്രങ്ങള്‍ പഠിച്ചാലും എന്തു മന്ത്രങ്ങള്‍ ഉരുവിട്ടാലും എന്തു കര്‍മ്മങ്ങള്‍ ചെയ്താലും അതെല്ലാം എനിക്കുളള ഭക്തിപൂര്‍വ്വകമായ ദൈവാരാധനയാണ്. നിശ്ചയമായും മരണത്തിനു മുമ്പുത്തന്നെ അവര്‍ ഞാനുമായി ഐക്യം പ്രാപിക്കുന്നു. അപ്പോള്‍പ്പിന്നെ മരണശേഷം അവര്‍ വേറെ എവിടെയാണ് പോവുക?

ബാഹ്യമായ ആചാരക്രമങ്ങള്‍ കോണ്ട് എന്നെ പ്രാപിക്കുക അസാദ്ധ്യമാണ്. അല്ലയോ അര്‍ജ്ജുന, ഉദാരമായ ആത്മസമര്‍പ്പണത്തില്‍ക്കൂടിയല്ലാതെ മറ്റൊരു വിധത്തിലും ആര്‍ക്കും എന്‍റെ ശാശ്വത രൂപത്തിന്‍റെ പരമാനന്ദം അനുഭവിക്കാന്‍ കിയുകയില്ല. എന്നെ അറിയുമെന്നു പറയുന്നവര്‍ എന്നെപ്പറ്റി ഒന്നും അറിയുന്നില്ല. താന്‍ പരിപൂര്‍ണ്ണനാണെന്നു ഡംഭുകാണിക്കുന്നവന്‍ അപൂര്‍ണ്ണനാണ്. തനിക്ക് ആത്മസാക്ഷാത്കാരം ലഭിച്ചുവെന്നു പൊങ്ങച്ചം പറുന്നവന്‍റെ വാക്കുകള്‍ പൊളളയാണ്. അതുപോലെ പരിത്യാഗം, തപോനിഷ്ഠ, ദാനധര്‍മ്മം തുടങ്ങിയ തന്‍റെ യത്നങ്ങളെപ്പറ്റി അഭിമാനജനകമായി സംസാരിക്കുന്നവന്‍റെ സംസാരത്തിന് ഒരു പുല്‍ക്കൊടിയുടെ വിലപോലും കല്പിക്കാനില്ല. ആലോചിച്ചു നോക്കൂ.

വേദങ്ങളെക്കാള്‍ കൂടുതല്‍ വിജ്ഞാനം ഉള്‍ക്കൊളളുന്ന വേറെ എന്തെങ്കിലുമുണ്ടോ? ശേഷനേക്കാള്‍ കൂടുതല്‍ വാചാലതയോടും വൈഭവത്തോടും വചിക്കുന്ന മറ്റാരെങ്കിലുമുണ്ടോ? ആ ശേഷന്‍ പോലും എന്‍റെ ദിവ്യതല്പത്തിന്‍റെ കീഴിലേക്കു ചുരുങ്ങുകയാണ്. ‘ഇതല്ല, ഇതല്ല’ എന്നു പറഞ്ഞുകൊണ്ട് വേദങ്ങള്‍ പിന്‍വാങ്ങുകയാണ്. സനകാദിമുനികള്‍പോലും അന്ധാളിക്കുന്ന താപസവൃത്തിയില്‍ ശൂലപാണിയോടൊപ്പം തല ഉയര്‍ത്തിപ്പിടിക്കാന്‍ കഴിവുളള എതെങ്കിലും തപോധനന്‍ ഉണ്ടോ? ആ പരമശിവന്‍ കൂടി വിനയാന്വിതനായി എന്‍റെ പാദക്ഷാളനം നടത്തിയ പുണ്യജലം തന്‍റെ തലയില്‍ തൂവുന്നു.

ലക്ഷ്മീ ദേവിയേക്കാള്‍ സമ്പന്നയായി ആരെങ്കിലുമുണ്ടോ ? സമൃദ്ധിയുടേയും ഐശ്വര്യത്തിന്‍റേയും അദ്ഭുതശക്തിയുടേയും ദേവതമാര്‍ അവളെ പരിചരിച്ച് അവളുടെ രമ്യഹര്‍മ്മ്യത്തില്‍ കഴിയുന്നു. അവള്‍ നിര്‍മ്മിച്ച കളിവീടുകളാണ് ദേവന്മാരുടെ ഭവനങ്ങളെങ്കില്‍ അതില്‍ വസിക്കുന്ന ഇന്ദ്രനും മറ്റു ദേവന്മാരും അവരുടെ വെറും കളിക്കോപ്പുകളല്ലേ? അപ്രിയം ഉണ്ടാകുമ്പോള്‍ ലക്ഷമീദേവി ഈ കളിവീടുകളെ ഉടച്ചുകളഞ്ഞാല്‍ മഹിതനായ ഇന്ദ്രനും മറ്റു ദേവന്മാരും ഭിക്ഷുക്കളായിത്തീരുകയില്ലെ? ഈ ദേവന്മാര്‍ വീക്ഷിക്കുന്ന വൃക്ഷങ്ങള്‍ ആഗ്രഹസിദ്ധി കൈവരുത്തുന്ന കല്പതരുക്കളായി മാറുന്നു. ഇപ്രകാരം ശക്തകളായ പരിചാരികമാരോടുകൂടിയ ലക്ഷ്മീദേവിക്കുപോലും ഇവിടെ ഉയര്‍ന്ന ബഹുമതി ലഭിക്കുന്നില്ല. അവളുടെ എല്ലാ അഹന്തയും ആഡംബരങ്ങളും ഉപേക്ഷിച്ച് ഹൃദയംഗമമായി എന്നെ സേവിക്കുമ്പോള്‍ മാത്രമേ, എന്‍റെ കാലുകള്‍ കഴുകുന്നതിനുളള ഭാഗ്യം അവള്‍ക്കു സിദ്ധിക്കുന്നുളളു.

അതുകൊണ്ട്, അല്ലയോ അര്‍ജ്ജുന, സ്ഥാനമാനങ്ങള്‍ കൊണ്ടുളള അഹംഭാവം ഉപേക്ഷിക്കുക. ആത്മപ്രശംസയും ആഡംബരവും വലിച്ചെറിയുക. ജ്ഞാനിയാണെന്നുളള വൃഥാഭിമാനം കൈവിടുക. വിനയത്തോടെ എല്ലാവരേയും വണങ്ങുക. വിശ്വത്തിന്‍റെ മുന്നില്‍ വിനയാന്വിതനാകുമ്പോള്‍ നീ എന്നോടു കൂടുതല്‍ അടുക്കുന്നു. സഹസ്രകിരണന്‍റെ മുന്നില്‍ താരാനാഥന്‍ വിളറിവെളുക്കുമ്പോള്‍ മിന്നാമിനുങ്ങ് അതിന്‍റെ ഇറ്റു വെളിച്ചം കാട്ടി ഞെളിയുന്നതെങ്ങനെയാണ്? ലക്ഷ്മീദേവിയുടെ ഔന്നത്യമോ, മഹേശ്വരന്‍റെ കഠിനതപോനിഷ്ഠയോ, നിസ്സാരതയിലേക്കു മങ്ങിമറയുമ്പോള്‍ സാധാരണക്കാരനായ ഒരു മര്‍ത്ത്യന്‍ എങ്ങനെയാണ് എന്‍റെ സാമ്രാജ്യത്തിലേക്ക് പ്രവേശിക്കുക? ആകയാല്‍ ദേഹാഭിമാനം ഉപേക്ഷിച്ച്, നിരര്‍ത്ഥകമായ ധനപ്രമത്തതയെ വലിച്ചെറിഞ്ഞ്, മായാമോഹത്തിന്‍റെ വലയത്തില്‍ നിന്നു മോചിതനായി, സമ്പൂര്‍ണ്ണമായി എന്നെ ശരണം പ്രാപിക്കുന്നവന് മാത്രമേ ഞാനുമായി താദാത്മ്യം പ്രാപിക്കുന്നതിന് അര്‍ഹതയുളളുവെന്ന് മനസ്സിലാക്കിയാലും.