ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 26

പത്രം പുഷ്പം ഫലം തോയം
യോ മേ ഭക്ത്യാ പ്രയച്ഛതി
തദഹം ഭക്ത്യുപഹൃത –
മശ്നാമി പ്രയതാത്മന.

ആരാണോ ശുദ്ധചിത്തനായി നിഷ്കാമമായ ഭക്തിയോടെ എനിക്ക് ഇലയോ പൂവോ കായോ ജലമോ അര്‍പ്പിക്കുന്നത്, ആ പത്രപുഷ്പാദിയെ ഞാന്‍ സന്തോഷപൂര്‍വം സ്വീകരിക്കുന്നു.

എന്‍റെ ഒരു ഭക്തന്‍ നിസ്സീമമായ ആനന്ദത്തോടും സ്നേഹത്തോടും കൂടി ഏതെങ്കിലും വൃക്ഷത്തിന്‍റെ ഫലം എനിക്ക് ഉപഹാരമായി നല്‍കുമ്പോള്‍ ഞാന്‍ അതു രണ്ടുകയ്യും നീട്ടി സ്വീകരിച്ച് അതിന്‍റെ ഞെട്ടുപോലും കളയാതെ ആദരവോടെ ആഹരിക്കുന്നു. പ്രേമത്തിന്‍റേയും ഭക്തിയുടേയും ചിഹ്നമായി ഒരു പുഷ്പമാണ് അവന്‍ തരുന്നതെങ്കില്‍ അതു വാസനിക്കാനുളളതാണെങ്കിലും ഞാന്‍ വായിലിട്ട് ആസ്വദിക്കുന്നു. എന്തിനു പുഷ്പത്തിന്‍റെ കാര്യം പറയുന്നു. ഇലയായാല്‍ പോലും, അഗാധമായ പ്രേമവായ്പോടെ എനിക്കു നല്‍കിയാല്‍ അത് വിശക്കുന്ന ഒരുവന്‍ ആര്‍ത്തിയോടെ അകത്താക്കുന്ന അമൃതുപോലെ സന്തോഷത്തോടെ ഞാന്‍ കഴിക്കുന്നു. എന്നാല്‍ ഏതെങ്കിലും കാരണവശാല്‍ ഒരിലപോലും ലഭ്യമായില്ലെങ്കില്‍, അല്പം ജലം ലഭിക്കുന്നതിന് ഒരു പ്രയാസവും ഉണ്ടായിരിക്കുകയില്ലല്ലോ. വില കൊടുക്കാതെയും വലുതായ തിരച്ചില്‍ നടത്താതെയും എവിടെയും സുലഭമായി ലഭിക്കുന്നതാണ് ജലം. പരിശുദ്ധമായ പ്രതിപത്തിയോടുകൂടി അവന്‍റെ സര്‍വസ്വമായി എനിക്കു നിവേദിക്കുന്ന ജലത്തെ, എനിക്കു വേണ്ടി വൈകുണ്ഠത്തേക്കാള്‍ വലുതും വിശിഷ്ടവുമായ ക്ഷേത്രങ്ങള്‍ നിര്‍മ്മിച്ചുതന്നതുപോലെ ഞാന്‍ വിലമതിക്കുന്നു. അത് എന്‍റെ മാറില്‍ അണിയുന്ന കൗസ്തുഭത്തേക്കാള്‍ തിളക്കമേറിയ രത്നമായി ഞാന്‍ കരുതും. ആ നിവേദ്യം പാലാഴിയെപ്പോലെ മനം കവരുന്ന മനോഹരമായ ശയ്യാഗൃഹങ്ങള്‍ നിര്‍മ്മിക്കുന്നതായി ഞാന്‍ നിരൂപിക്കും. അതു മഹാമേരുപര്‍വതത്തെക്കാളും വലിപ്പത്തില്‍ കര്‍പ്പൂരചന്ദനാദി സുഗന്ധദ്രവ്യങ്ങള്‍ എന്‍റെ മുമ്പാകെ കത്തിച്ചതായിട്ട് ഞാന്‍ വിചാരിക്കും. അത് ആദിത്യന്‍റെ ആഭയുളള കൈത്തിരി വിളക്കുകളുടെ അണിയായി ഞാന്‍ കണക്കാക്കും. ആ നിവേദ്യത്തെ ഗരുഡനെപ്പോലെയുളള വാഹനങ്ങളായിട്ടോ, കാമധേനുക്കളുടെ ആലയായിട്ടോ ഞാന്‍ ബഹുമാനിക്കും. അത് അമൃതിനെക്കാള്‍ ആസ്വാദ്യകരമായ മധുരപദാര്‍ഥങ്ങളായി ഞാന്‍ സ്വീകരിക്കും. എന്‍റെ ഭക്തന്മാര്‍ അര്‍പ്പിക്കുന്ന ഒരു തുളളി വെളളംപോലും എനിക്ക് അമിതമായ ആഹ്ലാദം നല്‍കുന്നതായിരിക്കും. പ്രിയപ്പെട്ട അര്‍ജ്ജുന, ഞാന്‍ ഇതില്‍ കൂടുതല്‍ എന്താണു പറയേണ്ടത്? സുദാമാവിന്‍റെ കൈയിലുണ്ടായിരുന്ന അവില്‍പ്പൊതി എത്ര അക്ഷമയോടെയാണ് ഞാന്‍ എന്‍റെ കൈകൊണ്ടു തന്നെ അഴിച്ചതെന്ന് നീ കണ്ടതല്ലേ? ഞാന്‍ ഭക്തിയും സ്നേഹവും മാത്രമേ അംഗീകരിക്കുന്നുളളു. ഉയര്‍ന്നതും താണതും തമ്മില്‍ എനിക്ക് യാതൊരു വിവേചനവുമില്ല. മറ്റെല്ലാറ്റിനേയുംകാള്‍ ഞാന്‍ എന്‍റെ ഭക്തന്മാരില്‍ വിലമതിക്കുന്നത് ഭക്തിയും ജീവകാരുണ്യവുമാണ്. വാസ്തവത്തില്‍ ഒരിലയും പൂവും പഴവും ദൈവാരാധനത്തില്‍ കേവലമായ ചിഹ്നം മാത്രമല്ലേ ആകുന്നുളളു? അഗാധമായ പ്രേമത്തോടെയുളള പരിപൂര്‍ണ്ണ സമര്‍പ്പണമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അല്ലയോ അര്‍ജ്ജുന, അതു സാധിതപ്രായമാക്കാന്‍ നിസ്സാരമായ ഒരു വഴിയുണ്ട്; എന്നെ സമ്പൂര്‍ണ്ണമായി വിശ്വസിക്കുകയും നിന്‍റെ ഹൃദയകോവിലില്‍ കുടിയിരുത്തുകയും ചെയ്യുക.