ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 27
യത്കരോഷി യദശ്നാസി
യജ്ജുഹോഷി ദദാസിയത്
യത്തപസ്യസി കൗന്തേയ
തത് കുരുഷ്വ മദര്‍പ്പണം.
അല്ലയോ അര്‍ജ്ജുന, നീ എന്തുചെയ്താലും എന്തു ഭുജിച്ചാലും എന്തു ഹോമം ചെയ്താലും എന്തു ദാനം ചെയ്താലും എന്തു തപസ്സുചെയ്താലും അതൊക്കെ പരമാത്മാവായ എനിക്ക് സമര്‍പ്പണമായി ചെയ്യുക.
നീ എങ്ങനെയെല്ലാം പ്രവര്‍ത്തിച്ചാലും എന്തെല്ലാം സുഖങ്ങള്‍ അനുഭവിച്ചാലും ഏതെല്ലാം വിധത്തിലുളള യാഗങ്ങള്‍ നടത്തിയാലും അര്‍ഹതയുളളവര്‍ക്ക് അവര്‍ ആവശ്യപ്പെടുന്നതനുസരിച്ച് എന്തെല്ലാം പാരിതോഷികങ്ങള്‍ നല്‍കിയാലും നിന്‍റെ സേവകന്മാര്‍ക്ക് എന്തെല്ലാം പ്രതിഫലം കൊടുത്താലും ഏതെല്ലാം തരത്തിലുളള തപസ്സോ വ്രതങ്ങളോ അനുഷ്ഠിച്ചാലും അപ്രകാരമുളള കര്‍മ്മങ്ങള്‍ ഓരോന്നിന്‍റേയും സ്വഭാവമനുസരിച്ച് അങ്ങേയറ്റം ദൃഢമായ പ്രതിപത്തിയോടെ ചെയ്യുന്നതായാലും അതെല്ലാം എനിക്കായി സമര്‍പ്പിക്കുക. എന്നാല്‍ ഇപ്രകാരമൊക്കെ പ്രവര്‍ത്തിച്ചുവെന്ന സംഗതി ഒരിക്കലും നിന്‍റെ അഹംഭാവത്തിന് ഇടം നല്‍കരുത്. എങ്കില്‍ മാത്രമേ എനിക്ക് സമര്‍പ്പിക്കുന്ന കര്‍മ്മങ്ങള്‍ ഉദ്ദേശശുദ്ധിയുളളതും പവിത്രങ്ങളും ആയിരിക്കുകയുളളു.