ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 28

ശുഭാശുഭഫലൈരേവം
മോക്ഷ്യസേ കര്‍മ്മബദ്ധനൈഃ
സംന്യാസയോഗയുക്താത്മാ
വിമുക്തോ മാമുപൈഷ്യസി.

ഇപ്രകാരം എല്ലാ കര്‍മ്മങ്ങളും ഈശ്വരാര്‍പ്പണമാക്കിത്തീര്‍ത്താല്‍ പുണ്യപാപഫലരൂപത്തിലുളള കര്‍മ്മവാസനാബന്ധങ്ങളില്‍ നിന്നും നീ മുക്തനാകും. അവയില്‍ നിന്നു മുക്തനായതിന്‍റെ ശേഷം സന്യാസയോഗം കൈവന്ന് നീ പരമാത്മാവായ എന്നെ പ്രാപിക്കും.

വറുത്ത വിത്ത് പൊട്ടിമുളയ്കുകയില്ല. അതുപോലെ എനിക്കു സമര്‍പ്പിക്കുന്ന ക്രിയകള്‍ സല്‍ക്രിയകളാലും ദുഷ്ക്രിയകളാലും അവയ്ക്ക് യാതൊരു കര്‍മ്മഫലവും ഉണ്ടാവുകയില്ല. അല്ലയോ പ്രിയങ്കരനായ സുഹൃത്തേ, എനിക്കു സമര്‍പ്പിക്കാത്ത കര്‍മ്മങ്ങള്‍ സുഖത്തിന്‍റേയോ ദുഃഖത്തിന്‍റേയോ ഫലദായകങ്ങളായിരിക്കും. അതിന്‍റെ പരിഹാരമായി ഒരുവന്‍ വീണ്ടും ജന്മമെടുത്ത് ഈ വക സുഖദുഃഖങ്ങളെ അനുഭവിക്കേണ്ടിവരും. എന്നാല്‍ എല്ലാ കര്‍മ്മങ്ങളും എനിക്കു സമര്‍പ്പിക്കപ്പെടുമ്പോള്‍ ജനനവും മരണവും നിവൃത്തമാകുന്നു. ജനനത്തില്‍ നിന്നുടലെടുക്കുന്ന എല്ലാ കഷ്ടപ്പാടുകളും അപ്രത്യക്ഷമാകുന്നു. അതുകൊണ്ട്, അല്ലയോ അര്‍ജ്ജുന, നീ ഇതേപ്പറ്റിയെല്ലാം ചിന്തിച്ച് സമയം കളയേണ്ട ആവശ്യമില്ല. ശരിയായും സരളമായുമുളള നിവൃത്തിമാര്‍ഗം ഞാന്‍ നിനക്കു വെളിവാക്കിത്തന്നു കഴിഞ്ഞു. ശരീരത്തിന്‍റെ ബന്ധനത്തിനു നീ വശഗനാകരുത്. സുഖദുഃഖങ്ങളുടെ സാഗരത്തില്‍ മുങ്ങാനിടയാകരുത്. ഞാന്‍ ഉപദേശിച്ചുതന്ന വഴില്‍കൂടി ആനന്ദകരവും ശാശ്വതവുമായ എന്‍റെ അസ്തിത്വത്തില്‍ ആമഗ്നനാവുക.