ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 29
സമോƒഹം സര് വ്വഭൂതേഷു
ന മേ ദ്വേഷ്യോ ƒസ്തി മ പ്രിയഃ
യേ ഭജന്തി തു മാം ഭക്ത്യാ
മായി തേ തേഷു ചാപ്യഹം.
ഞാന്‍ എല്ലാ പ്രപഞ്ചഘടകങ്ങളിലും തുല്യനായി സ്ഥിതി ചെയ്യുന്നു. എനിക്കു ശത്രുവുമില്ല. മിത്രവുമില്ല. എന്നാല്‍ യാതൊരുവര്‍ എന്നെ ഭക്തിയോടുകൂടി പൂജിക്കുന്നുവോ, ഞാന്‍ അവരിലും അവര്‍ എന്നിലും ഇരിക്കുന്നു.
എന്‍റെ സ്വരൂപം എന്താണെന്നു ചോദിച്ചാല്‍, ഞാന്‍ എപ്പോഴും എല്ലാ ജീവജാലങ്ങളിലും ‘ഞാനെന്നോ നീയെന്നോ’ ഉളള വ്യത്യാസമില്ലാതെ സ്ഥിതിചെയ്യുന്നുവെന്ന് ഞാന്‍ പറയും. അഹന്തയുടെ ആസ്ഥാനം അശേഷം നശിപ്പിച്ച് ഈ അവസ്ഥയില്‍ എന്നെ ദര്‍ശിക്കുന്ന ദ്രഷ്ടാവ് മനസാ വാചാ കര്‍മ്മണാ എന്നെ ഉപാസിക്കുന്നു. പ്രത്യക്ഷത്തില്‍ അവര്‍ ശരീരരൂപികളായി പ്രവര്‍ത്തിക്കുന്നുവെന്ന് തോന്നുന്നുവെങ്കിലും, യഥാര്‍ത്ഥത്തില്‍ അവര്‍ എന്‍റെ സത്തയിലും ഞാന്‍ അവരുടെ അന്തരംഗത്തിലും വസിക്കുന്നു. ഒരു വടവൃക്ഷത്തിന്‍റെ പൂര്‍ണ്ണമായ പ്രകാരം അതിന്‍റെ ഓരോ ബീജത്തിലും ഒളിഞ്ഞുകിടക്കുകയും ആ ബീജം വൃക്ഷത്തില്‍ത്തന്നെ സജീവമായി സ്ഥിതിചെയ്യുകയും ചെയ്യുന്നതുപോലെ, നാമം കൊണ്ട് ബാഹ്യമായി വ്യത്യാസം തോന്നുമെങ്കിലും ഞാനും അവരുമായി അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നു. ഇതിന്‍റെ ആന്തരികമായ സത്യം ഞാനും അവരും ഒന്നാണെന്നുളളതാണ്. അവരുടെ ശരീരത്തോട് അവര്‍ക്കുളള ഉദാസീനമനോഭാവം, കടം വാങ്ങിയ ആഭരണങ്ങള്‍ ധരിക്കുന്ന ഒരു സ്ത്രീക്ക് ആ ആഭരണങ്ങളോടുളള അനാസ്ഥ പോലെയാണ്. ഒരു പുഷ്പത്തിന്‍റെ സൗരഭ്യം സമീരണന്‍ അപഹരിച്ചു കൊണ്ടുപോയിക്കഴിഞ്ഞിട്ടും പുഷ്പം അതിന്‍റെ ഞെട്ടില്‍ തന്നെ നില്ക്കുന്നതുപോലെ, അപ്രകാരമുളളവരുടെ ശരീരം ഭൗതികജീവിതത്തിന്‍റെ ദൈര്‍ഘ്യത്തോളം നിലനില്‍ക്കുന്നു. അവരുടെ അഹംഭാവം നിശ്ശേഷം നശിക്കുകയും ആത്മചൈതന്യം എന്നില്‍ അലിഞ്ഞുചേരുകയും ചെയ്തിട്ടുളളതിനാല്‍ അവര്‍ എന്‍റെ ശാശ്വതരൂപത്തില്‍ പ്രവേശിച്ചു കഴിഞ്ഞിരിക്കുകയാണ്.