ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 32

മാം ഹി പാര്‍ത്ഥ വ്യാപാശ്രിത്യ
യേƒപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശുദ്രാ-
സ്തോƒപി യാന്തി പരാം ഗതിം.

അല്ലയോ അര്‍ജ്ജുന, ആരൊക്കെയാണോ പാപികളുടെ സന്താനങ്ങളായ സ്ത്രീകളും വൈശ്യന്മാരും ശുദ്രന്മാരും ആയി ഭവിക്കുന്നത്, അവര്‍ പോലും പരമാത്മാവായ എന്നെ വഴിപോലെ സേവിച്ച് ഉത്തമമായ ഗതിയെ നിശ്ചയമായി പ്രാപിക്കുന്നു.

അല്ലയോ പാര്‍ത്ഥ, നികൃഷ്ടജാതിയിലും നീചയോനിയിലും ജനിച്ചതായി അനവധിയാളുകളുണ്ട്. അ‍ജ്ഞാനികളായ അവര്‍ പാറക്കല്ലുപോലെ ചെളിത്തലയന്മാരാണെങ്കിലും അവര്‍ക്ക് എന്നോട് അചഞ്ചലമായ ഭക്തിയുണ്ടായിരിക്കും. അവരുടെ വാക്കുകള്‍ എന്‍റെ അപദാനങ്ങളെ പ്രകീര്‍ത്തിക്കുന്നു. അവരുടെ ചിത്തത്തില്‍ എന്നെപ്പറ്റിയുളള ചിന്തയല്ലാതെ മറ്റൊന്നുമില്ല. എന്‍റെ പ്രഖ്യാപിതമായ പ്രവര്‍ത്തനങ്ങളെപ്പറ്റിയല്ലാതെ മറ്റൊന്നും അവരുടെ കാതുകള്‍ കേള്‍ക്കുകയില്ല. അവരുടെ അവയവങ്ങള്‍ എന്‍റെ സേവനത്തില്‍ മാത്രം നിരതമായിരിക്കുന്നു. എന്നെപ്പറ്റിയുളള ബോധമല്ലാതെ ഇന്ദ്രിയ വിഷയങ്ങളെപ്പറ്റി എന്തെങ്കിലും അറിയുന്നതില്‍ അവര്‍ അശേഷം തല്‍പ്പരരല്ല. ഇതുപോലെയുളള ജീവിതം സാദ്ധ്യമല്ലെങ്കില്‍ അവര്‍ മരണത്തെയാണ് കൂടുതല്‍ ഇഷ്ടപ്പെടുന്നത്. അല്ലയോ പാണ്ധുപുത്ര, ഇപ്രകാരം എന്നില്‍ അത്യന്തം ഭക്തിയോടുകൂടി ജീവിതം നയിക്കുന്നവര്‍ ഏറ്റവും നികൃഷ്ടജാതിയില്‍ ജനിച്ചാലും, വേദശാസ്ത്രങ്ങളില്‍ വേണ്ടത്ര അറിവ് നേടിയില്ലെങ്കിലും എന്നോടു തുലനം ചെയ്തു നോക്കുമ്പോള്‍ അല്‍പം പോലും അപകൃഷ്ടരല്ല.

ദൈത്യന്മാരുടെ കാര്യം തന്നെയെടുക്കുക. എന്നോടുളള ഭക്തിപ്രഭാവംകൊണ്ട് അവരുടെ എതിരാളികളായ ദേവന്മാരെ അവര്‍ അധഃപതനത്തിലേക്ക് ആഴ്ത്തിയില്ലേ? ദൈത്യവംശത്തില്‍ ജനിച്ച എന്‍റെ ഭക്തനായ പ്രഹ്ലാദനുവേണ്ടി ഞാന്‍ നരസിംഹാവതാരം കൈക്കൊണ്ടില്ലേ? പ്രഹ്ലാദന്‍ എനിക്കുവേണ്ടി എന്‍റെ നാമത്തില്‍ എന്തെല്ലാം സഹിച്ചു? അവനു വേണ്ടതെല്ലാം ഞാന്‍ കൊടുത്തില്ലേ? ദൈത്യവംശത്തിലാണ് ജനിച്ചതെങ്കിലും പ്രഹ്ലാദന്‍ ദേവേന്ദ്രനെക്കാള്‍ സ്ഥാനവും മാഹാത്മ്യവും ഉളളവനായിത്തീര്‍ന്നില്ലേ? കുലം അപ്രധാനമാണ്. ഭക്തിയാണ് അത്യന്താപേക്ഷിതമായിട്ടുളളത്. രാജകീയമുദ്ര പതിച്ചിട്ടുളള ഒരു കഷണം തോലിന് വിനിമയമൂല്യമുണ്ട്. സ്വര്‍ണ്ണത്തിനും വെളളിക്കും ധനമെന്ന നിലയില്‍ സ്വയമേവ വിലയൊന്നുമില്ല. രാജകീയ ഉത്തരവാണ് അതിന‍് അതിന്‍റെ വില നല്‍കുന്നത്. അതുപോലെ ഒരുവന്‍റെ വലിപ്പവും ജ്ഞാനവും വിലമതിക്കത്തക്കതാവണമെങ്കില്‍ അവന്‍റെ മനസ്സും ബുദ്ധിയും എന്നോടുളള ഭക്തികൊണ്ടു പൂരിതമായിരിക്കണം. കുലവും ഗേത്രവും നിറവുമെല്ലാം അര്‍ത്ഥശൂന്യമാണ്. അര്‍ജ്ജുനാ, ഞാനുമായി ഐക്യം പ്രാപിച്ചെങ്കില്‍ മാത്രമേ ജീവിതലക്ഷ്യത്തില്‍ എത്തിച്ചേരുകയുളളു. ഏതുവിധത്തിലുളള ഭക്തിയായാലും ഹൃദയത്തില്‍ പ്രവേശിച്ച് ഹൃദയം സ്നേഹസാന്ദ്രമാകുമ്പോള്‍ അവന്‍റെ പൂര്‍വകാലജീവിതത്തിലെ പാപങ്ങളും അപൂര്‍ണ്ണതയും എല്ലാം മാഞ്ഞുപോകുന്നു. ചെറിയ അരുവികള്‍ ഗംഗയിലെത്തുന്നതുവരെ മാത്രമെ അരുവികളായി നില്‍ക്കുന്നുളളു. ഗംഗയില്‍ ചേര്‍ന്നു കഴിയുമ്പോല്‍ അവയെല്ലാം ഗംഗയായിത്തീരുന്നു. ചന്ദനമരവും ചാളമരവും തമ്മിലുളള വ്യത്യാസം അഗ്നിയില്‍ പതിക്കുന്നതുവരെ മാത്രമേയുളളു. അഗ്നിയില്‍ വീണുകഴിയുമ്പോള്‍ രണ്ടും അഗ്നിയായിത്തീരുന്നു. ക്ഷത്രിയനും വൈശ്യനും ശുദ്രനും ചണ്ഡാലനും സ്ത്രീയും തമ്മിലുളള വ്യത്യാസം എന്നെ പ്രാപിക്കുന്നതുവരെ മാത്രമാണുളളത്. ഉപ്പ് വെളളത്തില്‍ അലിഞ്ഞ് ചേരുന്നതുപോലെ ഭക്തിയില്‍ കൂടി വിവിധ ജാതിയില്‍പ്പെട്ടവരും വ്യക്തികളും എന്നില്‍ അലിഞ്ഞ് ചേരുമ്പോള്‍ എല്ലാ വ്യത്യാസങ്ങളും ഇല്ലാതെയാകുന്നു. പല പേരില്‍ അറിയപ്പെടുന്ന നദികള്‍ പടിഞ്ഞാറോട്ടും കിഴക്കോട്ടും ഒഴുകുന്നവയെന്നു തരംതിരിച്ചു പറയുന്നത് അവ സമുദ്രത്തില്‍ ചെന്നുചേര്‍ന്ന് ഒന്നാകുന്നതുവരെ മാത്രമാണ്.

ഏതുവഴില്‍കൂടി ആയാലും ഒരു ഭക്തന്‍റെ ചിത്തം എന്‍റെ ശാശ്വതസ്വരൂപത്തില്‍ പ്രവേശിച്ചുകഴിഞ്ഞാല്‍ അതു സ്വയമേവ ഞാനുമായി ഏകത്വത്തില്‍ എത്തിച്ചേരുന്നു. ഉടയ്ക്കാന്‍ വേണ്ടിയാണെങ്കില്‍പോലും ഇരുമ്പ് സ്പര്‍ശമണിയെ സ്പര്‍ശിച്ചാല്‍ ഇരുമ്പ് സ്വര്‍ണ്ണമായി മാറുന്നു. സ്നേഹാധിക്യംമൂലം ഗോപസ്ത്രീകളുടെ ചിത്തം എന്നില്‍ ലയിക്കുകയും അവര്‍ ഞാനുമായി ഒന്നായിത്തീരുകയും ചെയ്തില്ലേ? ഭയത്തില്‍ കൂടിയല്ലെ കംസന്‍ എന്നെ പ്രാപിച്ചത്? ചേദിരാജാവായ ശിശുപാലന്‍ എന്നോടുളള തീരാപ്പകയില്‍ക്കൂടി എന്നെ കൈവരിച്ചില്ലെ? യാദവര്‍ രക്തബന്ധം കൊണ്ടും വസുദേവന്‍ പുത്രവാത്സല്യം കൊണ്ടും ഞാനുമായി ഐക്യം പ്രാപിച്ചു. നാരദനും ധ്രുവനും അക്രൂരനും ശുകനും സനത്കുമാരനുമെല്ലാം ഈശ്വരസേവയില്‍കൂടി എന്നെ പ്രാപിച്ചു. ഗോപികമാര്‍ സ്നേഹം കൊണ്ടും കംസന്‍ ഭയം കൊണ്ടും ശിശുപാലന്‍ പക കൊണ്ടും എന്നെ പ്രാപിച്ചു. അപ്രകാരം ഭക്തിയെന്നോ പരിത്യാഗമെന്നോ ഇച്ഛയെന്നോ ശത്രുത്വമെന്നോ ഭയമെന്നോ ഉളള ഏതുവഴില്‍കൂടിയാണെങ്കിലും എന്നെ തേടുന്നവന്‍റെ അന്തിമലക്ഷ്യം എന്നെ പ്രാപിക്കുകയെന്നുളളതു മാത്രമാണ്.

അതുകൊണ്ട് അല്ലയോ പാര്‍ത്ഥ, നീ പ്രത്യേകമായി ഓര്‍മ്മയില്‍ വെയ്ക്കുക. എന്‍റെ ശാശ്വതസ്വരൂപത്തില്‍ ലയിച്ചുചേരുന്നതിനുളള വഴികള്‍ അനവധിയാണ് എന്ന്. ഒരുവന്‍ ഏതു കുലത്തില്‍ ജനിച്ചവനായാലും എന്നെ സ്നേഹിക്കുകയോ ദ്വേഷിക്കുകയോ ചെയ്യുന്നവനായാലും, ഭക്തനോ ശത്രുവോ ആയിരുന്നാലും അവന്‍റെ എല്ലാ ശ്രദ്ധയും പ്രവൃത്തിയും എന്നിലേക്കുതന്നെ തിരിച്ചുവിടണം. ഏതു വഴില്‍കൂടി നീ എന്നെ പ്രാപിക്കാന്‍ ആഗ്രഹിക്കുന്നുവോ, ആ വഴില്‍കൂടി കാലക്രമേണ നിനക്ക് എന്നെ പ്രാപിക്കാന്‍ കഴിയും. അതുകൊണ്ട് ജാതിഭ്രഷ്ടനോ, വൈശ്യനോ, ശുദ്രനോ, സ്ത്രീക്കോ, സ്നേഹത്തിലും ഉപാസനയിലും കൂടി എന്‍റെ ശാശ്വതഗേഹത്തില്‍ എത്തിച്ചേരാന്‍ കഴിയും.