ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 33
കിം പുനര്‍ ബ്രാഹ്മണാഃ പുണ്യാ
ഭക്താ രാജര്‍ഷയസ്തഥാ
അനിത്യമസുഖം ലോകം
ഇമം പ്രാപ്യ ഭജസ്വ മാം.
അല്ലയോ അര്‍ജ്ജുന, പുണ്യമുളള ബ്രാഹ്മണരും അതുപോലെ ഭക്തരായ രാജര്‍ഷികളും പരമഗതി പ്രാപിക്കുമെന്ന് പ്രത്യേകം പറയണമെന്നില്ലല്ലോ. നശ്വരവും ദുഃഖകരവുമായ ഈ ലോകത്തില്‍ വന്നുകൂടിയ സ്ഥിതിക്ക് എന്നെ ഭജിച്ചുകൊളളുക.
ഈ നിലയ്ക്ക് ബ്രാഹ്മണര്‍ എന്‍റെ ശാശ്വതഗേഹത്തില്‍ എത്തിച്ചേരാന്‍ എല്ലാ നിലയിലും അര്‍ഹരാണ്. എല്ലാ വര്‍ണ്ണങ്ങളിലും വെച്ച് ഉന്നതന്മാരായിട്ടുളളവര്‍ അവരാണ്. അവര്‍ക്ക് സ്വര്‍ഗ്ഗം അവകാശപ്പെട്ടതാണ്. അവര്‍ മന്ത്രത്തിന്‍റെ വാഹകന്മാരാണ്. അവര്‍ ഭൂമിയിലെ ദേവന്മാരെപ്പോലെയാണ്. അവര്‍ തപശ്ചര്യയുടെ അവതാരമൂര്‍ത്തികളാണ്. പുണ്യതീര്‍ത്ഥങ്ങള്‍ പൂജ്യങ്ങളാകുന്നത് അവരില്‍ക്കൂടിയാണ്. എല്ലാ യജ്ഞങ്ങളും എക്കാലത്തും അവരില്‍ അധിവസിക്കുന്നു. വേദങ്ങള്‍ അവരുടെ പടച്ചട്ടയാണ്. എല്ലാ സൗഭാഗ്യങ്ങളും അവരുടെ നോട്ടങ്ങളില്‍കൂടിയാണ് നേടുന്നത്. അവരുടെ വിശ്വാസത്തിന്‍റെ വികാരതീക്ഷണതയില്‍ക്കൂടിയാണ് പുണ്യകര്‍മ്മങ്ങള്‍ ഉടലെടുക്കുന്നത്. അവരുടെ ദൃഢനിശ്ചയത്തില്‍ സത്യം ജീവിക്കുന്നു. അവരുടെ വേദമന്ത്രങ്ങളില്‍ക്കൂടി അഗ്നി ദീര്‍ഘകാലം ജീവിക്കുന്നു. അവരുടെ പ്രീതിക്കുവേണ്ടി സാഗരം അഗ്നിക്ക് വിശ്രമസങ്കേതം നല്‍കുന്നു. അവര്‍ക്കുവേണ്ടി ഞാന്‍ ഒരിക്കല്‍ ലക്ഷ്മീദേവിയെ എന്‍റെ വക്ഷസ്ഥലം അവരുടെ പാദധൂളികള്‍ സ്വീകരിക്കാന്‍ കാണിച്ചുകൊടുത്തു. എന്‍റെമേല്‍ പതിഞ്ഞ ഭൃഗുവിന്‍റെ കാലടിപ്പാടുകള്‍, എന്‍റെ ദിവ്യമായ മാഹാത്മ്യം പ്രകടിപ്പിക്കാന്‍ ഞാന്‍ ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു.
അല്ലയോ അര്‍ജ്ജുന, അവരുടെ രൗദ്രത സംഹാരത്തിന്‍റെ മൂര്‍ത്തിയായ രുദ്രന്‍റെ ആവാസസ്ഥാനമാണ്. അവരുടെ കൃപകൊണ്ട് ഒരുവന് അമാനുഷികമായ ശക്തി ലഭിക്കുന്നു. പുണ്യവാന്മാരായ ഈ ബ്രാഹ്മണര്‍ ആദരണീയരാണ്. എന്നോടുളള ഭക്തി അവരില്‍ നിറഞ്ഞു നില്‍ക്കുന്നു. അവര്‍ ഞാനുമായി ഐക്യം പ്രാപിക്കുമെന്നു പ്രത്യേകമായി തെളിയിക്കേണ്ടതുണ്ടോ? ചന്ദനമരക്കാട്ടില്‍ നിന്നു വരുന്ന മന്ദസമീരണന്‍ വേപ്പുമരത്തില്‍ തട്ടി അതിന്‍റെ ഗന്ധം കൂടി ശേഖരിച്ച് ഒരു ദേവതയുടെ നെറ്റിയില്‍ തലോടുമ്പോള്‍ ചന്ദനമരത്തിനു മാത്രമായി ഈ സൗഭാഗ്യം ജനിക്കുന്നതില്‍ എന്തെങ്കിലും ആശ്ചര്യപ്പെടാനുണ്ടോ? തന്‍റെ ലലാടം തണുപ്പിക്കാമെന്നുളള പ്രതീക്ഷയോടെയല്ലെ ഹരന്‍ അമ്പിളിക്കലയെ തന്‍റെ ശിരസ്സില്‍ അണിഞ്ഞത്? അപ്പോള്‍ പിന്നെ തണുപ്പിക്കാന്‍ കഴിവുളളതും അമ്പിളിയെക്കാള്‍ സൗരഭ്യമുളളതുമായ ചന്ദനം എന്തുകൊണ്ട് ശരീരത്തില്‍ പുരട്ടിക്കൂടാ? ഓടയിലെ മലിനജലം നദിയിലൊഴുകിയെത്തി അനായാസേന സമുദ്രത്തിലെത്തിച്ചേരുന്നു. എങ്കില്‍ നദിയിലെ ജലംതന്നെ സമുദ്രത്തിലെത്തുന്നതിലെന്താണത്ഭുതം?
അതുകൊണ്ട് ഒരു രാജര്‍ഷിയോ ഒരു ബ്രഹ്മര്‍ഷിയോ എന്നെ ശരണം പ്രാപിച്ചാല്‍ ഞാന്‍ അവര്‍ക്കു മോചനം നല്‍കുകയും അവര്‍ക്ക് ആലംബമായിത്തീരുകയും ചെയ്യുന്നു.
അനേകം സുഷിരങ്ങളുളള ഒരു തോണിയില്‍ കയറുന്നവന്‍ എങ്ങനെയാണ് ഉല്‍കണ്ഠ കൂടാതെ യാത്ര ചെയ്യുന്നത്? തനിക്ക് നേരെവരുന്ന കൊടുങ്കാറ്റുപോലെയുളള ബാണങ്ങളെ എങ്ങനെയാണ് ഒരുവന്‍ നഗ്നശരീരനായി നേരിടുന്നത്? ഒരുവന്‍റെ നേരെ കല്ലുകള്‍ എറിയുമ്പോള്‍ ഒരു പരിചകൊണ്ടാല്ലാതെ എങ്ങനെയാണ് അതിനെ തടുക്കുക? രോഗം ബാധിച്ച ഒരുവന്‍ ഔഷധം കഴിക്കുന്നതില്‍ നിന്ന് ഒഴിഞ്ഞുമാറാമോ? ചുറ്റിനും കാട്ടുതീ പടര്‍ന്നു പിടിക്കുമ്പോള്‍ അതില്‍ നിന്ന് ഓടി രക്ഷപ്പെടുകയല്ലെ വേണ്ടത്? തുന്‍പം നിറഞ്ഞ ഈ മര്‍ത്ത്യലോകത്തില്‍ ജനിക്കുന്നവര്‍ എങ്ങനെയാണ് ആരാധിക്കാതിരിക്കുന്നത്? എന്നെ ആശ്രയിക്കാതെ എങ്ങനെയാണ് അവന് ജീവിക്കാന്‍ കഴിയുക? ഒരുവന്‍റെ ജ്ഞാനത്തെയോ യൗവ്വനത്തെയോ മാത്രം ആധാരമാക്കി എന്നെ ഭജിക്കാതിരിക്കാന്‍ കഴിയുമോ? അല്ലയോ അര്‍ജ്ജുന, ഈ പ്രപഞ്ചത്തിലുളള ഇന്ദ്രിയസുഖങ്ങളെല്ലാം, അവസാനം മരണവക്രത്തിലെത്തിച്ചേരുന്ന ശരീരത്തെ തൃപ്തിപ്പെടുത്തുക മാത്രമാണു ചെയ്യുന്നത്. ദുഃഖവും കഷ്ടപ്പാടുമാകുന്ന കച്ചവടച്ചരക്കിന്‍റെ കെട്ടുകളുമായിട്ടാണ് ഒരുവന്‍ മര്‍ത്ത്യലോകമാകുന്ന അങ്ങാടിയിലേക്ക് വില്‍പനയ്ക്ക് വരുന്നത്. അവിടെ എല്ലാം അളന്നുകുറിക്കുന്നത് മൃത്യുവാണ്. അല്ലയോ അര്‍ജ്ജുന, സന്തോഷകരമായ ഒരു ജീവിതം അവിടേയ്ക്കു കൊണ്ടുവരാന്‍ സാധിക്കുമോ? ഒരു കൈ ചാരം ഊതിയിട്ട് ഒരു വിളക്കു കത്തിക്കാമോ? വിഷധരമായ വൃക്ഷത്തിന്‍റെ വേരു പിഴിഞ്ഞെടുത്ത സത്തിനെ അമൃതെന്നു പേരുചൊല്ലി വിളിച്ചാലും അതു കുടിക്കുന്നവന്‍ അമരനാകുമോ? ഇന്ദ്രിയസുഖങ്ങള്‍ ദുഃഖകരങ്ങള്‍ മാത്രമാണ്. എന്നാല്‍ മനുഷ്യന്‍ വിഡ്ഢിയായതുകൊണ്ട് ഒരിക്കലും അതില്‍ മടുപ്പുതോന്നുന്നില്ല. മര്‍ത്ത്യലോകത്തിലെ സുഖങ്ങള്‍, തലവെട്ടിയെടുത്ത് കാലില്‍കെട്ടി കാലിലെ വ്രണം കരിക്കാമെന്നു പറയുന്നതുപോലെ, നിരര്‍ത്ഥകവും അപഹാസ്യവുമാണ്. യഥാര്‍ത്ഥത്തിലുളള ആനന്ദം ഈ ലോകത്ത് എവിടെയെങ്കിലും ഉണ്ടെന്ന് ആരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ടോ? തീക്കനലിന്‍റെ തല്പത്തില്‍കിടന്ന് ആര്‍ക്കെങ്കിലും ഉറങ്ങാന്‍ കഴിയുമോ? ഈ ലോകത്ത് ശശാങ്കന്‍ ക്ഷയിക്കുന്നു. ആദിത്യന്‍ ഉദിക്കുന്നത് അസ്തമിക്കാനാണ്. ദുരിതവും കഷ്ടപ്പാടും സന്തോഷത്തിന്‍റെ കപടവേഷത്തില്‍ ഈ ലോകത്തെ ചിത്രവധം ചെയ്യുന്നു. നന്മയുടെ ഇളം നാമ്പുകളെ ഉടന്‍തന്നെ തിന്മ ഉണക്കിക്കളയുന്നു. മൃത്യു ഒച്ചയുണ്ടാക്കാതെ ഗര്‍ഭസ്ഥശിശുവിനെപ്പോലും പിടികൂടുന്നു. തങ്ങള്‍ക്ക് ഉണ്ടായിരിക്കാന്‍ പാടില്ലാത്തത് ഉണ്ടായിരിക്കണമെന്നുളള ഉല്‍ക്കണ്ഠയാണ് ആളുകള്‍ക്കുളളത്‍. അതു കയ്യില്‍കിട്ടിയാല്‍ അതിന്‍റെ പൊടിപോലും ശേഷിക്കാതെ ഉപദേവന്മാര്‍ തട്ടിക്കൊണ്ടു പൊയ്ക്കളയും.
അല്ലയോ അര്‍ജ്ജുന, ശ്രദ്ധിക്കുക. മനുഷ്യന്‍ നിസ്സാരകാര്യത്തെപ്പറ്റി ചിന്തിച്ചുകൊണ്ടിരിക്കുമ്പോള്‍ മൃത്യു പെട്ടെന്ന് അവനെ അപഹരിച്ചെടുത്ത് അജ്ഞേയമായ സ്ഥലത്തേക്കു കൊണ്ടു പോകുന്നു. അപ്രകാരം വിട്ടുപോയവര്‍ തിരിച്ചുവന്നതായുളള കാലടിപ്പാടുകള്‍ ആരും കണ്ടില്ല. പുരാണങ്ങള്‍ പരേതരുടെ കഥകള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു. അസ്ഥിരമായ ഈ ലോകത്തിന്‍റെ കഥകള്‍ ബ്രഹ്മാവിന്‍റെ ആയുഷ്ക്കാലം മുഴുവന്‍ വിചാരിച്ചാലും തീരുകയില്ല. ഇപ്രകാരമുളള ജീവിതം നിലനില്‍ക്കുന്ന ഒരു ലോകത്തില്‍ ജനിക്കുന്ന മനുഷ്യന്‍ യാതൊരാകുലതയും ഇല്ലാതെ ജീവിക്കുന്നതുകാണുമ്പോള്‍ കൗതുകം തോന്നുന്നു. ഇഹത്തിലും പരത്തിലും എന്തെങ്കിലും പ്രയോജനമുണ്ടാകുന്ന ഒരു കാര്യത്തിനുവേണ്ടി ഒരു ചില്ലിക്കാശുപോലും ചിലവഴിച്ചില്ലെങ്കിലും സ്വയം നാശകരനായ കാര്യത്തിനുവേണ്ടി മുക്തഹസ്തം ചിലവു ചെയ്യുകയും ചെയ്യും. ഭൗതികസുഖത്തില്‍ മുഴുകിയിരിക്കുന്നവനെ സന്തോഷവാനെന്നു പറയുന്നു. ദുരാഗ്രഹത്തിന്‍റെ ദുസ്സഹമായ ഭാരം താങ്ങുന്നവനെ സമര്‍ത്ഥനെന്നു പറയുന്നു. അല്പനാളുകളിലേക്കു മാത്രം ജീവിതശിഷ്ടമുളളവനും മനോബലവും ശരീരശക്തിയും ക്ഷയിച്ചുകൊണ്ടിരിക്കുന്നവനുമായ ഒരുവനെ അഗ്രിമസ്ഥാനം നല്‍കി ബഹുമാനിക്കുന്നു. ഒരു ശിശു വളര്‍ന്നുവരുമ്പോള്‍ മാതാപിതാക്കന്മാര്‍ ആഹ്ലാദംകൊണ്ടു നൃത്തം ചെയ്യുന്നു. എന്നാല്‍ അതിന്‍റെ ആയുസ്സ് കുറഞ്ഞുവരുകയാണെന്നുളള അത്തല്‍ അവര്‍ക്കില്ല. ജനിച്ചതു മുതല്‍ക്കുളള ഓരോ ദിവസവും അവന്‍ മരണത്തിന്‍റെ അരികത്തേക്ക് അടുക്കുകയാണെങ്കിലും അവന്‍റെ പിറന്നാളുകള്‍ അവര്‍ ആര്‍ഭാടമായി ആഘോഷിക്കുന്നു. പാര്‍ത്ഥാ, മര്‍ത്ത്യര്‍ക്ക് മൃത്യുവിന്‍റെ പേരുകേള്‍ക്കുന്നതുപോലും അസഹ്യമാണ്. ഒരു ബന്ധു മരിക്കുമ്പോള്‍ അവര്‍ വിലപിക്കുന്നു. എന്നാല്‍ അവരുടെ അജ്ഞത നിമിത്തം ജീവിതത്തിന്‍റെ മൂല്യം എന്താണെന്ന് അവര്‍ ചിന്തിക്കുന്നില്ല. നോക്കുക. പാമ്പിന്‍റെ വായിലകപ്പെട്ട തവള നിമിഷങ്ങള്‍ക്കുള്ളില്‍ വിഴുങ്ങപ്പെടുമെങ്കിലും അവിടെയിരുന്നുകൊണ്ട് ഈച്ചയെ പിടിക്കാന്‍ നാക്കു നീട്ടുന്നു. അതുപോലെ ജീവജാലങ്ങള്‍ ദുരാഗ്രഹംകൊണ്ട് അവരുടെ ആഗ്രഹങ്ങള്‍ അസംഖ്യമാക്കുന്നു. അഹോ! കഷ്ടം. ഈ മര്‍ത്ത്യലോകത്തിലെ കാര്യങ്ങള്‍ എത്രത്തോളം വികൃതവും ദുര്‍ഗ്ഗന്ധപുരിതവുമാണ്. അര്‍ജ്ജുനാ, നീ ഈ ലോകത്തില്‍ വന്നു ജനിക്കാന്‍ ഇടയായിരിക്കുന്നു. ഇതു ത്യജിച്ചിട്ട് ഭക്തിയുടെ മാര്‍ഗ്ഗം സ്വീകരിച്ച് എന്‍റെ ആവാസസ്ഥാനത്തേക്ക് അണയുക.