ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഒന്‍പത് രാജവിദ്യാരാജഗുഹ്യയോഗം ശ്ലോകം 34

മന്മനാ ഭവ മദ്ഭക്തോ
മദ്യാജീ മാം നമസ്ക്കുരു
മാമേവൈഷ്യസി യുകൈ്ത്വവ-
മാത്മാനം മത്പരായണഃ

പരമാത്മാവായ എന്നില്‍ ഉറപ്പിച്ച മനസ്സോടുകൂടിയവനായും എന്നില്‍ ഭക്തിയുളളവനായും എന്നെ ആരാധിക്കുന്നവനായും ഇരിക്കുക. എന്നെ നമസ്കാരം ചെയ്താലും. ഇപ്രകാരം എന്നെ ശരണം പ്രാപിച്ചവനായി മനസ്സിനെ എന്നില്‍ ഉറപ്പിച്ച് നീ എന്നെത്തന്നെ പ്രാപിക്കും.

അല്ലയോ അര്‍ജ്ജുന, നിന്‍റെ മനസ്സ് എന്‍റെ സാന്നിദ്ധ്യംകൊണ്ട് പൂരിതമായിരിക്കട്ടെ. നിന്‍റെ ആത്മാവില്‍ എന്നോടുളള സ്നേഹം നിറഞ്ഞുതുളുമ്പട്ടെ. ഞാന്‍ എല്ലാറ്റിലും അധിവസിക്കുന്നുവെന്നുളള അറിവോടെ എല്ലാറ്റിനേയും നമസ്കരിക്കുക. എന്നിലുളള അചഞ്ചലമായ ഭക്തികൊണ്ട് എല്ലാ ആഗ്രഹങ്ങളേയും എരിച്ച് കളയുന്നവനാണ് എന്‍റെ യഥാര്‍ത്ഥ ഭക്തന്‍. ഈ യോഗത്താല്‍ നീ സമ്പന്നനാകുമ്പോള്‍ നിനക്ക് എന്‍റെ ശാശ്വതസ്വരൂപത്തെ പ്രാപിക്കാന്‍ കഴിയും. അത്യന്തം സത്യമായ ഈ രഹസ്യം ഞാന്‍ നിന്നോടു പറയുകയാണ്. നിന്‍റെ ഹൃദയത്തില്‍ എന്‍റെ ദിവ്യമായ പൊരുള്‍ നിറഞ്ഞു നില്‍ക്കുമ്പോള്‍ നീ എന്‍റെ ശാശ്വതഗേഹത്തില്‍ എത്തിച്ചേരുകയും മറ്റുളളവരില്‍ നിന്നെല്ലാം ഒളിഞ്ഞിരിക്കുന്ന നിത്യമായ ആനന്ദം അനുഭവിക്കുകയും ചെയ്യും.

സഞ്ജയന്‍ പറഞ്ഞു: ഭക്തമ്നാരുടെ എല്ലാ ആഗ്രഹങ്ങളേയും സാധിച്ചുകൊടുക്കുന്ന കല്പകതരുവും പരബ്രഹ്മത്തിന്‍റെ കൃഷ്ണവര്‍ണ്ണമായ അവതാരവും ആത്മാരാമനുമായ കൃഷ്ണന്‍ ഇപ്രകാരം അരുളിച്ചെയ്തു.

ശ്രദ്ധിക്കുക. ജലത്തില്‍ കിടക്കുന്ന മഹിഷം ജലം പെരുകുമ്പോഴും നിശ്ചേഷ്ടനായി അതില്‍ തന്നെ കിടക്കുന്നതുപോലെ, വൃദ്ധനായ ധൃതരാഷ്ട്ര മഹാരാജാവ് ഇതെല്ലാം നിശബ്ദനായി കേട്ടുകൊണ്ടിരുന്നതേയുളളു. ഇതുകണ്ട് ശിരസ്സ് ചലിപ്പിച്ചുകൊണ്ട് സഞജയന്‍ സ്വയം പറഞ്ഞു:

അഹോ! അമൃതിന്‍റെ അനര്‍ഗളമായ ധാരയല്ലേ നമ്മുടെമേല്‍ പതിച്ചത്. എന്നിട്ടും അതൊന്നും ശ്രദ്ധിക്കാതെ ഈ രാജാവിന്‍റെ മനസ്സ് മറ്റെവിടെയോ പോയിരിക്കുന്നു. ഏതായാലും അദ്ദേഹം ഞങ്ങളുടെ അന്നദാതാവല്ലേ? ആ നിലയ്ക്ക് അദ്ദേഹത്തിന് അനിഷ്ടമുണ്ടാകുന്ന വിധത്തില്‍ ഞാന്‍ സംസാരിക്കുന്നത് ഉചിതമല്ല. ഇത് അദ്ദേഹത്തിന്‍റെ സ്വഭാവമാണ്. ഇതില്‍നിന്ന് അദ്ദേഹത്തിനു മോചനമില്ല. ഞാന്‍ യഥാര്‍ത്ഥത്തില്‍ അനുഗൃഹീതനാണ്. വ്യാസഭഗവാന്‍റെ കാരുണ്യംകൊണ്ട്, ഈ കഥ പറയാന്‍ ഞാന്‍ ജീവിച്ചിരിക്കുന്നു.

ഇപ്രകാരം ചിന്തിച്ച സഞ്ജയന്‍റെ ഹൃദയം അനിയന്ത്രിതമായി. വികാരം ഇരച്ചുകയറി. മനസ്സ് നിശ്ചലമായി. സംസാരശേഷി നശിച്ചു. ആപാദചൂഡം കോള്‍മയിര്‍കൊണ്ടു. അര്‍ദ്ധനിമീലിതങ്ങളായ നേത്രങ്ങളില്‍ക്കൂടി ആനന്ദബാഷ്പങ്ങള്‍ ബഹിര്‍ഗമിച്ചു. ആന്തരിതമായ ആനന്ദാനുഭൂതികൊണ്ട് ശരീരം വിറയ്ക്കുന്നതായി അനുഭവപ്പെട്ടു. സ്ഫടികനിര്‍മ്മലമായ സ്വേദകിരണങ്ങള്‍ ശരീരരന്ധ്രങ്ങളില്‍ക്കൂടി പുറത്തേക്ക് ഒഴുകിയപ്പോള്‍ അദ്ദേഹം ശരീരത്തില്‍ ഒരു രത്നാഭരണം ധരിച്ചിരിക്കുന്നതുപോലെ തോന്നി. അത്യധികമായ ആനന്ദത്തിന്‍റെ തിരത്തളളലില്‍ ദേഹബുദ്ധി നശിച്ചു. തന്മൂലം വ്യാസന്‍ ഏര്‍പ്പെടുത്തിയ ചുമതല നിര്‍വഹിക്കുന്നത് അസാദ്ധ്യമായിത്തീര്‍ന്നു. അപ്പോള്‍ ശ്രീകൃഷ്ണന്‍റെ ഘനഗംഭീരമായ ശബ്ദം അദ്ദേഹത്തിന്‍റെ കാതുകളില്‍ വന്നലച്ചു. അദ്ദേഹം ബോധവാനായി. തന്‍റെ വിയര്‍പ്പും കണ്ണുനീരും തുടച്ചുകളഞ്ഞിട്ട് സഞ്ജയന്‍ ധൃതരാഷ്ട്ര മഹാരാജാവിനോടായി പറഞ്ഞു:അല്ലയോ മഹാരാജാവേ, കേട്ടാലും.

എന്‍റെ പ്രിയപ്പെട്ട ശ്രോതാക്കളേ, നിങ്ങളും ശ്രദ്ധിക്കുക. സഞ്ജയന്‍റെ മനസ്സാകുന്ന വളക്കൂറുളള മണ്ണില്‍ വിതച്ച കൃഷ്ണഭഗവാന്‍റെ വാക്കുകള്‍ അനശ്വരങ്ങളാണ്. അതില്‍ നിന്നു മുളച്ച് വളര്‍ന്നു വികസിക്കുമ്പോഴുണ്ടാകുന്ന വിളവ് വിലമതിക്കാന്‍ കഴിയാത്ത പരമസത്യങ്ങളുടെ ഒരു കലവറയായിത്തീരും. ആനന്ദത്തിന്‍റെ കൊടുമുടിയിലെത്തിക്കുന്ന ആ വചസ്സുകള്‍ അങ്ങേയറ്റം ശ്രദ്ധിക്കുക. നിങ്ങളുടെ കാതുകളുടെ ഭാഗ്യംകൊണ്ടാണ് നിങ്ങള്‍ക്ക് ഈ അനുഗ്രഹം ലഭിച്ചത്. ജ്ഞാനേശ്വരന്‍ പറഞ്ഞു.

ഓം തത് സത്
ഇതി ശ്രീമദ്ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുന സംവാദേ
രാജവിദ്യാരാജഗുഹ്യോ നാമ
നവമോദ്ധ്യായഃ

രാജവിദ്യാരാജഗുഹ്യയോഗമെന്ന ഒമ്പതാം അദ്ധ്യായം കഴിഞ്ഞു.