ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 2
ന മേ വിദുഃ സുരഗണാഃ
പ്രഭവം ന മഹര്‍ഷയഃ
അഹമാദിര്‍ഹി ദേവാനാം
മഹര്‍ഷീണാം ച സര്‍വ്വശഃ
പരമാത്മാവായ എന്‍റെ ഉത്ഭവം ദേവന്മാരും അറിയുന്നില്ല. മഹര്‍ഷിമാരും അറിയുന്നില്ല. എന്തുകൊണ്ടെന്നാല്‍ ദേവന്മാര്‍ക്കും മഹര്‍ഷിമാര്‍ക്കും എല്ലാ നിലയിലും ഞാന്‍ തന്നെയാണ് ഉത്ഭവസ്ഥാനം.
എന്‍റെ സാരാംശം അറിയാന്‍ ശ്രമിച്ച വേദങ്ങള്‍ വിസ്മയിച്ചുപോയി. എന്നിലെത്തിച്ചേരാനുളള യത്നത്തില്‍ മനസ്സും പ്രാണനും നിസ്തേജരായി. രാത്രിയല്ലെങ്കിലും സൂര്യചന്ദ്രന്മാര്‍ ഇരുട്ടിലായി. ഒരു ഗര്‍ഭസ്ഥ ശിശുവിന് അതിന്‍റെ മാതാവിന്‍റെ പ്രായം അറിയാന്‍ കഴിയാത്തതുപോലെ, ഒരു മത്സ്യത്തിന് ആഴിയുടെ അഴം അളക്കാനോ ഒരീച്ചയ്ക്ക് ആകാശത്തില്‍ പറന്നുയരാനോ കഴിയാത്തതുപോലെ, വിജ്ഞാനികളായ മഹര്‍ഷിമാര്‍ക്കുപോലും എന്നെ അറിയാന്‍ കഴിയുന്നില്ല. ഞാന്‍ ആരെന്നോ എന്‍റെ മാഹാത്മ്യം എന്തെന്നോ എവിടെ നിന്ന് എപ്പോള്‍ വന്നുവെന്നോ മനസ്സിലാക്കാനുളള അവരുടെ ശ്രമം തുടങ്ങിയിട്ട് യുഗങ്ങള്‍തന്നെ കഴിഞ്ഞുപോയിരിക്കുന്നു. എല്ലാ ദൈവങ്ങളുടേയും ഋഷീശ്വരന്മാരുടേയും സകല ചരാചരങ്ങളുടേയും പ്രഭവസ്ഥാനം ഞാനാണ്. എന്നാല്‍ അവരെല്ലാം എന്‍റെ ശാശ്വതരൂപത്തെ അറിയാന്‍ പണിപ്പെടുന്നു. താഴേക്ക് ഒലിച്ചിറങ്ങിയ വെളളത്തിന് തിരിച്ചു മലയിലേക്കു പ്രവഹിക്കാന്‍ കഴിയുമെങ്കില്‍, മുകളിലേക്കു വളര്‍ന്നു വലുതായ വൃക്ഷത്തിന്‍റെ വളര്‍ച്ചയ്ക്ക് താഴെയുളള വേരുകളിലേക്കു വ്യാപിക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ എന്നില്‍ നിന്നു ഉത്ഭവിച്ചിച്ചുളള ജീവജാലങ്ങളുടെ ലോകം എന്നെ മനസ്സിലാക്കുകയുളളു. ഒരു വടവൃക്ഷത്തിന് അതിന്‍റെ ബീജത്തില്‍ ഒതുങ്ങാന്‍ കഴിയുമെങ്കില്‍, അഥവാ മഹാസമുദ്രത്തിന് ഒരു തിരമാലയായി രൂപാന്തരപ്പെടാന്‍ കഴിയുമെങ്കില്‍, അഥവാ പ്രപഞ്ചത്തെ മുഴുവന്‍ ഒരു അണുവില്‍ ഉള്‍ക്കൊളളിക്കാന്‍ കഴിയുമെങ്കില്‍, എന്നില്‍ നിന്ന് ഉത്ഭവിച്ചിട്ടുളള ഋഷികള്‍ക്കും ദേവതകള്‍ക്കും സകല ചരാചരങ്ങള്‍ക്കും എന്നെ അറിയാന്‍ കഴിഞ്ഞുവെന്നു വരും.