ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 3
യോ മാമജമനാദിം ച
വേത്തി ലോകമഹേശ്വരം
അസംമൂഢഃ സ മര്‍ത്ത്യേഷു
സര്‍വ്വപാപൈഃ പ്രമുച്യതേ.
ആരാണോ ജന്മരഹിതനും അനാദിയും ലോകമഹേശ്വരനുമായിട്ട് എന്നെ അറിയുന്നത്, മനുഷ്യരില്‍ അവനാണ് വിവേകി. അവന്‍ എല്ലാ പാപങ്ങളില്‍നിന്നും മോചനം നേടുന്നു.
എന്‍റെ ദിവ്യമായ സ്വരൂപം അവേദ്യമാണെങ്കിലും ഭൗതിക ജീവിതത്തിലെ പ്രയാണങ്ങളെല്ലാം പരിത്യജിച്ച്, ഇന്ദ്രിയസുഖങ്ങളില്‍ വിരക്തനായി, ദേഹബുദ്ധി കൈവെടിഞ്ഞ്, പഞ്ചഭൂതങ്ങളുടെ സിംഹാസനത്തിലിരുന്ന് അവയെ അടക്കി ഭരിച്ചാല്‍, അവന്‍റെ ചിത്തം എന്നിലുറയ്ക്കുകയും അവന്‍റെ ആത്മജ്ഞാനത്തിന്‍റെ സുവ്യക്തപ്രകാശത്തില്‍, ഞാന്‍ എല്ലാ ജീവജാലങ്ങളുടേയും നാഥനാണെന്നും കാര്യകാരണബന്ധങ്ങള്‍ക്ക് അതീതനാണെന്നും അനാദിയാണെന്നും അവന് അറിയാന്‍ കഴിയുകയും ചെയ്യും. അപ്രകാരമുളളവന്‍ കല്ലുകളില്‍ സ്പര്‍ശമണിയാണ്; ദ്രാവകങ്ങളില്‍ അമൃതാണ്. അവന്‍ എന്‍റെ ദിവ്യത്വത്തിന്‍റെ മര്‍ത്ത്യരൂപത്തിലുളള അംശമാണ്. അവന്‍ ചരിക്കുകയും സംസാരിക്കുകയയും ചെയ്യുന്ന, വിജ്ഞാനത്തിന്‍റെ സചേതന വിഗ്രഹമാണ്. അവന്‍റെ അവയവങ്ങള്‍ ആനന്ദത്തിന്‍റെ ശിഖരങ്ങളാണ്. അവന്‍റെ മര്‍ത്ത്യശരീരം മറ്റുളളവര്‍ക്ക് മായാജനകമാണ്. കര്‍പ്പൂരത്തിന്‍റെ ഇടയില്‍ വീഴാന്‍ ഇടയാകുന്ന വൈരക്കല്ല് വെളളംകൊണ്ട് നനഞ്ഞാലും ആവിയായി പോവുകയില്ല. അതുപോലെ, അവന്‍ ഒരു സാധാരണക്കാരനെപ്പോലെ കാണപ്പെടുമെങ്കിലും പ്രകൃതിയുടെ മായാശക്തിക്ക് അവനെ അശുദ്ധനാക്കാന്‍ സാധ്യമല്ല. പാപങ്ങള്‍ അവയുടെ ജീവനുവേണ്ടി അവനെ ഭയന്ന് ഓടിമറയുന്നു. അഗ്നിക്കിരയായ ചന്ദനമരച്ചോട്ടില്‍ നിന്ന് സര്‍പ്പം ഒഴിഞ്ഞുപോകുന്നതുപോലെ എന്നെ അറിയുന്ന ഒരുവനില്‍നിന്ന് എല്ലാ ആഗ്രഹങ്ങളും വിട്ടകലുന്നു. എന്നെ അറിയുന്നത് എങ്ങനെയാണെന്നും എന്‍റെ സ്വരൂപസ്ഥിതി എപ്രകാരമാണെന്നും മനസ്സിലാക്കണമെന്നുളള ചിന്ത നിനക്കുണ്ടായിട്ടുണ്ടെങ്കില്‍ ഞാന്‍ അതു നിനക്കു പറഞ്ഞുതരാം. ശ്രദ്ധിക്കുക. ഈ പ്രപഞ്ചത്തിലുളള വിവിധ ജീവജാലങ്ങളില്‍, അവയുടെ സഹജമായ രൂപത്തില്‍, എന്‍റെ പ്രകടിതരൂപം പരന്നു കിടക്കുന്നു.