ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 4, 5

ബുദ്ധിര്‍ജ്ജഞാനമസമ്മോഹഃ
ക്ഷമാ സത്യം ദമഃ ശമഃ
സുഖം ദുഃഖം ഭവോƒഭാവോ
ഭയം ചാഭയമേവ ച

അഹിംസാ സമതാ തുഷ്ടിഃ
തപോദാനം യശോƒയശഃ
ഭവന്തി ഭാവാ ഭൂതാനാം
മത്ത ഏവ പൃഥിഗ് വിധാഃ

ബുദ്ധി, ജ്ഞാനം, മോഹമില്ലായ്മ, ക്ഷമ, സത്യം, ദമം, ശമം, സുഖം, ദുഃഖം, ഉത്ഭവം, നാശം, ഭയം, അഭയം, അഹിംസ, സന്തുഷ്ടി, തപസ്, ദാനം, യശസ്സ്, അയശസ്സ് എന്നിങ്ങനെ ഭൂതങ്ങളുടെ നാനാ ഭാവങ്ങള്‍ എന്നില്‍നിന്നും തന്നെ ഉണ്ടാകുന്നവയാകുന്നു.

എന്‍റെ നാനാഭാവങ്ങളില്‍ പ്രഥമവും പ്രധാനമായിട്ടുളളതും ബുദ്ധിയാണ്. അടുത്തതായി നിസ്സീമമായ ജ്ഞാനം, മോഹമില്ലായ്മ, സഹനശീലം, ക്ഷമ, സത്യം തുടങ്ങിയവയോടൊപ്പം ബാഹ്യവൃത്തികളുടെ നിഗ്രഹം (ദമം) അകമേയുളള ഇന്ദ്രിയങ്ങളുടെ അടക്കം (ശമം) എന്നിവയും ഉള്‍പ്പെടുന്നു. അര്‍ജ്ജുനാ, അതുപോലെ ഈ ലോകത്തിലുളള സുഖദുഃഖങ്ങളുടേയും ജനനമരണങ്ങളുടേയും ഉത്ഭവവും എന്നില്‍നിന്നു തന്നെയാണ്. ഭയം, നിര്‍ഭയത്വം, അഹിംസ, സമഭാവന, സംതൃപ്തി, തീവ്രവിരക്തി, ദാനധര്‍മ്മം, കീര്‍ത്തി, അകീര്‍ത്തി തുടങ്ങി സൃഷ്ടിക്കപ്പെട്ട ജീവജാലങ്ങളില്‍ കാണുന്ന ജീവഭാവങ്ങളെല്ലാം തന്നെ എന്‍റെ നിത്യമായ സത്വത്തില്‍ നിന്നല്ലാതെ മറ്റൊരിടത്തുനിന്നും ഉത്ഭൂതമായതല്ല. ജീവജാലങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതുപോലെ എന്‍റെ ഭാവവും വ്യത്യസ്തമാണ്. ഇവയില്‍ ചിലതിന് എന്‍റെ ദിവ്യമായ പൊരുളിനെപ്പറ്റി അറിവുണ്ടായിരിക്കും. മറ്റുളളവയ്ക്ക് ഇതേപ്പറ്റി അജ്ഞതയാണുളളത്. സൂര്യോദയത്തില്‍ പ്രകാശം വിരിയുന്നു. സൂര്യാസ്തമനത്തില്‍ ഇരുട്ട് പരക്കുന്നു. രണ്ടും സൂര്യനില്‍ നിന്നുണ്ടാകുന്നതാണ്. ആകയാല്‍ എന്നെ അറിയുവാനും അറിയാതിരിക്കുവാനുമുളള കാരണം പൂര്‍വജന്മത്തിലെ കര്‍മ്മങ്ങളുടെ ഫലത്തെ ആശ്രയിച്ചാണിരിക്കുന്നത്. തന്മൂലം വിവിധ ജീവജാലങ്ങളില്‍ വ്യത്യസ്ത രീതിയിലുളള ഭാവങ്ങള്‍ ഉല്‍പ്പത്തിയെടുക്കുന്നു. ഇപ്രകാരം ജീവജാലങ്ങളുടെ പ്രപഞ്ചം മുഴുവനും എന്‍റെ സ്വഭാവത്തില്‍ നിമഗ്നമായിരിക്കുന്നു. ഇനിയും സൃഷ്ടിയുടെ പതിനൊന്നു പ്രക്ഷേപകരെപ്പറ്റി നിന്നോടു പറയാം. അവരുടെ ആജ്ഞയനുസരിച്ചാണ് എല്ലാ ജീവജാലങ്ങളും പ്രവര്‍ത്തിക്കുന്നത്. അവരാണ് ഈ ലോകത്തെ പരിപോഷിപ്പിക്കുന്നതും.