ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 6
മഹര്‍ഷയഃ സപ്ത പൂര്‍വ്വേ
ചത്വാരോ മനവസ്തഥാ
മദ്ഭാവാ മാനസാ ജാതാ
യേഷാം ലോക ഇമാഃ പ്രജാഃ
സപ്തര്‍ഷിമാരും അവര്‍ക്കുമുമ്പുളള സനകാദി നാലു മഹര്‍ഷിമാരും അപ്രകാരംതന്നെ സ്വയംഭൂവാദി മനുക്കളും എന്‍റെ പ്രഭാവത്തോടുകൂടിയവരായി ഹിരണ്യഗര്‍ഭരൂപമായ എന്‍റെ സങ്കല്പമാത്രത്തില്‍ നിന്നുണ്ടായവരാകുന്നു. അവരില്‍ നിന്നാണ് ലോകത്തില്‍ കാണപ്പെടുന്ന ഈ സകല പ്രാണികളും ഉണ്ടായിരിക്കുന്നത്.
ധാര്‍മ്മികതയുടെ മുന്നില്‍ നില്‍ക്കുന്നവരും നിഷ്ണാതന്മാരും പ്രഖ്യാതന്മാരുമായ സപ്തര്‍ഷികളുണ്ട്. അവര്‍ക്കു പുറമെ പതിനാല് മനുക്കളുളളതില്‍ നാലുപോരാണ് പ്രധാനികള്‍. സ്വായംഭൂമനു ഇവരില്‍ മുഖ്യനാണ്. അല്ലയോ ധനുര്‍ദ്ധര, പ്രപഞ്ചസൃഷ്ടിക്കുവേണ്ടി എന്‍റെ മനസ്സില്‍ നിന്ന് ഉത്ഭവിച്ച പതിനൊന്നു പ്രക്ഷേപകരാണിവര്‍. അതിനു മുമ്പ് ലോകംതന്നെ ശരിക്കും രൂപം പ്രാപിച്ചിരുന്നില്ല. മൂന്നു ലോകങ്ങളും വേണ്ടവിധത്തില്‍ ക്രമീകരിച്ചിരുന്നില്ല. പഞ്ചഭൂതങ്ങള്‍ പ്രവര്‍ത്തന രഹിതങ്ങളായിരുന്നു. എന്‍റെ മാനസപുത്രന്മാരായ പതിനൊന്നുപേര്‍ ലോകത്തിനു രൂപം കൊടുക്കുകയും അതു പരിപാലിക്കാനായി ലോകപാലകന്മാരേ സൃഷ്ടിക്കുകയും ചെയ്തു. ഇപ്രകാരം ഈ പതിനൊന്നുപേരും രാജാക്കന്മാരും ലോകത്തുളളവരെല്ലാവരും അവരുടെ പ്രജകളുമാണ്. അങ്ങനെ ഈ പ്രപഞ്ചത്തിന്റെ മുഴുവന് പ്രകടിത രൂപവും ഞാനാണെന്നറിയുക. തുടക്കത്തില് ഒരു ബീജം മാത്രമായിരിക്കും. അത് മുളച്ച് തണ്ടാകുന്നു. തണ്ടില് നിന്നു ശാഖകളും ഉപശാഖകളും വളരുന്നു. അതിന്മേലൊക്കെ ഇലകളും പടര്‍പ്പുകളും ഉണ്ടാകുന്നു. പിന്നീടത് പുഷ്പിക്കുകയും കനികള്‍ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയാണ് ഒരു വൃക്ഷം വളരുന്നത്. ചിന്തിച്ചു നോക്കിയാല്‍ യഥാര്‍ത്ഥത്തില്‍ ഒരു ചെറിയ വിത്താണ് വലിയ വൃക്ഷമായി പടര്‍ന്നു പന്തലിച്ചത്. അതുപോലെ ആദിയില്‍ ഞാന്‍ മാത്രമായിരുന്നു. എന്നില്‍ നിന്നു മനസ്സുണ്ടായി. മനസ്സില്‍നിന്ന് ഏഴു ഋഷികളേയും നാലു മനുക്കളേയും സൃഷ്ടിച്ചു. അവര്‍ ലോകപാലകന്മാരെ ഉത്ഭവിപ്പിച്ചു. ലോകപാലകന്മാര്‍ വിവിധ വര്‍ഗ്ഗങ്ങളെ സൃഷ്ടിച്ചു. ഈ വര്‍ഗ്ഗങ്ങളില്‍ നിന്ന് എല്ലാ ജീവജാലങ്ങളും ജനിച്ചു. അങ്ങനെ സമസ്തപ്രപഞ്ചവും എന്റെ സത്ത്വത്തില്‍ നിന്ന് രൂപം പ്രാപിച്ച് വിസ്തൃതമായതാണ്. എന്നിലും എന്റെ ഭാവങ്ങളിലും വിശ്വാസമുളള ഒരുവന് ഈ വസ്തുത ബോധ്യമാകുന്നതിനുളള ഉള്‍ക്കാഴ്ചയുടെ അനുഗ്രഹം ലഭിക്കും.