ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 7

ഏതാം വിഭൂതിം യോഗം ച
മമ യോ വേത്തി തത്ത്വതഃ
സോƒവികമ്പേന യോഗേന
യുജ്യതേ നാത്ര സംശയഃ

എന്റെ ഈ വിഭൂതിയേയും യോഗത്തേയും (യോഗശക്തിയേയും) ആരറിയുന്നുവോ, അവന് അചഞ്ചലമായ യോഗത്താല് യുക്തനായിത്തീരുന്നു. അക്കാര്യത്തില് സംശയമില്ല.

അല്ലയോ അര്‍ജ്ജുന, ഈ പ്രപഞ്ചമൊട്ടാകെ എന്‍റെ പ്രകടിത രൂപങ്ങളും ഭാവങ്ങളും വ്യാപിച്ചിരിക്കുകയാണ്. അതുകൊണ്ട് സൃഷ്ടാവായ ബ്രഹ്മാവുമുതല്‍ ഉറുമ്പുവരെയുളള എല്ലാറ്റിലും പരമാത്മാവായ ഞാനല്ലാതെ മറ്റൊന്നുമില്ല. ഈ യാഥാര്‍ത്ഥ്യം ഗ്രഹിക്കുന്ന ഒരുവന്‍റെ ഹൃദയത്തില്‍ വിജ്ഞാനത്തിന്‍റെ വെളിച്ചം വീശുമ്പോള്‍, ജീവജാലങ്ങള്‍ തമ്മിലുളള വ്യത്യാസവും നന്മതിന്മകള്‍ തമ്മിലുളള അന്തരവും അവന്‍റെ അന്തരംഗത്തില്‍ നിന്ന് അകന്നു പോകുന്നു. ഏകത്വത്തിന്‍റെ അനുഭവത്തില്‍കൂടി ഞാനും എന്‍റെ പ്രകടിതരൂപങ്ങളും അതിലന്തര്‍ഭവിച്ചിരിക്കുന്ന വ്യത്യസ്ത രൂപവികാരങ്ങളും ഞാന്‍ മാത്രമാണെന്നു നീ മനസ്സിലാക്കണം. അതാണ് അവികല്പമായ യോഗം അഥവാ ബ്രഹ്മാനുഭവം. ഈ അനുഭവത്തില്‍കൂടി നീ ഞാനുമായി താദാത്മ്യം പ്രാപിക്കുകയും നീ നിന്‍റെ ലക്ഷ്യത്തില്‍ എത്തിച്ചേരുകയും ചെയ്യും. ഇക്കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.