ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 8

അഹം സര്‍വ്വസ്യ പ്രഭവോ
മത്തഃ സര്‍വ്വം പ്രവര്‍ത്തതേ
ഇതി മത്വാ ഭജന്തേ മാം
ബുധാ ഭാവസമന്വിതാഃ

ഞാന്‍ സകല ജഗത്തിന്‍റേയും ഉല്പത്തിക്കു ഹേതുവാകുന്നു. എന്നില്‍നിന്നു തന്നെ (ബുദ്ധി, ജ്ഞാനം, അസമ്മോഹം മുതലായ) സകലവും പ്രവര്‍ത്തിക്കുന്നു. ഇപ്രകാരം അറിഞ്ഞ് വിവേകികള്‍ പ്രീതിയോടുകൂടിയവരായി എന്നെ ഭജിക്കുന്നു.

അല്ലയോ പാണ്ധുപുത്ര, ഈ പ്രപഞ്ചത്തിന്‍റെ ഉല്‍പത്തിയുടേയും നിലനില്‍പിന്‍റേയും ഉറവിടം ഞാന്‍ മാത്രമാണ്. തിരമാലകളുടേ പ്രവാഹം തന്നെ നോക്കുക. അവ വെളളത്തില്‍ ഉയരുന്നു. വെളളത്തെത്തന്നെ ആലംബമാക്കുന്നു. വെളളത്തില്‍തന്നെ നിലനില്‍ക്കുന്നു. തിരമാലകളുടെ എല്ലാ അസ്തിത്വലും ജലത്തില്‍ ആയിരിക്കുന്നതുപോലെ ഞാനല്ലാതെ മറ്റൊരു പൊരുള്‍ ഈ പ്രപഞ്ചത്തിലില്ല. ഇതറിയുന്ന ആത്മജ്ഞാനികള്‍ എന്‍റെ സര്‍വ്വവ്യാപകമായ ഭാവം മനസ്സിലാക്കി യഥാര്‍ത്ഥഭക്തിയോടും പ്രേമവായ്പോടുംകൂടി, ദേശകാലവര്‍ത്തമാന ചിന്തകളില്ലാതെ, വിഹായസ്സില്‍ വായു അലിഞ്ഞു ചേരുന്നതുപോലെ, എന്‍റെ സത്വത്തില്‍ അലിഞ്ഞു ചേര്‍ന്നുകൊണ്ട് എന്നെ ഭജിക്കുന്നു. ഇപ്രകാരമുളളവര്‍ എന്നെ നിധിപോലെ സങ്കല്പിച്ച് ഹൃദയത്തില് സൂക്ഷിച്ചുകൊണ്ടും വിനോദപ്രിയരെപ്പോലെ ഉല്ലസിച്ചുകൊണ്ടും എല്ലാവരേയും ഈശ്വരാംശമെന്നു കരുതി വണങ്ങികൊണ്ടും അവരുടെ ജീവിതം ആനന്ദകരമായി നയിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തിലുളള ഭക്തിയോഗമെന്നറിഞ്ഞാലും.