ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 10

തേഷാം സതതയുക്താനാം
ഭജതാം പ്രീതിപൂര്‍വ്വകം
ദദാമി ബുദ്ധിയോഗം തം
യേന മാമുപയാന്തി തേ

എല്ലായ്പോഴും എന്നില്‍ ചിത്തമുറപ്പിച്ച് പരമപ്രേമത്തോടെ എന്നെ ഭജിക്കുന്ന അവര്‍ക്ക് ബുദ്ധിയോഗം (ബുദ്ധികൊണ്ട് എന്നെ കണ്ടനുഭവിക്കാനുളള കഴിവ്, അഥവാ സവികല്പസമാധി) ഞാന്‍ നല്‍കുന്നു. അതുവഴി ആ ഭക്തന്മാര്‍ എന്‍റെ സമീപത്ത് എത്തിച്ചേരുന്നു.

അല്ലയോ അര്‍ജ്ജുന, ഞാന്‍ അവര്‍ക്കു കൊടുക്കണമെന്ന് ആഗ്രഹിക്കുന്ന പാരിതോഷികം എന്തുതന്നെ ആയാലും അവര്‍ അതിനേക്കാളേറെ ഉത്കൃഷ്ടമായ ഉപഹാരം തിരഞ്ഞെടുത്തിരിക്കുന്നു. എന്നിലെത്താനായി അവര്‍ യാത്രചെയ്യുന്ന രാജവീഥി പരിഗണിക്കുമ്പോള്‍ സ്വര്‍ഗ്ഗത്തിലേക്കും മോചനത്തിലേക്കുമുളള പാതകള്‍ വെറും ചിറ്റടിപാതകള്‍ മാത്രമാണ്. അവര്‍ക്ക് എന്നോടുളള അന്യൂനമായ പ്രേമവായ്പാണ് ഞാന്‍ അവര്‍ക്കു നല്‍കിയിരിക്കുന്ന പ്രതിഗ്രഹം. ഞാന്‍ ഇത് അവര്‍ക്കു ദാനം ചെയ്യണമെന്ന് വിചാരിക്കുന്നതിനു മുമ്പുതന്നെ അവര്‍ അത് കൈവശപ്പെടുത്തിക്കഴിഞ്ഞു. എന്‍റെ ഇപ്പോഴത്തെ ഒരേ ആഗ്രഹം അവര്‍ക്ക് എന്നോടുളള പ്രേമവായ്പ് വര്‍ദ്ധിച്ചുവരണമെന്നും അതിന് കാലത്തിന്‍റെ ദൃഷ്ടിദോഷം സംഭവിക്കരുതെന്നുമാണ്. ഒരമ്മ തന്‍റെ കുഞ്ഞിന്‍റെ പിന്നാലെ നടന്ന് ശിശുസഹജമായ ചേഷ്ടിതങ്ങളെ അഭിനന്ദിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതുപോലെ എന്‍റെ ഭക്തന്മാരുടെ പ്രേമവായ്പിനെ എല്ലാവിധത്തിലും പ്രോത്സാഹിപ്പിക്കുന്നത് എനിക്ക് ആഹ്ലാദകരമായ ഒരു കൃത്യമാണ്. അവര്‍ എന്നിലെത്തുന്നതിനായി അവലംബിക്കുന്ന പ്രത്യേകമായ ഉപാസനാമാര്‍ഗ്ഗങ്ങളെ ശക്തിപ്പെടുത്തുന്നതിന് ഞാന്‍ എല്ലായ്പ്പോഴും ശ്രദ്ധിക്കുന്നതാണ്. എന്‍റെ ഭക്തന്മാര്‍ അവരുടെ അനന്യഭക്തികൊണ്ട് എന്നെ വശത്താക്കിയിരിക്കുന്നതുപോലെ, ഞാന്‍ അവരില്‍ അങ്ങേയറ്റം ആസക്തനായിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ ഇതുപോലെ പ്രേമവായ്പോടുകൂടിയ ഭക്തന്മാര്‍ എന്‍റെ ഗേഹത്തില്‍ വളരെ വിരളമാണ്. സാധാരണക്കാരായ ഭക്തന്മാര്‍ക്ക് സ്വര്‍ഗ്ഗത്തിലേക്കും മുക്തിയിലേക്കും നടന്നുതെളിഞ്ഞ വഴികള്‍ ഞാന്‍ തുറന്നുകൊടുത്തിട്ടുണ്ട്. ആദിശേഷനും ലക്ഷ്മീദേവിക്കും എന്‍റെ ശരീരം മാത്രമേ ഞാന്‍ കൊടുത്തിട്ടുളളു. എന്നാല്‍ എല്ലാറ്റിനും ഉപരിയായിട്ടുളള ആത്മജ്ഞാനത്തിന്‍റെ പരമാനന്ദം ഞാന്‍ എന്‍റെ ഉറ്റഭക്തന്മാര്‍ക്കുവേണ്ടി പ്രത്യേകം നീക്കിവെച്ചിരിക്കുകയാണ്. അല്ലയോ അര്‍ജ്ജുന, ഇപ്രകാരം ഞാന്‍ എന്റെ ഉപാസകരെ സ്നേഹിക്കുകയും അവരെ എന്നോടു ചേര്‍ത്തുനിര്‍ത്തുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രേമവായ്പിനെപ്പറ്റി വര്‍ണ്ണിക്കാന്‍ വാക്കുകള്‍ അശക്തമാണ്.