ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 11
തേഷാമേവാനുകമ്പാര്‍ത്ഥം
അഹമജ്ഞാനജം തമഃ
നാശയാമ്യാത്മഭാവസ്ഥഃ
ജ്ഞാനദീപേന ഭാസ്വതാ.
ബുദ്ധിയോഗം നേടിയ ആ ഭക്തരുടെ നന്മയെ ലക്ഷ്യമാക്കിത്തന്നെ ഞാന്‍ അവരുടെ ഉളളിലിരുന്നു കൊണ്ട് ജ്ഞാനദീപം ജ്വലിപ്പിച്ച് അവരുടെ അജ്ഞാനത്തില്‍ നിന്നുണ്ടായ ഇരുട്ടിനെ നിശ്ശേഷം ഇല്ലാതാക്കുന്നു.
നിരന്തരവും നിസ്തന്ദ്രവുമായ ഭക്തികൊണ്ട് എന്നെ ശരണം പ്രാപിച്ചിട്ടുളളവരും എന്നെ ജീവിതത്തില്‍ കേന്ദ്രബിന്ദുവായി അംഗീകരിച്ചിട്ടുളളവരും മറ്റൊന്നിനെപ്പറ്റിയും ചിന്തിക്കാത്തവരുമായ വിജ്ഞാനസമ്പന്നന്മാരുടെ മുന്നില്‍, അവരുടെ ദീപയഷ്ടി വാഹകനായി കര്‍പ്പൂരദീപം കൊളുത്തി പകല്‍ വെളിച്ചത്തില്‍പോലും നടക്കാന്‍ ഞാന്‍ ഒരുക്കമാണ്. ഈ ഭക്തന്മാരുടെ അജ്ഞതയാകുന്ന അന്ധകാരം നീക്കിക്കളഞ്ഞ് അവര്‍ക്ക് ശാശ്വതമായ വെളിച്ചം ഞാന്‍ നല്‍കുന്നു.
ഭക്തവത്സലനായ പരമപുരുഷന്‍ ഇപ്രകാരം പ്രസ്താവിച്ചു കഴിഞ്ഞപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു :
എന്‍റെ ആഗ്രഹങ്ങളെല്ലാം ഇന്നു സഫലമായിരിക്കുന്നു. പ്രഭോ, ഭൗതികജീവിതത്തിന്‍റെ മാലിന്യങ്ങള്‍ എന്‍റെ മനസ്സില്‍ നിന്ന് അങ്ങ് തൂത്തെറിഞ്ഞിരിക്കുന്നു. ജനനമരണങ്ങളുടെ പരിവൃത്തിയില്‍നിന്ന് അങ്ങ് എന്നെ മോചിപ്പിച്ചിരിക്കുന്നു. എന്‍റെ ജീവിതലക്ഷ്യത്തെപ്പറ്റി ഞാന്‍ ഇന്നു ബോധവാനായിരിക്കുന്നു. അനശ്വരമായ ജീവിതം എനിക്ക് കരഗതമായിരിക്കുന്നു. ഞാന്‍ സംതൃപ്തനായിരിക്കുന്നു. അങ്ങയുടെ പവിത്രമായ വാക്കുകള്‍ നേരില്‍ കേള്‍ക്കുന്നതിനുളള കാരുണ്യം അങ്ങ് എന്നോടു കാണിച്ചിരിക്കുന്നു. അങ്ങയുടെ അമൃതവാണിയുടെ വെളിച്ചത്തില്‍ അജ്ഞതയുടെ അന്ധകാരം എന്നെ വിട്ടകന്നിരിക്കുന്നു. അങ്ങയുടെ യഥാര്‍ഥ പൊരുള്‍ മനസ്സിലാക്കിയ ഞാന്‍ പരമഭാഗ്യവാനായിത്തീര്‍ന്നിരിക്കുന്നു.