ജ്ഞാനേശ്വരി ഭഗവദ്ഗീത ഭാഷ്യം

വിശ്വനാഥന്‍ പരമമായ ബ്രഹ്മവും പരമമായ പ്രാപ്യസ്ഥാനവും ( ജ്ഞാ.10.12,13)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 12,13

അര്‍ജ്ജുന ഉവാച:

പരം ബ്രഹ്മ പരം ധാമ
പവിത്രം പരമം ഭവാന്‍
പുരുഷം ശാശ്വതം ദിവ്യം
ആദിദേവമജം വിഭും.

ആഹുസ്ത്വാമൃഷയഃ സര്‍വേ
ദേവര്‍ഷിര്‍ന്നാരദസ്തഥാ
അസിതോ ദേവലോ വ്യാസഃ
സ്വയം ചൈവ ബ്രവീഷി മേ.

പരമമായ ബ്രഹ്മവും പരമമായ പ്രാപ്യസ്ഥാനവും പരമ പവിത്രസ്വരൂപിയുമാണങ്ങ്. അങ്ങയെ ശാശ്വതദിവ്യപുരുഷന്‍, ആദിദേവന്‍, ജനനരഹിതന്‍, സര്‍വ്വവ്യാപി എന്നൊക്കെ സര്‍വ്വഋഷിമാരും ദേവര്‍ഷിയായ നാരദനും അസിതനും ദേവലനും വ്യാസനും പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ സ്വയമങ്ങും അതുതന്നെ എന്നോടു പറയുന്നു.

പ്രഭോ! വിശ്വനാഥാ! അങ്ങ് പരബ്രഹ്മമാണ്. പഞ്ചമഹാഭൂതങ്ങളുടെ തൊട്ടിലാണ്. പവിത്രമായ എല്ലാറ്റിലും വെച്ച് പവിത്രമാണ്. ത്രിമൂര്‍ത്തികളില്‍ അഗ്രേസരനാണ്. പരംപുരുഷനായ അങ്ങ് മായാതീതനാണ്. അങ്ങ് അനാദിയാണ്. അങ്ങേയ്ക്ക് ജനനമരണങ്ങളില്ല. അങ്ങ് ത്രികാലജ്ഞനാണ്. ഭാവിയുടേയും ഭൂതത്തിന്‍റേയും വര്‍ത്തമാനകാലത്തിന്‍റേയും ചരടുവലിക്കുന്നത് അവിടുന്നാണ്. ജീവന്‍ തുടിക്കുന്ന എല്ലാറ്റിന്‍റേയും കുലദേവതയാണ്. ഈ വിശ്വത്തിന്‍റെ നിയന്ത്രകനാണ്.

മറ്റുവിധത്തിലും ഈ സത്യങ്ങളൊക്കെ എനിക്കറിയാന്‍ ഇടയായിട്ടുണ്ട്. പൂര്‍വകാലങ്ങളില്‍ അങ്ങയെപ്പറ്റി ഇപ്രകാരമുളള കഥകള്‍ ഋഷിമാര്‍ ഞങ്ങളെ പറഞ്ഞ് കേള്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മാത്രമേ അതിന്‍റെ സത്യാവസ്ഥ ബോധ്യമായുളളു. പ്രഭോ, ഇത് അങ്ങയുടെ കാരുണ്യം കൊണ്ട് മാത്രമാണ്. പൂജ്യനായ നാരദമഹര്‍ഷി ഞങ്ങളുടെ ഗൃഹം സന്ദര്‍ശിക്കുകയും അങ്ങയുടെ മാഹാത്മ്യമത്തെപ്പറ്റി ഗാനങ്ങള്‍ ആലപിക്കുകയും ചെയ്തിട്ടുണ്ട്. അപ്പോഴൊക്കെ അദ്ദേഹത്തിന്‍റെ സംഗീതസുധാരസത്തിലാണ് ഞങ്ങള്‍ ആകൃഷ്ടരായിരുന്നത്. ആ ഗാനങ്ങളില്‍ അന്തര്‍ഭവിച്ചിരുന്ന ആഴമേറിയ അര്‍ത്ഥം ഞങ്ങള്‍ ഗൗനിച്ചില്ല. അരുണന്‍റെ പ്രകാശം അന്ധന്‍റെ വീട്ടില്‍ എത്തുമ്പോള്‍ അവന്‍ അതിന്‍റെ ചൂടറിയും. എന്നാല്‍ എങ്ങനെയാണ് പ്രകാശം കാണുന്നത്? അപ്രകാരം നാരദമുനി ആത്മതത്ത്വത്തെക്കുറിച്ച് ഞങ്ങള്‍ക്കു പ്രബോധനം നല്‍കിയപ്പോള്‍ ഞങ്ങളുടെ ഹൃദയതന്തുക്കളില്‍ തട്ടിയത് അദ്ദേഹത്തിന്‍റെ വീണയുടെ മധുരക്വാണമാണ്. അങ്ങയുടെ ദിവ്യമായ മാഹാത്മ്യത്തെപ്പറ്റി അസിതനും ദേവലനും പുകഴ്ത്തുന്നതും ഞാന്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ആ സമയത്ത് എന്‍റെ മനസ്സ് വിഷയസുഖങ്ങളുടെ വിഷംകൊണ്ട് നിറഞ്ഞിരിക്കുകയായിരുന്നു. ഉഗ്രമായ ഈ വിഷം മധുരമായ പരമാര്‍ത്ഥതത്ത്വത്തെ തിക്തമായും തിക്തമായ വിഷയസുഖങ്ങളെ മധുരമായും കരുതി ആസ്വദിക്കാന്‍ ഇടയാക്കുന്നു. എന്തിനു മറ്റുളളവരുടെ കാര്യം പറയുന്നു? വ്യാസന്‍പോലും ഞങ്ങളുടെ കൊട്ടാരത്തില്‍ വന്ന് അങ്ങയുടെ മഹത്തായ ജീവിതത്തെപ്പറ്റി വര്‍ണ്ണിച്ചിട്ടുണ്ട്. അന്നൊക്കെ, രാത്രിയില്‍ കാലില്‍തട്ടി വീണിട്ടും അറിയാതെ, പ്രഭാതത്തില്‍ വെളിച്ചം വീശിയപ്പോള്‍ മാത്രം താന്‍ ചവുട്ടി വീണത് ചിന്താമണിരത്നമായിരുന്നുവെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞ ഒരുവനെപ്പോലെയായിരുന്നു ഞാന്‍. അപ്രകാരം വ്യാസാദി മഹര്‍ഷിമാരുടെ പ്രബോധനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ജ്ഞാനത്തിന്‍റെ രത്നഖനികളായിരുന്നെങ്കിലും ഞാന്‍ അതിനെ തളളിമാറ്റിക്കളഞ്ഞു. എന്നാല്‍ ഇപ്പോഴാകട്ടെ അങ്ങയുടെ ഉപദേശത്തിന്‍റെ വെളിച്ചത്തില്‍ അവരുടെ പ്രബോധനങ്ങള്‍ വിലമതിക്കാനാവാത്തവയായിരുന്നുവെന്ന് മനസ്സിലാക്കുന്നു.

Back to top button
Close