ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 15
സ്വയമേവാത്മനാത്മാനം
വേത്ഥ ത്വം പുരുഷോത്തമ
ഭൂതഭാവന ഭൂതേശ
ദേവദേവ ജഗത്പതേ.
ചരാചരങ്ങല്‍ക്ക് ആദികാരണനും അധീശനും ദേവദേവേശനും ജഗത്പതിയുമായ ഹേ പുരുഷോത്തമ, അങ്ങു മാത്രമെ അങ്ങയെ അറിയുന്നുളളു – അതും തന്നത്താന്‍, ഇതര കാരണങ്ങളുടെ ആശ്രയമില്ലാതെ.
വാനത്തിന്‍റെ നിസീമമായ വിസ്താരം വാനത്തിനുമാത്രം അറിവുളളതുപോലെ, ഭൂമിയുടെ ഭാരം ഭൂമിക്കുമാത്രം അറിയാവുന്നതുപോലെ, ലക്ഷ്മീകാന്തനായ അങ്ങയുടെ അമേയപ്രഭാവം അങ്ങേയ്ക്ക് മാത്രമാണ് അറിവുളളത്. വേദങ്ങള്‍ക്കും ശാസ്ത്രങ്ങള്‍ക്കും പുരാണങ്ങള്‍ക്കും അങ്ങയെക്കുറിച്ച്
അറിയാമെന്നുപറയുന്നത് വെറും മേനിപ്പറച്ചിലാണ്. വേഗതയില്‍ ആര്‍ക്കെങ്കിലും മനസ്സിനെ വെല്ലാന്‍ കഴിയുമോ? വായുവിനെ അര്‍ക്കാണ് മുഷ്ടിക്കുളളില്‍ ഒതുക്കാന്‍ കഴിയുക? ആദിശൂന്യമാകുന്ന മഹാസമുദ്രം മനുഷ്യകരങ്ങള്‍കൊണ്ട് നീന്തിക്കടക്കാന്‍ കഴിയുമോ? അങ്ങയെ അറിയുക അത്രത്തോളം അസാധ്യമാണ്. അങ്ങയെക്കുറിച്ചുളള സമ്പൂര്‍ണ്ണജ്ഞാനം മനുഷ്യന്‍റെ ബുദ്ധിവിഷയത്തിനുമപ്പുറത്താണ്. അങ്ങയുടെ യഥാര്‍ത്ഥമായ പൊരുള്‍ അറിയുന്നതിന് അങ്ങയുടെ അമേയമായ ജ്ഞാനത്തേക്കാള്‍ കുറഞ്ഞ യാതൊന്നുംകൊണ്ട് സാധ്യമല്ല. മറ്റുളളവര്‍ക്ക് അങ്ങയെ വെളിവാക്കിക്കൊടുക്കുന്നതിനുളള ശക്തി അങ്ങയുടെ വാക്കുകള്‍ക്കുണ്ട്. ആകയാല്‍ എന്‍റെ നെറ്റിയില്‍ പൊടിഞ്ഞിരിക്കുന്ന, അങ്ങയെ ദര്‍ശിക്കണമെന്നുളള എന്‍റെ ജീവിതാഭിലാഷത്തിന്‍റെ വിയര്‍പ്പു തുളളികള്‍ തുടച്ചുമാറ്റി എന്‍റെ ആഗ്രഹം നിറവേറ്റിത്തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു.
ഭഗവാനെ, ഞാന്‍ പറയുന്നതൊക്കെ അങ്ങ് കേള്‍ക്കുന്നുണ്ടോ? അല്ലയോ പ്രപഞ്ചസ്രഷ്ടാവേ, ഭൗതികജീവിതമാകുന്ന ഗജേന്ദ്രനെ ധ്വംസിക്കുന്ന കേസരിയാണങ്ങ്. സര്‍വ്വേശ്വരനായ അങ്ങയെ എല്ലാ ദേവന്മാരും ആരാധിക്കുന്നു. അങ്ങയുടെ പെരുമയെപ്പറ്റി മനസ്സിലാക്കിയിടത്തോളം കൊണ്ട് ഞാന്‍ അങ്ങയുടെ മുന്നില്‍ നില്‍ക്കാന്‍പോലും യോഗ്യനല്ല. എന്‍റെ യോഗ്യതയില്ലായ്മ കണക്കാക്കി ഞാന്‍ അങ്ങയോട് ഒരാനുകൂല്യം ചോദിക്കുന്നതിന് സങ്കോചപ്പെട്ടാല്‍ വേറെ എവിടെപ്പോയാണ് ഞാനതു സമ്പാദിക്കുന്നത്. സരിത്തും സാഗരവും ജലംകൊണ്ടു നിറഞ്ഞിരുന്നാലും കാര്‍മേഘങ്ങള്‍ ചൊരിയുന്ന ജലം കുടിച്ചുമാത്രമേ ചാതകപ്പക്ഷിയുടെ ദാഹം ശമിക്കുകയുളളു. അതുപോലെ ലോകത്തില്‍ അനേകം ഗുരുക്കന്മാരുണ്ടെങ്കിലും അങ്ങാണ് ഞങ്ങളുടെ എല്ലാറ്റിലും എല്ലാമായ ഗുരു. ഞാന്‍ ഇത്രയും പറഞ്ഞതുപോരെ? ഇനിയെങ്കിലും അങ്ങയുടെ പ്രകടിത രൂപങ്ങളെക്കുറിച്ച് പറഞ്ഞുതന്നാലും.