ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 16, 17, 18

വക്തുമര്‍ഹസ്യശേഷേണ
ദിവ്യാ ഹ്യാത്മവിഭൂതയഃ
യാഭിര്‍ വിഭൂതിര്‍ലോകാന്‍
ഇമാംസ്ത്വം വ്യാപ്യ തിഷ്ഠസി.

ഏതെല്ലാം വിശിഷ്ടരൂപങ്ങള്‍ കൈക്കൊണ്ടിട്ടാണോ ഈ ലോകമൊക്കെ നിറഞ്ഞ് അങ്ങ് സ്ഥിതിചെയ്യുന്നത്, ദിവ്യങ്ങളായ ആ ആത്മവിഭൂതികളെ മുഴുവനും എനിക്കു പറഞ്ഞുതന്നാലും.

അല്ലയോ പ്രഭോ, അങ്ങയുടെ പ്രത്യക്ഷനും വ്യാപ്തവുമായ പ്രകടിതരൂപങ്ങളം
എന്തൊക്കെയാണെന്ന് എനിക്കു പറഞ്ഞുതന്നാലും. ഏതൊക്കെ വിഭൂതികളെക്കൊണ്ടാണ് അങ്ങ് ലോകംമുഴുവന്‍ നിറഞ്ഞുനില്ക്കുന്നതെന്ന് എന്നെ അറിയിച്ചാലും.

കഥം വിദ്യാമഹം യോഗിന്‍
ത്വാം സദാ പരിചിന്തയന്‍
കേഷു കേഷു ച ഭാവേഷു
ചിന്ത്യോƒസി ഭഗവന്‍ മയാ.

ഹേ യോഗേശ്വരാ, ഞാന്‍ ഏതുവിധത്തില്‍ നിരന്തരം ഉപാസിച്ചാല്‍ അങ്ങയെ അറിയാന്‍ കഴിയും? അല്ലയോ ഭഗവാന്‍, ഏതേതു ഭാവങ്ങളിലാണ് ഞാന്‍ അങ്ങയെ ധ്യാനിക്കേണ്ടത്?

അല്ലയോ യോഗേശ്വര, അങ്ങയുടെ സംപൂജ്യമായ സന്നിദ്ധ്യം ഞാന്‍ എങ്ങനെയാണ് അനുഭവിച്ചറിയേണ്ടത്? ഏതേതു ഭാവങ്ങളിലാണ് ഞാന്‍ അങ്ങയെ അറിയുകയും ധ്യാനിക്കുകയും ചെയ്യേണ്ടത്? അങ്ങ് സര്‍വ്വഗമനാണെങ്കില്‍ അങ്ങയെ ധ്യാനിക്കുന്നത് പ്രയാസമേറിയ കാര്യമായിത്തീരും. അതുകൊണ്ട് മുമ്പു ചുരുക്കമായിപ്പറഞ്ഞ എല്ലാ പ്രകടിതരൂപങ്ങളെപ്പറ്റിയും ഒരിക്കല്‍കൂടി വിസ്തരിച്ച് പറഞ്ഞു കേള്‍പ്പിച്ചാലും. ധ്യാനത്തില്‍കൂടി അങ്ങയുമായി ഒന്നുചേരുന്ന യോഗത്തെപ്പറ്റിയുളള വഴികള്‍ സരളമായ വിധത്തില്‍ പറഞ്ഞു തന്നാല്‍ എനിക്ക് അനായാസേന ധ്യാനം ചെയ്യാന്‍ കഴിയും.

വിസ്തരേണാത്മനോ യോഗം
വിഭൂതിം ച ജനാര്‍ദ്ദന!
ഭൂയഃ കഥയ തൃപ്തിര്‍ഹി
ശൃണ്വതോ നാസ്തി മേƒമൃതം.

അല്ലയോ ജനാര്‍ദ്ദന, പരമാത്മാവായ അങ്ങയെ കണ്ടെത്തുന്ന വിധവും അതില്‍ അങ്ങയുടെ വിഭൂതികള്‍ക്കുളള പങ്കും വിസ്തരിച്ച് ഇനിയും പറഞ്ഞുതന്നാലും. എന്തെന്നാല്‍ അങ്ങയുട‍െ അമൃതവാണികള്‍ കേട്ട് എനിക്കു മതിയാവുന്നില്ല.

പ്രഭോ! സൃഷ്ടികര്‍ത്തവേ, ഞാന്‍ അങ്ങയോട് ആവശ്യപ്പെട്ട എല്ലാ പ്രകടിതരൂപങ്ങളെപ്പറ്റിയും പറയണമെന്ന് ഞാന്‍ വീണ്ടും വീണ്ടും അപേക്ഷിക്കുന്നു. ഞാന്‍ ഈ അഭ്യര്‍ത്ഥന ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് ചോദിച്ചാല്‍ ഞാന്‍ പറ‍യാം. ദയവുചെയ്ത് എന്നെ തെറ്റിദ്ധരിക്കരുത്. അമൃത് പാനം ചെയ്യുന്ന ഒരു സാധാരണ മനുഷ്യന് ഒരിക്കലും മതിവരുകയില്ല. എന്നാല്‍ ഈ അമൃതാകട്ടെ കാളകൂടവിഷത്തോടൊപ്പം പാല്‍ക്കടലില്‍നിന്നു കടഞ്ഞെടുത്തതാണ്. മൃത്യുവിനെ ഭയപ്പെട്ട ദേവന്മാര്‍ നിത്യമായ അമരത്വം ലഭിക്കുമെന്നുളള പ്രത്യാശയോടെ അത് പാനം ചെയ്തു. പക്ഷേ ബ്രഹ്മാവിന്‍റെ ഒരു ദിവസത്തില്‍ പതിന്നാല് ഇന്ദ്രന്മാരാണ് മൃത്യുവടയുന്നത്. എന്നിട്ടും ഇതിനെപ്പറ്റിയുളള മതിഭ്രമംകൊണ്ട് ഇത് അമരത്വം നല്‍കുന്നതാണെന്നുളള സങ്കല്പത്തില്‍ ‘അമരത്വം നല്‍കുന്ന പാനീയം’ എന്നു വിളിക്കുന്നു. മതിയേ മതിയെന്ന് പാനം ചെയ്തവരാരും പറയുന്നുമില്ല. എന്നാല്‍ അങ്ങയുടെ വാക്കുകളാകട്ടെ യഥാര്‍ത്ഥത്തില്‍ നിത്യസുരഭിയായ പാനീയമാണ്. അത് മന്ദരപര്‍വതത്തെ മത്താക്കി ക്ഷീരസാഗരത്തില്‍ നിന്നു കടഞ്ഞെടുത്തതല്ല. അത് അനാദിയാണ്. ആത്മഭൂവാണ്. അതു കടുപ്പമുളളതോ ലോലമോ അല്ല. അത് ഇറ്റിവീഴുകയില്ല. അതിന്‍റെ മണമോ മാധുര്യമോ ഒരുവന്‍ അറിയുന്നില്ലെങ്കിലും അദമ്യമായി ആഗ്രഹിക്കുന്നവന്‍ അത് അനുഭവവേദ്യമാണ്. അങ്ങയുടെ മധുരവാണികള്‍ ഒരു യോഗിയുടെ കാതില്‍ പതിക്കുമ്പോള്‍‌, ഭൗതിക ജീവിത്തിന്‍റെ മായാവലയത്തില്‍നിന്നും ഒരു സ്വപ്നത്തില്‍ നിന്നെന്നപോലെ മോചിതനായി, അവന്‍റെ ആത്മാവ് ശക്തി പ്രാപിച്ച് അനവച്ഛദ്യമായ അനന്തതയിലേക്ക് ഉയരുന്നു. ജനനമരണങ്ങളുടെ ലാഞ്ഛനംപോലുമില്ലാതെ ആത്മസാക്ഷാത്കാരത്തിന്‍റെ പരമാനന്ദം അവന്‍റെ അകത്തും പുറത്തും വ്യാപിക്കുന്നു. ഈ പാനീയം ഭാഗ്യവശാല്‍ ലഭിക്കുന്നവന്‍ പരമാത്മാവുമായി ഐക്യം പ്രാപിക്കുന്നു. ഇപ്രകാരമുളള ജ്ഞാനപീയുഷപാനകം അങ്ങ് എനിക്കു നല്‍കുമ്പോള്‍ ‘മതിയേ മതി’ എന്ന് ഞാനെങ്ങനെ പറയും? ഭഗവാനേ, ഞാന്‍ ഇക്കലമത്രയും അങ്ങയുടെ നാമത്തോടുളള പ്രേമവായ്പു കൊണ്ടാണ് ജീവിച്ചത്. അതിനുപുറമെ എനിക്ക് അങ്ങയെ കാണുന്നതിനും അങ്ങയുടെ സഹചാരനായി കഴിയുന്നതിനും സാധിച്ചു. ഇതിനെല്ലാം മകുടം ചാര്‍ത്തുന്നതുപോലെ ഇപ്പോഴിതാ അങ്ങ് ആനന്ദാതിരേകത്തോടെ എന്നോടു സംവദിക്കുന്നു. അങ്ങയുടെ വാക്കുകളില്‍കൂടി ഞാന്‍ അനുഭവിക്കുന്ന ആനന്ദം അവാച്യമാണ്. അതുകൊണ്ട് അങ്ങയുടെ വക്ത്രത്തില്‍ നിന്ന് അതു വീണ്ടും വീണ്ടും കേള്‍ക്കുന്നതിന് ഞാന്‍ ആഗ്രഹിക്കുന്നു. പ്രഭോ, സൂര്യപ്രകാശം എപ്പോഴെങ്കിലും വിരസമായി തോന്നുമോ? ചന്ദ്രന്‍ ചുരുങ്ങുമോ? അഗ്നി അശുദ്ധമാകുമോ? നിരന്തരമായി ഒഴുകിക്കൊണ്ടിരിക്കുന്ന ഗംഗയുടെ മന്ദാകം മന്ദമാകുമോ? അങ്ങയുടെ വിജ്ഞാനപ്രദമായ സംവാദം, പരബ്രഹ്മം വാക്കുകളുടെ രൂപത്തില്‍ അവതാരമെടുത്ത് മുന്നില്‍ വന്നു നില്‍ക്കുന്നതുപോലെയാണ് എനിക്കു തോന്നിയത്. ചന്ദനമരത്തിന്‍റെ അസുലഭമായ പുഷ്പത്തിന്‍റെ സൗരഭ്യം ഞാന്‍ അനുഭവിക്കുന്നു.

അര്‍ജ്ജുനന്‍റെ സംസാരംകേട്ട് കൃഷ്ണന്‍റെ ഗാത്രം ദിവ്യമായ ചിത്തഹര്‍ഷത്തിന്‍റെ മധുരിമയില്‍ കോരിത്തരിച്ചു. അദ്ദേഹം സ്വയം പറഞ്ഞു:

ഈ അര്‍ജ്ജുനന്‍ ജ്ഞാനത്തിന്‍റേയും ഭക്തിയുടേയും ഒരു സംഗ്രഹശാലയായിത്തീര്‍ന്നിരിക്കുന്നു.

അര്‍ജ്ജുനനോടുളള സ്നേഹാധിക്യംകൊണ്ട് വാസുദേവന്‍ വികാരാധീനനായി, എങ്കിലും അതിനെ നിയന്ത്രിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞുതുടങ്ങി.