ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 19

ശ്രീ ഭഗവാനുവാച:
ഹന്ത തേ കഥയിഷ്യാമി
ദിവ്യാ ഹ്യാത്മവിഭൂതയഃ
പ്രാധാന്യതഃ കുരുശ്രേഷ്ഠ
നാസ്ത്യന്തോ വിസ്തരസ്യ മേ.

വളരെ സന്തോഷം, കുരുശ്രേഷ്ഠാ. എന്‍റെ ദിവ്യങ്ങളായ വിശിഷ്ട രൂപങ്ങളില്‍ പ്രധാനങ്ങളായവയെ ഞാന്‍ നിനക്കു പറഞ്ഞുതരാം. എന്തെന്നാല്‍ അവ വിസ്തരിക്കുവാന്‍ തുടങ്ങിയാല്‍ ഒരവസാനവുമില്ല.

വികാരാധിക്യത്താല്‍ താന്‍ സ്രഷ്ടാവായ ബ്രഹ്മാവിന്‍റെയും പിതാവാണെന്നുളള വസ്തുതപോലും കൃഷ്ണന്‍ തല്ക്കാലത്തേക്കു വിസ്മരിച്ചുപോയി. അദ്ദേഹം പറഞ്ഞു:

ഹായ്, ബലേ ഭേഷ്. പിതാവെ അങ്ങു പറഞ്ഞതെല്ലാം സത്യമാണ്.

ഭഗവാന്‍ ഇപ്രകാരം അര്‍ജ്ജുനനെ പിതാവേ എന്ന് അഭിസംബോധന ചെയ്ത് നമുക്കു കൗതുകകരമായി തോന്നാം. എന്നാല്‍ അതില്‍ അത്ഭുതമൊന്നുമില്ല. എല്ലാവരുടേയും എല്ലാറ്റിന്‍റേയും പിതാവായ ഭഗവാന്‍, നന്ദഗോപന്‍റെ പുത്രനായി അദ്ദേഹത്തെ അച്ഛനെന്നു വിളിച്ചു വളര്‍ന്നവനല്ലെ. സ്നേഹത്തിന്‍റെ ഊഷ്മാവ് ഉയരുമ്പോള്‍ ഇപ്രകാരമെല്ലാം പറഞ്ഞെന്നു വരാം.

ഭഗവാന്‍ തുടര്‍ന്നു: അല്ലയോ ധനുര്‍ദ്ധര, ഞാന്‍ പറയാന്‍ പോകുന്നതു ശ്രദ്ധിച്ചു കേള്‍ക്കുക. നീ അറിയാനാഗ്രഹിക്കുന്നതായ എന്‍റെ പ്രകടിതരൂപങ്ങള്‍ നിരവധിയുണ്ട്. അവയെല്ലാം എന്‍റെ വിഭൂതികളാണെങ്കിലും എന്‍റെ മനസ്സില്‍തന്നെ തങ്ങിനില്ക്കാന്‍ കഴിയാത്തവണ്ണമാണ്. ഒരുവന്‍ അവന്‍റെ ശരീരത്തിലുളളതായ രോമങ്ങള്‍ എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തതുപോലെയാണ് എന്‍റെ വിഭൂതികളുടേയും സ്ഥിതി. മറ്റു വിധത്തില്‍ പറഞ്ഞാല്‍ ഞാന്‍ എന്താണെന്നോ എത്രമാത്രം ബൃഹത്താണെന്നോ എനിക്കു തന്നെ അറിയാന്‍ പാടില്ല. അതുകൊണ്ട് പരമാത്മപ്രഭാവം ഏറ്റവും പ്രകടമാകുന്ന പ്രധാന വിഭൂതികള്‍ നിന്നോടു പറയാം. അതു നീ മനസ്സിലാക്കി കഴിയുമ്പോള്‍ മറ്റുളളവകളും നിനക്ക് അറിയാന്‍ കഴിയും. വിത്ത് കൈവശമുണ്ടെങ്കില്‍ വൃക്ഷം കൈവശമാക്കാന്‍ കഴിയുന്നതുപോലെ, അഥവാ ഉദ്യാനത്തിന്‍റെ ഉടമസ്ഥന് പുഷ്പങ്ങളും ഫലങ്ങളും കൈവശമുളളതുപോലെ, എന്‍റെ പ്രകടിതരൂപങ്ങള്‍ അറിഞ്ഞുകഴിയുമ്പോള്‍ നിനക്കു പ്രപഞ്ചത്തെ മുഴുവന്‍ ഗ്രഹിക്കാന്‍ കഴിയും. അല്ലയോ പാര്‍ത്ഥാ, വിസ്തൃതമായ വാനത്തിന്‍റെ കമാനത്തട്ട് വരെ എന്നില്‍ അടങ്ങിയിരിക്കുന്നു.