ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 21- 25

ആദിത്യാനാമഹം വിഷ്ണുഃ
ജ്യോതിഷാം രവിരംശുമാന്‍
മരീചിര്‍മരുതാമസ്മി
നക്ഷത്രാണാമഹം ശശീ.

ആദിത്യന്മാരില്‍ വിഷ്ണു ഞാനാണ്. ജ്യോതിര്‍ഗോളങ്ങളില്‍ തേജോമയനായ സൂര്യന്‍ ഞാനാണ്. മരുത്തുക്കളില്‍ മരീചി ഞാനാണ്. രാത്രിയിലെ തേജോഗോളങ്ങളുടെ കൂട്ടത്തില്‍ ഞാന്‍ ചന്ദ്രനാണ്.

കരുണാമൂര്‍ത്തിയായ ഭഗവാന്‍ പറഞ്ഞുതുടങ്ങി:
പന്ത്രണ്ട് ആദിത്യന്മാരുല് ഞാന്‍ വിഷ്ണുവാണ്. തേജോമയങ്ഹളായ ഗോളങ്ങളില്‍വെച്ച് എങ്ങും പ്രകാശകിരണം പരത്തുന്ന സൂര്യന്‍ ഞാനാണ്. മരുത്തുക്കളില്‍ മരീചി ഞാനാണ്. രാത്രിയിലെ തേജോഗോളങ്ങളുടെ നക്ഷത്രങ്ങളില്‍ ചന്ദ്രന്‍ ഞാ‍നാണ്.

വേദനാം സാമവേദോƒസ്മി
ദേവാനാമസ്മി വാസവഃ
ഇന്ദ്രിയാണാം മനശ്ചാസ്മി
ഭൂതാനാമസ്മി ചേതനാ.

വേദങ്ങളില്‍ സാമവേദവും ദേവന്മാരില്‍ ഇന്ദ്രനും ഇന്ദ്രിയങ്ങളില്‍ മനസ്സും ജീവജാലങ്ങളില്‍ ജീവനും ഞാന്‍തന്നെയാകുന്നു.

വേദങ്ങളില്‍ സാമവേദം ഞാനാകുന്നു. ദേവന്മാരില്‍ മരുത്തുക്കളുടെ സുഹൃത്തായ ദേവേന്ദ്രന്‍ ഞാനാകുന്നു. ഇന്ദ്രിയങ്ങളില്‍ പതിനൊന്നാമത്തേതായ മനസ്സ് ഞാനാകുന്നു. ജീവജാലങ്ങളില്‍ ചേതന ഞാനാകുന്നു.

രുദ്രാണാം ശങ്കരശ്ചാസ്മി
വിത്തേശോ യക്ഷരക്ഷസാം
വസൂനാം പാവകശ്ചാസ്മി
മേരുഃ ശിഖരിണാമഹം.

രുദ്രന്മാരുടെ കൂട്ടത്തില്‍ ശങ്കരന്‍ ഞാനാണ്. യക്ഷന്മാരിലും രാക്ഷസന്മാരിലും ഞാന്‍ കുബേരനാണ്. വസുക്കളില്‍ അഗ്നി ഞാനാണ്. പര്‍വതങ്ങളില്‍ മേരു ഞാനാണ്.

രുദ്രന്മാരുടെ കൂട്ടത്തില്‍ ഞാന്‍ കാമദേവന്‍റെ ശത്രുവായ ശ്രീശങ്കരനാണ്. അതേപ്പറ്റി സംശയിക്കയേ വേണ്ട. യക്ഷന്മാരിലും രാക്ഷസന്മാരിലും ഞാന്‍ ശ്രീശങ്കരന്‍റെ സുഹൃത്തായ കുബേരനാണ്. അഷ്ടവസുക്കളില്‍ ഞാന്‍ അഗ്നിയാണ്. ഉന്നതകൊടുമുടികളുളള പര്‍വതങ്ങളില്‍ ഞാന്‍ മഹാമേരുവാണ്.

പുരോധസാം ച മുഖ്യം മാം
വിദ്ധി പാര്‍ത്ഥ ബൃഹസ്പതിം
സേനാനീനാമഹം സ്കന്ദഃ
സരസാമസ്മി സാഗരഃ

ഹേ അര്‍ജ്ജുന, ആചാര്യന്മാരില്‍ മുഖ്യനായ ബൃഹസ്പതി ഞാനാണെന്നറിയുക. സേനാനികളില്‍ ഞാന്‍ സുബ്രഹ്മണ്യനാണ്. ജലാശയങ്ങളില്‍ സമുദ്രവും ഞാന്‍ തന്നെ.

മഹര്‍ഷീണാം ഭൃഗുരഹം
ഗിരാമസ്മ്യേകമക്ഷരം
യജ്ഞാനാം ജപയജ്ഞോƒസ്മി
സ്ഥാവരാണാം ഹിമാലയഃ

മഹര്‍ഷിമാരില്‍ ഭൃഗു ഞാനാകുന്നു. വാക്കുകളില്‍ ഏകാക്ഷരമായ ഓങ്കാരം ഞാനാകുന്നു. യജ്ഞങ്ങളില്‍ ജപയജ്ഞവും സ്ഥാവരദൃശ്യങ്ങളില്‍ ഹിമാലയവും ഞാനാകുന്നു.

ഇന്ദ്രസിംഹാസനത്തില്‍ അവലംബലും പൗരാണിക വിജ്ഞാനത്തിന്‍റെ ആസ്ഥാനവും പുരോഹിതന്മാരില്‍ മുഖ്യനുമായ ബൃഹസ്പതി ഞാനാകുന്നു. പരമശിവന്‍റെ രേതസ്സുകൊണ്ട് അഗ്നിയില്‍കൂടി കൃത്തികയുടെ ഗര്‍ഭപാത്രത്തില്‍ ജനിച്ച, മുപ്പാരിലേയും സേനാപതികളില്‍ മുഖ്യനായ കാര്‍ത്തികേയന്‍ ഞാനാണ്. ജലാശയങ്ങളില്‍വെച്ച് സമുദ്രം ഞാനാണ്. മഹനീയരായ ഋഷിമാരില്‍ ഏറ്റവും തപസ്വിയായ ഭൃഗു ഞാനാണ്. സമ്പൂര്‍ണ്ണ അര്‍ത്ഥം വാക്കില്‍ കൂടി പ്രകടിപ്പിക്കുന്ന ‘ഓം’ എന്ന ഏകാക്ഷരപദമായ ഓം ഞാനാണ്. ചിത്തശുദ്ധിക്കായുളള യജ്ഞങ്ങളില്‍ ചിത്തത്തെ അതിവേഗം ശുദ്ധീകരിച്ച് സത്യത്തോടടുപ്പിക്കുന്ന ജപയജ്ഞമാണ് ഞാന്‍ വേദങ്ങളില്‍ പരബ്രഹ്മമെന്ന് അറിയപ്പെടുന്നതും ദൈനംദിന അനുഷ്ഠാനങ്ങളെ തകിടംമറിക്കാതെ ധാര്‍മ്മികവും അല്ലാത്തതുമായ കര്‍മ്മങ്ങളെ ഒരുപോലെ പവിത്രീകരിക്കാന്‍ കഴിയുന്ന, സ്നാനം തുടങ്ങിയ ആചാരക്രമങ്ങള്‍ ആവശ്യമില്ലാത്ത, ഈശ്വരനാമത്തിന്‍റെ ആവര്‍ത്തിച്ചുളള ഉരുവിടലാണ് ജപയജ്ഞം. ലോകത്തിലെ സ്ഥാവരവസ്തുക്കളില്‍ ഏറ്റവും വിശേഷിക്കപ്പെട്ടതെന്ന് വിശേഷിപ്പിക്കുന്ന ഹിമാലയം ഞാനാണ്.