ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 34
മൃത്യുഃ സര്‍വ്വഹരശ്ചാഹ-
മുദ്ഭവശ്ച ഭവിഷ്യതാം
കീര്‍ത്തിഃ ശ്രീര്‍വാക്ച നാരീണാം
സ്മൃതിര്‍മേധാ ധൃതിഃ ക്ഷമാ
എല്ലാറ്റിനേയും നശിപ്പിക്കുന്ന മൃത്യുവും ഭാവിയിലുണ്ടാവാനിരിക്കുന്ന എല്ലാറ്റിന്‍റേയും ഉത്ഭവസ്ഥാനവും ഞാനാകുന്നു. സ്ത്രീകളില്‍ (സ്ത്രീഗുണങ്ങളില്‍) കീര്‍ത്തി, ശ്രീ, വാക്ക്, സ്മരണ, ബുദ്ധി, ധൈര്യം, ക്ഷമ എന്നിവയും ഞാന്‍തന്നെയാണ്.
എല്ലാ ജീവികളുടേയും ഉത്ഭവവും അവയുടെ ആലംബവും അവയെയെല്ലാം നശിപ്പിക്കുന്ന മൃത്യുവും ഞാനാകുന്നു. ഏഴു സ്ത്രീ ഗുണങ്ങളില്‍ ഞാന്‍ പ്രകടിതമായിരിക്കുന്നുവെന്നു പറയുമ്പോള്‍ അത് നിനക്ക് നേരമ്പോക്കായി തോന്നാം. എന്നും തരുണമായ കീര്‍ത്തി എന്‍റെ ദിവ്യരൂപത്തിന്‍റെ പ്രതിരൂപമാകുന്നു. ഔദാര്യത്തോടുകൂടി ചേര്‍ന്നിരിക്കുന്ന സമ്പത്ത് ഞാനാണെന്നറിഞ്ഞാലും. യുക്തിയുടെ സിംഹാസനത്തില്‍ ഇരിക്കുകയും വിവേചനപരമായ വിജ്ഞാനത്തില്‍കൂടി ചരിക്കുകയും ചെയ്യുന്ന മധുരസംഭാഷണവും ഞാനാണ്. ഒരു വസ്തുവിനെ ദര്‍ശിക്കുമ്പോള്‍ അതിന്‍റെ കര്‍ത്താവ്‍ ഞാനാണെന്നു സ്മരിക്കാനുളള ഓര്‍മ്മശക്തി ഞാനാണ്. ഈ ലോകത്തില്‍ ശ്രേയസ്സു നേടുന്ന ഒരുവന്‍റെ ബുദ്ധി ഞാനാണ്. ഏതു പരിതസ്ഥിതിയേയും പതറാതെ നേരിടാനുളള ധൈര്യവും എല്ലാം സഹിക്കാനുളള ക്ഷമയും ഞാന്‍തന്നെയാണ്. ഇപ്രകാരം ഏഴു സ്ത്രീഗുണങ്ങള്‍ (ഈ അമൂര്‍ത്ത നാമങ്ങളെല്ലാം സംസ്കൃതത്തില്‍ സ്ത്രീലിംഗമാണ്) എന്‍റെ വിഭൂതികളാണ്.