ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 35, 36, 37, 38
ബൃഹത്സാമ തഥാ സാമ്നാം
ഗായത്രീ ഛന്ദസാമഹം
മാസാനാം മാര്‍ഗശീര്‍ഷോƒഹം
ഋതൂനാം കുസുമാകരഃ
അതുപോലെ സാമവേദത്തിലെ ഗാനങ്ങളില്‍ ബൃഹത്സാമ എന്ന ഗാനം ഞാനാണ്. ഛന്ദോനിബദ്ധങ്ങളായ മന്ത്രങ്ങളില്‍ ഗായത്രിയും മാസങ്ങളില്‍ ധനുവും ഋതുക്കളില്‍ വസന്തവും ഞാനാകുന്നു.
അര്‍ജ്ജുന, എന്‍റെ പ്രിയങ്കരനായ സ്നേഹിതാ, സാമവേദത്തിലെ ഗാനങ്ങളില്‍ ബൃഹത്സാമ എന്നറിയപ്പെടുന്ന ഗാനം ഞാനാണ്. ഛന്ദോനിബദ്ധങ്ങളായ മന്ത്രങ്ങളില്‍ ഗായത്രീമന്ത്രം ഞാനാണ്. മാസങ്ങളില്‍ മാര്‍ഗശീര്‍ഷമാസം(ധനു) ഞാനാണ്. ഋതുക്കളില്‍ പുഷ്പങ്ങളുടെ കാലമായ വസന്തകാലമാണു ഞാന്‍.
ദ്യൂതം ഛലയതാമസ്മി
തേജസ്തേജസ്വിനാമഹം
ജയോƒസ്മി വ്യവസായോƒസ്മി
സത്ത്വം സത്ത്വവതാമഹം.
വൃഷ്ണീനാം വാസുദേവാƒസ്മി
പാണ്ഡവാനാം ധനഞ്ജയഃ
മുനീനാമപ്യഹം വ്യാസഃ
കവീനാമുശനാ കവിഃ
ചൂതാട്ടക്കാരുടെ ചൂത്‍ (ചതിയന്മാരുടെ ചതി) ഞാനാണ്. തേജസ്വികളുടെ തേജസ്സ് ഞാനാണ്. ജയം ഞാനാണ്. അദ്ധ്വാനശീലം ഞാനാണ്. സജ്ജനങ്ങളുടെ സത്ത്വഗുണവും ഞാന്‍തന്നെ. വൃഷ്ണികളില്‍ ശ്രീകൃഷ്ണനും പാണ്ഡവരില്‍ അര്‍ജ്ജുനനും മുനിമാരില്‍ വ്യാസനും കവികളില്‍ ശുക്രന്‍ എന്ന കവിയും ഞാനാണ്.
അല്ലയോ സമര്‍ഥനായ അര്‍ജ്ജുന, വഞ്ചകന്മാരായ ആളുകള്‍ നടത്തുന്ന എല്ലാ ചൂതാട്ടങ്ങളിലേയും ചൂത് ഞാനാണ്. എല്ലാ തിളങ്ങുന്ന വസ്തുക്കളിലേയും തേജസ്സ് ഞാനാണ്. എല്ലാ പ്രയത്നങ്ങളേയും വിജയകിരീടം അണിയിക്കുന്ന വിജയം ഞാനാണ്. ധാര്‍മ്മിക ചിന്തയോടുകൂടി നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളുടേയും അദ്ധ്വാനം ഞാനാണ്. ഞാന്‍ നന്മയുടെ നന്മയാണ്. എന്നാല്‍ യാദവരുടെ കൂട്ടത്തില്‍ മാഹാത്മ്യമേറിയവനാണ്. വസുദേവന്‍റേയും ദേവകിയുടേയും പുത്രനായി ജനിച്ച എന്നെ യശോദയുടെ പുത്രിക്കു പകരമായി ഗോകുലത്തിലേക്കു മാറ്റി. പൂതന എന്നെ വിഷം കുടിപ്പിച്ച് കൊല്ലാന്‍ വന്നപ്പോള്‍ ഞാന്‍ അവളുടെ മുല വലിച്ചുകുടിച്ച് അവളെ കൊന്നു. എന്‍റെ ശൈശവത്തിന്‍റെ പൂമൊട്ട് ശരിക്കും വിടരുന്നതിനു മുമ്പായിത്തന്നെ ഞാന്‍ ഈ ലോകത്തെ രാക്ഷസന്മാരില്‍ നിന്നു രക്ഷിച്ചു. ഞാന്‍ ഗോവര്‍ധനപര്‍വതത്തെ എന്‍റെ വിരല്‍കൊണ്ടു പൊക്കി ഇന്ദ്രന്‍റെ പ്രശസ്തിക്കു കുറവു വരുത്തി. യമുനയുടെ വക്ഷസ്സില്‍ ഒരു മുളളായിത്തീര്‍ന്ന ഉഗ്രനായ കാളിയനെന്ന സര്‍പ്പത്തെ ഞാന്‍ അമര്‍ത്തി ഗോകുലത്തെ മുഴുവന്‍ അവന്‍റെ വിഷജ്വാലയില്‍നിന്നു രക്ഷിച്ചു. ഗോകുലത്തിലെ പശുക്കിടാങ്ങളെ ബ്രഹ്മദേവന്‍ കൊണ്ടുപോയപ്പോള്‍, അതേമാതിരിയുളള കിടാങ്ങളേ സൃഷ്ടിച്ച് ഞാന്‍ ബ്രഹ്മാവിനെ ചെണ്ടകൊട്ടിച്ചു. കംസചാണൂരാദികളായ പ്രബല ശത്രുക്കളെ ഞാന്‍ എന്‍റെ ശൈശവകാലത്തുതന്നെ നശിപ്പിച്ചു. ഞാനിതൊക്കെ എന്തിനാണ് നിന്നോടു പറയുന്നത്? നീ തന്നെ അതുപോലെയുളള പല കാര്യങ്ങളും നേരില്‍ കാണുകയും കേള്‍ക്കുകയും ചെയ്തിട്ടില്ലെ? ഞാന്‍ യാദവകുലത്തില്‍ ജനിച്ചു. പാണ്ഡവനായ നീ ചന്ദ്രവംശത്തില്‍ ജനിച്ചു. നമ്മുടെ പരസ്പരസ്നേഹത്തിന് ഒരുകാലത്തും ഭംഗം വരുകയില്ല. ഒരു സന്ന്യാസിയുടെ വേഷത്തില്‍ നീ എന്‍റെ സഹോദരി സുഭദ്രയേ തട്ടിക്കൊണ്ടു പോയപ്പോള്‍ ഞാന്‍ എന്തെങ്കിലും പ്രതികാരം ചെയ്തോ? എന്തുകൊണ്ട്? നീയും ഞാനും രണ്ടു ശരീരമാണെങ്കിലും ഒരേ ആത്മാവ്തന്നെയാണ്. ഋഷികളില്‍ പ്രമുഖനായ വ്യാസന്‍ ഞാനാണ്. ബുദ്ധിമാന്മാരില്‍ ഏറ്റവും ധീരനായ ശുക്രാചാര്യനും ഞാനാണ്.
ദണ്ഡോ ദമയതാമസ്മി
നീതിരസ്മി ജിഗീഷതാം
മൗനം ചൈവാസ്മി ഗുഹ്യാനാം
ജ്ഞാനം ജ്ഞാനവതാമഹം.
ഭരണാധിപന്മാരുടെ ശാസനാശക്തി ഞാനാണ്. വിജയം കൊതിക്കുന്നവരുടെ ധര്‍മ്മബോധം ഞാനാണ്. രഹസ്യങ്ങള്‍ക്കു മൗനംതന്നെയാണ് ഞാന്‍. ജ്ഞാനികളുടെ ജ്ഞാനവും ഞാന്‍തന്നെയാകുന്നു.
ഉറമ്പുമുതല്‍ ബ്രഹ്മദേവന്‍വരെ എല്ലാവരേയും ശാസിച്ചു നന്നാക്കുന്ന ദണ്ധകന്‍റെ കൈയില്‍ കാണുന്ന നിഷ്ഠുരമായ ചെങ്കോല്‍ ഞാനാണ്. നന്മതിന്മകളെ വിവേചിക്കുകയും കര്‍ത്തവ്യത്തേയും അറിവിനേയും കൂട്ടുപിടിക്കുകയും ചെയ്യുന്ന എല്ലാ ശാസ്ത്രങ്ങളിലേയും സദാചാരപരതത്ത്വം ഞാനാകുന്നു. ഏറ്റവും ഉന്നതമായ ഗൂഢതത്ത്വങ്ങളില്‍ ഞാന്‍ നിശ്ശബ്ദതയാണ്. മൗനംപാലിക്കുന്ന എന്‍റെ മുന്നില്‍ ബ്രഹ്മാവുപോലും നിരക്ഷര കുക്ഷിയായിത്തീരുന്നു. വിജ്ഞന്മാരില്‍ കാണുന്ന വിജ്ഞത്വം ഞാനാണെന്നറിയുക. ഇത്രയുമൊക്കെ മതി. എന്‍റെ വിഭൂതികളെപ്പറ്റി എത്രപറഞ്ഞാലും അവസാനിക്കുകയില്ല.