ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 39, 40

യച്ചാപി സര്‍വ്വഭൂതാനാം
ബീജം തദഹമര്‍ജ്ജുന
ന തദസ്തി വിനാ യത് സ്യാ-
ന്മയാ ഭൂതം ചരാചരം.

നാന്തോƒസ്തി മമ ദിവ്യാനാം
വിഭൂതീനാം പരന്തപ
ഏഷതൂദ്ദേശതഃ പ്രോക്തോ
വിഭൂതേര്‍വ്വിസ്തരോ മയാ.

അല്ലയോ അര്‍ജ്ജുന, സര്‍വ്വബീജങ്ങള്‍ക്കും ബീജം യാതൊന്നോ അതു ഞാനാണ്. ചരമോ അചരമോ ആയ ഒന്നും തന്നെ എന്നെക്കൂടാതെ ഇല്ലേയില്ല. എന്‍റെ ദിവ്യങ്ങളായ വിഭൂതികള്‍ക്ക് അവസാനമില്ല. ഇപ്പോള്‍ പറയപ്പെട്ട വിഭൂതികളുടെ ഈ വിവരണം വെറും സംക്ഷേപരൂപത്തിലുളളതാണ്.

അല്ലയോ അര്‍ജ്ജുന, മഴത്തുളളികളേയോ ഭൂമിയിലെ പുല്‍ക്കൊടികളേയൊ ആര്‍ക്കെങ്കിലും എണ്ണാന്‍ കഴിയുമോ? ആഴിയിലുണ്ടാകുന്ന അലകളെ ആര്‍ക്കും എണ്ണിത്തിട്ടപ്പെടുത്താന്‍ കഴിയാത്തതുപോലെ എന്‍റെ സ്വഭാവാനുരൂപമായ സവിശേഷതകളെ ആര്‍ക്കും നിര്‍ണ്ണയിക്കാന്‍ കഴിയുന്നതല്ല. എന്നിട്ടും ഞാനുള്‍ക്കൊളളുന്ന പ്രധാനപ്പെട്ട എഴുപത്തിയഞ്ച് വ്യത്യസ്തമായ വിഭൂതികളെപ്പറ്റി നിനക്കു വിശദീകരിച്ചു തന്നു. എന്നാല്‍ ഏതുദ്ദേശത്തോടെയാണോ നീ എന്നോടു ചോദിച്ചത്, ആ ഉദ്ദേശം സഫലമായെന്നു തോന്നുന്നില്ല. എന്‍റെ മറ്റു പ്രകടിതരൂപങ്ങളുടെ വ്യാപ്തി അന്തമില്ലാത്തതാകുന്നു. അതില്‍ എത്രയെണ്ണത്തെപ്പറ്റി എനിക്കു പറയാന്‍ കഴിയും? ആകയാല്‍ ഏറ്റവും അവഗാഹമായ എന്‍റെ അന്തരംഗം എന്തെന്ന് ഞാന്‍ നിന്നോടു പറയാം. എല്ലാ ജീവജാലങ്ങളും അങ്കുരിച്ച ആദ്യത്തെ തേജസ്സാണു ഞാന്‍. അതുകൊണ്ട് ഈ പ്രപഞ്ചം മുഴുവനും ഞാനാണെന്നു മനസ്സിലാക്കി ഒന്നിനേയും വലുതെന്നോ ചെറുതെന്നോ ഉയര്‍ന്നതെന്നോ താഴ്ന്നതെന്നോ കരുതാതിരിക്കുകയാണു വേണ്ടത്. എന്നാല്‍ ഇതിനെല്ലാം ഉപരിയായി എന്‍റെ പ്രകടിതരൂപത്തെ അംഗീകരിക്കാന്‍ കഴിയുന്ന എന്‍റെ സാര്‍വലൗകികമായ ഒരു വിശിഷ്ട ലക്ഷണത്തെപ്പറ്റി ഞാന്‍ പറയാം.