ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പത്ത് വിഭൂതിയോഗം ശ്ലോകം 41, 42

യദ്യദ്വിഭൂതിമത് സത്ത്വം
ശ്രീമദൂര്‍ജ്ജിതമേവ വാ
തത്തദേവാവഗച്ഛ ത്വം
മമ തേജോƒ‍ംശസംഭവം

മഹിമയുളളതോ ഐശ്വര്യമുളളതോ ഉത്സാഹാധിക്യമുളളതോ ആയി ഏതേതു ഭാവമുണ്ടോ അതെല്ലാം എന്‍റെ തേജസ്സിന്‍റെ അംശപ്രകടനമാക്കുന്നവയാണെന്നു നീ വ്യക്തമായി ധരിച്ചോളൂ.

അല്ലയോ ധനഞ്ജയ, ഐശ്വര്യവും മാഹാത്മ്യവും ഒത്തൊരുമിച്ച്, ദീനാനികമ്പയുളള ഒരുവനില്‍ പ്രകടിതമായി കണ്ടാല്‍ അവന്‍ എന്‍റെ പ്രടിതരൂപത്തില്‍ പെടുന്നവനാണെന്നറിഞ്ഞാലും.

അഥവാ ബഹുനൈതേന
കും ജ്ഞാതേന തവാര്‍ജ്ജുന
വിഷ്ടഭ്യാഹമിദം കൃത്സ്ന-
മേകാംശേന സ്ഥിതോ ജഗത്.

അര്‍ജ്ജുനാ, അല്ലെങ്കില്‍ ഒരുപാടറിഞ്ഞതുകൊണ്ട് നിനക്കെന്തു പ്രയോജനം? ഞാന്‍ എന്‍റെ ഒരംശുകൊണ്ടു മാത്രം ഈ ജഗത്ത് മുഴുവന്‍ താങ്ങിക്കൊണ്ട് സ്ഥിതി ചെയ്യുന്നു.

സൂര്യഗോളം ആകാശത്തില്‍ നിലകൊളളുന്നു. എങ്കിലും സൂര്യ പ്രകാശം പ്രപഞ്ചത്തെയൊട്ടാകെ നിറയ്ക്കുന്നു. അതുപൊലെ ലോകം മുഴുവന്‍ അനുസരിക്കപ്പെടുന്ന ആജ്ഞാകാരന്‍ ഏകനോ അനാഥനോ അല്ല. മറ്റുളളവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നതിന് കാമധേനുവിന് എന്തെങ്കിലും സാമഗ്രികള്‍ സംഭരിക്കേണ്ടതുണ്ടോ? വേണ്ട ആര്‍ക്കും ആവശ്യമുളളത് അവള്‍ അപ്പോള്‍തന്നെ നല്‍കുന്നു. അതുപോലെ എന്‍റെ എല്ലാ വിഭൂതികളിലും ഭൂരിതരമായ പ്രാഭവം ഉള്‍ക്കൊളളുന്നു. എന്‍റെ വിഭൂതിയെ അംഗീകരിക്കാവുന്ന ഒരു വിശേഷ സ്വഭാവമാണിതെന്ന് അറിയുക. എന്‍റെ അവതാരങ്ങളെ ലോകം മുഴുവനും സാഷ്ടാംഗം പ്രണമിക്കുകയും അവയുടെ ആജ്ഞ അനുസരിക്കുകയും ചെയ്യുന്നു. എന്നാല്‍ ഈ പ്രപഞ്ചം മുഴുവനും ഞാനായതുകൊണ്ട് എന്‍റെ വിഭൂതികളെ ഉയര്‍ന്നതെന്നും താഴ്ന്നതെന്നും തരംതിരിക്കുന്നത് പരമാബദ്ധമാണ്. നിന്‍റെ ബുദ്ധിയെ കലുഷിതമാക്കി, എന്‍റെ വിഭൂതികളെ സാധാരണവും അസാധാരണവുമെന്ന് സങ്കല്പിച്ച് തരംതിരിക്കുന്നത് എന്തിനാണ്? ശുദ്ധീകരിച്ചെടുത്ത വെണ്ണയെ ആരെങ്കിലും വീണ്ടും കടയുമോ? അമൃത് തിളപ്പിച്ച് ആവിയാക്കിക്കളയുമോ? വായുവിന് ഇടതും വലതുമുണ്ടോ? സൂര്യന്‍റെ മുന്‍ഭാഗവും പിന്‍ഭാഗവും കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നവന്‍ അന്ധനാവുകയെ ഉളളു. എന്‍റെ വിഭൂതികള്‍ വലുതെന്നും ചെറുതെന്നും തരംതിരിക്കപ്പെടേണ്ടവയല്ല. എനിക്ക് അസംഖ്യം വിഭൂതികളുണ്ട്. അതെല്ലാം എണ്ണിത്തിട്ടപ്പെടുത്തിയിട്ട് നിനക്കെന്തു വേണം? അതുകൊണ്ട് സുഭദ്രാകാന്തനായ അല്ലയോ അര്‍ജ്ജുന, എന്‍റെ വിഭൂതികളെക്കുറിച്ച് അറിയാനുളള നിന്‍റെ ശ്രമം നിര്‍ത്തിയിട്ട് എന്നെപ്പറ്റി അറിയാന്‍ ശ്രമിക്കൂ. ഈ ജഗത്ത് മുഴുവന്‍ എന്‍റെ ദിവ്യത്വത്തിന്‍റെ ഒരംശംമാത്രം കൊണ്ടു നിറഞ്ഞിരിക്കുന്നു. ആകയാല്‍ എല്ലാ ഭേദവിചാരങ്ങളേയും ഉപേക്ഷിച്ച് എന്നെത്തന്നെ ഏകാഗ്രമായി ഉപാസിക്കുക.

വിജ്ഞാനാരാമത്തിന്‍റെ വസന്തവും സ്ഥിതപ്രജ്ഞന്മാരുടെ സന്തതമിത്രവുമായ ഭഗവാന്‍ ഇപ്രകാരം പ്രസ്താവിച്ചപ്പോള്‍ അര്‍ജ്ജുനന്‍ പറഞ്ഞു:

ഭഗവാനേ, അങ്ങ് വിവേകരഹിതനായിട്ടാണ് ഇതൊക്കെപ്പറഞ്ഞനെന്ന് തോന്നിപ്പോകുന്നു. ഭിന്നഭാവങ്ങളെല്ലാം അവസാനിപ്പിക്കണമെന്ന് അങ്ങ് ഉപദേശിക്കുന്നു. അംശുമാന്‍ ഉദിക്കുമ്പോള്‍ അന്ധകാരത്തെ അടിച്ചോടിക്കണമെന്ന് അദ്ദേഹം ഈ ലോകത്തോടു പറയാറുണ്ടോ? എന്നാല്‍ അങ്ങയുടെ ഉപദേശം വിവേകരഹിതമാണെന്നു ഞാന്‍ പറയുന്നത് അവിവേകമായിരിക്കും. ഒരുവന്‍ അങ്ങയുടെ നാമം ഉച്ചരിക്കുകയോ ശ്രവിക്കുകയോ ചെയ്യുന്ന മാത്രയില്‍ തന്നെ അവന്‍റെ ഭിന്നഭാവം ഇല്ലാതാകുന്നു. ഇപ്പോള്‍ എന്‍റെ ഭാഗ്യാതിരേകം കൊണ്ട് അങ്ങയെ എനിക്കു കൈവരിക്കാന്‍ കഴിഞ്ഞു. അപ്പോള്‍ ഭിന്നഭാവം എങ്ങനെയാണ് എന്നില്‍ നിലനില്‍ക്കുക. സോമബിംബത്തിന്‍റെ വലയത്തിലെത്തുന്ന ഒരുവന് ചൂട് അനുഭവപ്പെടുമോ? അങ്ങയുടെ മാഹാത്മ്യത്തിന് ഊനം തട്ടാതെതന്നെ ഞാന്‍ പറയട്ടെ. അങ്ങ് കരുതലില്ലാതെയാണ് സംസാരിക്കുന്നത്.

ഇതുകേട്ടപ്പോള്‍ ഭഗവാന്‍ ആനന്ദംകൊണ്ട് മതിമറന്ന് അര്‍ജ്ജുനനെ ആശ്ലേഷിച്ചു.

അദ്ദേഹം പറഞ്ഞു: എന്‍റെ വിഭൂതികളുടെ ഏകത്വം നിന്‍റെ ഹൃദയത്തില്‍ ശരിയായി പതിഞ്ഞുവോ എന്നറിയാനാണ് ഞാന്‍ ഇപ്രകാരം പറഞ്ഞത്. എന്‍റെ വിവിധ വിഭൂതികളെപ്പറ്റി നിനക്കു വേണ്ടവിധത്തിലുളള ധാരണ ഉണ്ടായിക്കഴിഞ്ഞുവെന്ന് എനിക്കു ബോധ്യമായിരിക്കുന്നു.

അര്‍ജ്ജുനന്‍ പ്രതിവചിച്ചു: എനിക്ക് മനസ്സിലായോ ഇല്ലയോ എന്നു തീരുമാനിക്കേണ്ടത് അങ്ങാണ്. എന്നെ സംബന്ധിച്ചിടത്തോളം ഈ ജഗത്തിലെങ്ങും അങ്ങയുടെ ദിവ്യമായ സാന്നിദ്ധ്യം നിറഞ്ഞുനില്‍ക്കുന്നതായി എനിക്കു ബോധ്യപ്പെട്ടിരിക്കുന്നു.

അല്ലയോ രാജാവേ, ഇപ്രകാരം ബ്രഹ്മാനുഭൂതിയുടെ അനുഭവത്തിന് അര്‍ജ്ജുനന്‍ അര്‍ഹനായി കഴിഞ്ഞു.

സ‍ഞ്ജയന്‍ ധൃതരാഷ്ട്രനോടു പറഞ്ഞു.

ധൃതരാഷ്ട്രന്‍ ഇതെല്ലാം നിശ്ശബ്ധമായി കേട്ടുകൊണ്ടിരുന്നതേയുളളു. അദ്ദേഹത്തിന്‍റെ മൗനം സഞ്ജയനെ ഖിന്നനാക്കി.

സഞ്‍ജയന്‍ സ്വയം പറഞ്ഞു: ഭാഗ്യം കൈവന്നിട്ടും അദ്ദേഹം അസന്തുഷ്ടനായിരിക്കുന്നതില്‍ എനിക്ക് അത്ഭുതം തോന്നുന്നില്ല. ഇദ്ദേഹത്തിന് ഉറച്ച ബുദ്ധിയുണ്ടെന്നായിരുന്നു ഞാന്‍ ധരിച്ചിരുന്നത്. എന്നാല്‍ അങ്ങനെയല്ല. ബാഹ്യമായി അന്ധനായിരിക്കുന്നതുപോലെ തന്നെ ഇദ്ദേഹം ആന്തരികമായും അന്ധനാണ്.

അര്‍ജ്ജുനന്‍ അവനു കൈവന്ന ഭാഗ്യം തികച്ചും അനുഭവിക്കാന്‍ തീരുമാനിച്ചു. അവന്‍റെ മനസ്സില്‍ അദമ്യമായ മറ്റൊരു ആഗ്രഹം അങ്കുരിച്ചു.

അര്‍ജ്ജുനന്‍ ഭഗവാനോടു പറഞ്ഞു:
ഭഗവാന്‍, ഈ പ്രപഞ്ചം മുഴുവനും അങ്ങാണെന്ന് എനിക്കു ബോധ്യമായിരിക്കുന്നു. എന്നാല്‍ അത് എന്‍റെ കണ്ണുകള്‍കൊണ്ടു തന്നെ കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്.

അര്‍ജ്ജുനന്‍ ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായതുകൊണ്ട് ഭഗവാന്‍റെ വിശ്വരൂപം ദര്‍ശിക്കുന്നത് അവനാശിക്കാം. ശ്രോതാക്കളേ, അവന്‍ കല്പതരുവിന്‍റെ ഒരു ശാഖയാണ്. അതൊരിക്കലും നിഷ്ഫലമായി പുഷ്പിക്കുകയില്ല. അവന്‍റെ വാക്കുകള്‍ വ്യര്‍ത്ഥമാവുകയുമില്ല. അവന്‍റെ ആഗ്രഹങ്ങള്‍ ഭഗവാന്‍ നിറവേറ്റിക്കൊടുക്കും.

അടുത്ത അദ്ധ്യായത്തില്‍, അര്‍ജ്ജുനന്‍ ഭഗവാനോടു ചെയ്ത അപേക്ഷയെപ്പറ്റി നിവൃത്തിനാഥിന്‍റെ ശിഷ്യനായ ജ്ഞാനദേവന്‍ നിങ്ങളെ വിവരിച്ചു കേള്‍പ്പിക്കും.

ഓം തത് സത്
ഇതി ശ്രീമദ് ഭഗവദ്ഗീതാസു ഉപനിഷത്സു
ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ
ശ്രീകൃഷ്ണാര്‍ജ്ജുനസംവാദേ
വിഭൂതിയോഗോ നാമ
ദശമോƒദ്ധ്യായഃ

വിഭൂതിയോഗം എന്ന പത്താം അദ്ധ്യായം കഴിഞ്ഞു.