ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 1
അര്‍ജ്ജുന ഉവാച:
മദനുഗ്രഹായ പരമം
ഗുഹ്യമദ്ധ്യാത്മസംജ്ഞിതം
യത്ത്വയോക്തം വചസ്തേന
മോഹോƒയം വിഗതോ മമ.
എന്നെ അനുഗ്രഹിക്കാനായി പരമരഹസ്യമായ ആത്മതത്ത്വത്തെക്കുറിച്ച് അങ്ങ് നല്‍കിയ ഉപദേശത്താല്‍ എന്‍റെ മമതാമോഹം നഷ്ടമായിത്തീര്‍ന്നിരിക്കുന്നു.
അര്‍ജ്ജുനന്‍ പറഞ്ഞു: അല്ലയോ കരുണാമയനായ ഭഗവാനേ, വാക്കുകള്‍ക്കു വിശദീകരിക്കാന്‍ കഴിയാത്ത പരമസത്യത്തെ അങ്ങ് എനിക്കു വെളിവാക്കിത്തന്നു. പഞ്ചഭൂതങ്ങള്‍ ബ്രഹ്മത്തില്‍ അലിഞ്ഞുചേരുകയും ആത്മാവിന്‍റെയും പ്രകൃതിയുടെയും യാതൊരു ലാഞഛനംപോലുമില്ലാതെ അങ്ങയില്‍ ലയിക്കുകയും ചെയ്തു കഴിയുമ്പോള്‍ അങ്ങ് മാത്രം അവശേഷിക്കുന്നു. ഈ രഹസ്യം ഒരു ലുബ്ധനെപ്പോലെ അങ്ങയുടെ ഹൃദയത്തില്‍ ഇത്രയും നാള്‍ അങ്ങ് ഒളിച്ചു സൂക്ഷിച്ചു. വേദങ്ങള്‍ക്കുപോലും പങ്കിട്ടുകൊടുത്തിട്ടില്ലാത്ത അങ്ങയുടേ അന്തരംഗരഹസ്യം അങ്ങ് എനിക്കു പ്രകടമാക്കിത്തന്നിരിക്കുന്നു. നിമിഷനേരംകൊണ്ട് ആത്മജ്ഞാനത്തെപ്പറ്റിയുളള അറിവ് അങ്ങ് എനിക്കു പ്രദാനം ചെയ്തു. ഇതിനുവേണ്ടിയല്ലെ പരമശിവന്‍പോലും സര്‍വ്വസൗഭാഗ്യങ്ങളും സംത്യജിച്ച് കൊടും തപസ്വിയായിത്തീര്‍ന്നത്? അങ്ങയെ കൈവരിച്ചശേഷം അങ്ങയില്‍നിന്നും ഞാന്‍ ഭിന്നനാണെന്നു സങ്കല്പിച്ച് ഇപ്രകാരം സംസാരിക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? അജ്ഞതയുടേയും മതിഭ്രമത്തിന്‍റേയും വെളളപ്പൊക്കത്തില്‍ മുങ്ങിമയങ്ങിക്കിടന്ന എന്നെ അങ്ങ് അതില്‍നിന്നും മോചിപ്പിച്ചു. ഈ വിശ്വത്തില്‍ എനിക്ക് അങ്ങല്ലാതെ മറ്റാരുമില്ല. എന്നിട്ടും ഞാന്‍ അങ്ങയെ പ്രത്യേകമായി കാണുകയും സംസാരിക്കാന്‍ ഒരുമ്പെടുകയും ചെയ്യുന്നത് ദൗര്‍ഭാഗ്യകരമല്ലെ? എന്‍റെ വ്യക്തിത്വത്തില്‍ അഹങ്കാരം മുറ്റിനിന്നതുകൊണ്ട് ഞാന്‍ കീര്‍ത്തിമാനായ കിരീടിയാണെന്നും കൗരവര്‍ എന്‍റെ ബന്ധുക്കളാണെന്നും വിചാരിച്ചു. അതിനുപരിയായി കൗരവരെ കൊല്ലുന്നത് പാപമാണെന്ന ദുഃസ്വപ്നത്തില്‍ ആണ്ടിരുന്നു. അപ്പോഴാണ് അങ്ങ് അതില്‍നിന്ന് എന്നെ ഉണര്‍ത്തിയത്. ഞാന്‍ ഗന്ധര്‍വലോകത്തു നിന്ന് ദാഹജലം തേടി മരീചികയുടെ പിന്നാലെ ഓടുകയായിരുന്നു. വെറും പഴന്തുണികൊണ്ടുണ്ടാക്കിയ പാമ്പിന്‍റെ കടിയേറ്റ് എന്‍റെ ശരീരമാകെ വിഷം വ്യാപിച്ചു പുളയുന്നതായി എനിക്കുതോന്നി. മതിഭ്രാന്തുകൊണ്ട് മരിക്കാന്‍ തുടങ്ങിയ ഒരാത്മാവിനെ ആത്മനാശത്തില്‍നിന്ന് അങ്ങ് രക്ഷിച്ചു.
സ്വന്തം മുഖത്തിന്‍റെ പ്രതിച്ഛായ പൊട്ടക്കിണറ്റില്‍ കണ്ട സിംഹം അലറിക്കൊണ്ട് അതിന്‍റെ നേരെ എടുത്തുചാടിയ തരത്തിലുളള വിഡ്ഢിത്തമായിരുന്നു എന്‍റേത്. സപ്തസാഗരങ്ങളും ഭൂമിയെ വിഴുങ്ങിയാലും ആകാശംതന്നെ ഇടിഞ്ഞുവീണാലും ഞാന്‍ എന്‍റെ സ്വജനങ്ങളുമായി യുദ്ധം ചെയ്യുകയില്ലെന്ന് തീരുമാനിച്ചു. അനിയന്ത്രിതമായ അഹന്തകൊണ്ട് പിടിവാശിയുടെ പടുകുഴിയിലേക്ക് ഞാന്‍ തലകുത്തനെ പതിക്കുകയായിരിന്നു. ഈ അവസരത്തില്‍ അങ്ങ് എന്‍റെ അടുത്തുണ്ടായിരുന്നത് എത്ര നന്നായി! മറ്റാര്‍ക്കാണ് എന്നെ രക്ഷപ്പെടുത്താന്‍ കഴിയുക! ഒന്നുമല്ലാത്ത ഞാന്‍ എല്ലാം തികഞ്ഞവാനാണെന്നു കരുതി. ഇല്ലാത്ത ബന്ധുക്കളെ ഉളളവരായി കണ്ടു. ഈ ഭ്രാന്തില്‍നിന്നെല്ലാം മോചനം നല്‍കിയത് അങ്ങാണ്. അരക്കില്ലത്തില്‍ കിടന്ന് എരിഞ്ഞു ചാകാന്‍പോയ സമയം അങ്ങ് ഞങ്ങളെ രക്ഷിച്ചില്ലെ? അത് ശരീരത്തിന്‍റെ രക്ഷ മാത്രമായിരുന്നു. ഇപ്പോഴാകട്ടെ ആത്മനാശത്തില്‍ നിന്നാണ് അങ്ങ് രക്ഷിച്ചിരിക്കുന്നത്. ഹിരണ്യാക്ഷന്‍ ഭൂമിയെ അപഹരിച്ച് തന്‍റെ കക്ഷത്തിലൊതുക്കി സമുദ്രത്തിന്‍റെ അടിയില്‍ ഒളപ്പിച്ചതുപോലെ, വഴിപിഴച്ച എന്‍റെ മര്‍ക്കടമുഷ്ടി എന്‍റെ ബുദ്ധിയെ അപഹരിച്ച് അജ്ഞതയുടെ അഗാധഗര്‍ത്തത്തില്‍ തളളിയിട്ടു. അങ്ങയുടെ പ്രഭാവംകൊണ്ടാണ് എന്‍റെ ബുദ്ധി എനിക്കു തിരികെ ലഭിച്ചത്. അങ്ങേയ്ക്ക് എന്നോടുളള കാരുണ്യതിരേകം നിസ്സീമമാണ്. അത് വര്‍ണ്ണനാതീതമാണ്. അങ്ങ് എന്‍റെ ജീവനെ രക്ഷിച്ചുവെന്നു മാത്രമെ എനിക്കു പറയാനാവൂ. അങ്ങ് എനിക്കുവേണ്ടി ക്ലേശിച്ചത് നിഷ്ഫലമായില്ല. എന്‍റെ അജ്ഞാനത്തെ നശിപ്പിക്കുന്നതിന് അങ്ങേയ്ക്ക് സാധിച്ചു. ആനന്ദരസരസ്സില്‍ വിരിഞ്ഞുനില്‍ക്കുന്ന അരവിന്ദത്തെപ്പോലെയുളള ലോചനങ്ങളില്‍നിന്നു ലഭിക്കുന്ന ചേതോഹരമായ കടാക്ഷം ആരെയാണ് മതിമോഹത്തില്‍നിന്നു മുക്തരാക്കാത്തത്? പ്രഭോ, ഞാന്‍ പൂര്‍ണ്ണമായും അങ്ങയുടെ കാരുണ്യവലയത്തിലായിരിക്കുന്നു. ഞാന്‍ ബ്രഹ്മാനന്ദം അനുഭവിക്കുന്നു. എന്‍റെ മോഹങ്ങളെല്ലാം അകന്നുപോയതില്‍ ആശ്ചര്യമുണ്ടോ? അങ്ങയുടെ തൃപ്പാദസ്പര്‍ശനം എന്‍റെ അജ്ഞതയെ ദൂരീകരിച്ചിരിക്കുന്നു.