ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 2
ഭവാപ്യയൗ ഹി ഭൂതാനാം
ശ്രുതൗ വിസ്തരശോ മയാ
ത്വത്തഃ കമലപത്രാക്ഷ!
മാഹാത്മ്യമപി ചാവ്യയം
അല്ലയോ കമലദളലോചന! അങ്ങയില്‍നിന്നും പ്രപഞ്ചഘടകങ്ങളുടെ ഉല്‍പ്പത്തിയും ലയവും വിശദമായി ഞാന്‍ കേട്ടു. ഒരിക്കലും ഒരു കോട്ടവും തട്ടാത്ത അങ്ങയുടെ മാഹാത്മ്യവും ഞാന്‍ കേട്ടു.
കോടിസൂര്യപ്രഭവിതറുന്ന സരസീരുഹാക്ഷാ, പരംപൊരുളേ, ഞാന്‍ അങ്ങയില്‍നിന്ന് എല്ലാം കേട്ടു കഴിഞ്ഞിരിക്കുന്നു. സൃഷ്ടി പ്രളയങ്ങളെക്കുറിച്ചു കേട്ടു. എല്ലാ പ്രപഞ്ചഘടകങ്ങളെയും സൃഷ്ടിക്കുകയും അവയെ തന്നില്‍തന്നെ ലയിപ്പിക്കുകയും ചെയ്യുന്ന പ്രകൃതിയുടെ സ്വഭാവം അങ്ങ് എനിക്കു വെളിവാക്കിത്തന്നു. അങ്ങയുടെ അഗാധമായ മാഹാത്മ്യത്തിന്‍റെ മേലങ്കി ധരിച്ച് വേദങ്ങള്‍ അവയുടെ ഗാത്രത്തെ മനോജ്ഞമാക്കുന്നു. അങ്ങയുടെ സ്വരൂപത്തേയും സാമര്‍ത്ഥ്യത്തേയും ആശ്രയിക്കുന്നതുകൊണ്ട് വേദങ്ങള്‍ ധര്‍മ്മതത്ത്വശാസ്ത്രങ്ങളുടെ രത്നങ്ങളടങ്ങിയ അമോഘമായ ഭണ്ഡാരമായിത്തീര്‍ന്നിരിക്കുന്നു. എല്ലാ ആദ്ധ്യാത്മിക മാര്‍ഗങ്ങളുടേയും ഏകലക്ഷ്യം അങ്ങയുടെ അപാരമായ മാഹാത്മ്യത്തെ മനസ്സിലാക്കി, ആത്മസാക്ഷാത്ക്കാരം നേടുകയാണെന്നുളള വസ്തുത ഞാന്‍ മനസ്സിലാക്കിക്കഴിഞ്ഞിരിക്കുന്നു.
അല്ലയോ ദേവ! ആകാശത്തുനിന്ന് കാര്‍മേഘങ്ങള്‍ ഒഴിഞ്ഞുമാറുമ്പോള്‍ സൂര്യന്‍ തെളിയുന്നു. പൊയ്കയിലെ പായല്‍ തൂത്തുമാറ്റുമ്പോള്‍ അതിനിടയിലുളള ജലം ദൃശ്യമാകുന്നു. ചനന്ദനമരത്തെ ചുറ്റിയിരിക്കുന്ന സര്‍പ്പത്തിന്‍റെ ചുരുളഴിയുമ്പോള്‍ ചനന്ദനമരത്തെ സ്പര്‍ശിക്കാന്‍ കഴിയുന്നു. നിധികാക്കുന്ന ഭൂതത്തെ ആകര്‍ഷിച്ച് അകറ്റിക്കഴിയുമ്പോള്‍ ഭൂമിയ്ക്കടിയിലുളള നിധി കുഴിച്ചെടുക്കാന്‍ സാധിക്കുന്നു. അപ്രകാരം എന്‍റെ അജ്ഞാനത്തെ മൂടിയിരിക്കുന്ന പ്രകൃതിയുടെ മായാവൈഭവത്തെ നീക്കിക്കളഞ്ഞ് അങ്ങ് എന്നെ ബ്രഹ്മാവുമായി താദാത്മ്യം പ്രാപിപ്പിച്ചിരിക്കുന്നു. എന്നു മാത്രമല്ല, ഇത് അങ്ങയുടെ വര്‍ദ്ധിതമായ ശക്തിയെപ്പറ്റി എന്നെ കൂടുതല്‍ ബോധവാനാക്കിയിരിക്കുന്നു.
അതേസമയം ഉത്ക്കടമായ ഒരഭിനിവേശം എന്നില്‍ കടന്നു കൂടിയിരിക്കുന്നു. എന്‍റെ ആഗ്രഹം അങ്ങയോടു ചോദിക്കാന്‍ ഞാന്‍ ലജ്ജിക്കുകയാണെങ്കില്‍ പിന്നെ ആരോടാണ് ചോദിക്കുക? ഈ ലോകത്ത് അങ്ങല്ലാതെ മറ്റാരാണ് ഞങ്ങള്‍ക്ക് ശരണമായിട്ടുളളത്? മത്സ്യം ജലത്തെ ശങ്കിക്കുകയോ, കുഞ്ഞ് അമ്മയുടെ മുല കുടിക്കാന്‍ അറയ്ക്കുകയോ ചെയ്താല്‍ പിന്നെ എങ്ങനെയാണു ജീവിക്കുക? അതുകൊണ്ട് എന്‍റെ അന്തരംഗത്തിലുളളത് അങ്ങയോട് ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.
അര്‍ജ്ജുനന്‍ ഇത്രയും പറഞ്ഞുകഴിഞ്ഞപ്പോഴേക്കും ഭഗവാന്‍ അരുള്‍ചെയ്തു: മതി, മതി. കൂടുതലൊന്നും പറയേണ്ട. നിനക്ക് എന്താണ് ആഗ്രഹമെന്നുവെച്ചാല്‍ ചോദിച്ചുകൊളളുക.