ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 3, 4

ഏവമേതദ് യഥാത്ഥ ത്വം
ആത്മാനം പരമേശ്വര!
ദ്രഷ്ടുമിച്ഛാമി തേ രൂപം
ഐശ്വരം പുരുഷോത്തമ.

ജഗന്നിയന്താവായ ഭഗവാനേ, അങ്ങ് അങ്ങയെക്കുറിച്ച് പറഞ്ഞതെല്ലാം ഞാന്‍ അങ്ങനെതന്നെ അംഗീകരിക്കുന്നു. അല്ലയോ പുരുഷോത്തമ, അങ്ങയുടെ ഐശ്വരരൂപത്തെ കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.

അര്‍ജ്ജുനന്‍ പറഞ്ഞു:ഭഗവാനേ, അങ്ങയുടെ വാക്കുകള്‍ എനിക്ക് ആത്മവിശ്വാസവും സംതൃപ്തിയും നല്‍കിയിരിക്കുന്നു. അങ്ങയുടെ വിശ്വരൂപത്തില്‍കൂടി അങ്ങ് വിശാലമായ ദൃശ്യപ്രപഞ്ചത്തെ സൃഷ്ടിക്കുകയും അഴിക്കുകയും ചെയ്യുന്നു. കാലാകാലങ്ങളില്‍ ബാഹുദ്വയത്തോടും ചതുര്‍ബാഹുക്കളോടും കൂടി അത് ദേവകാര്യ നിര്‍വ്വഹണത്തിനായി ഭൂമിയില്‍ അവതരിക്കുന്നു. ക്ഷീരസാഗരത്തിലെ വിശ്രമത്തിനുശേഷം അങ്ങ് മത്സ്യമായും കൂര്‍മ്മമായും അവതരിച്ച് അവതാരകാര്യങ്ങള്‍ നടത്തി മൂലരൂപത്തിലേക്കുതന്നെ മടങ്ങുന്നു. ഈ രൂപത്തെപ്പറ്റി ഉപനിഷത്തുകള്‍ സ്തുതിഗീതം പാടുന്നു. യോഗികള്‍ മനസ്സിനെ അന്തര്‍മുഖമാക്കി ഈ രൂപത്തെ ധ്യാനിക്കുന്നു. സനകാദിമുനികള്‍ അജ്ഞേയമായ ഐക്യത്തിലൂടെ ആശ്ലേഷിക്കുന്നതും ഈ രൂപത്തെത്തന്നെയാണ്. ധാരാളം കേള്‍വിപ്പെട്ടിട്ടുളള അമേയമായ ആ വിശ്വരൂപത്തെ കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ട്. എന്‍റെ ഏതാഗ്രഹവും കലവറയില്ലാതെ ചോദിച്ചുകൊളളാന്‍ അങ്ങ് എന്നോടു പറഞ്ഞനിലയ്ക്ക് അങ്ങയുടെ വിശ്വരൂപം കാട്ടിത്തന്ന് എന്‍റെ ഹൃദയാഭിലാഷം നിറവേറ്റിത്തരണമെന്ന് ഞാന്‍ അപേക്ഷിക്കുന്നു. എന്‍റെ എല്ലാ ജീവിതാശകളും അങ്ങയുടെ വിശ്വരൂപം എന്‍റെ കണ്ണുകള്‍കൊണ്ട് നേരില്‍ കാണുന്നതില്‍ ഞാന്‍ അര്‍പ്പിച്ചിരിക്കുന്നു.

മന്യസേ യദി തച്ഛക്യം
മയാ ദ്രഷ്ടുമിതി പ്രഭോ
യോഗേശ്വര! തതോ മേ ത്വം
ദര്‍ശയാത്മാനമവ്യയം.

ഭഗവാനേ, ആ രൂപം കാണാന്‍ ഈയുളളവന് കഴിവുണ്ടെന്ന് അങ്ങ് കരുതുന്നുവെങ്കില്‍, യോഗബലംകൊണ്ട് ഏതു രൂപവും പ്രകടമാക്കാന്‍ കഴിവുളള അല്ലയോ ഈശ്വര, അവ്യയമായ ആ ആത്മസ്വരൂപത്തെ എനിക്കു കാട്ടിത്തന്നാലും.

അല്ലയോ കൃഷ്ണ! എനിക്കൊരു സംശയമുണ്ട്. വിശ്വരൂപം കാണുന്നതിനുളള യോഗ്യത എനിക്കുണ്ടോ? അത് എന്തുകൊണ്ട് എനിക്കറിയാന്‍ പാടില്ലെന്നു ചോദിച്ചാല്‍ ‘ഒരു രോഗിക്ക് അവന്‍റെ രോഗമെന്തെന്ന് നിര്‍ണ്ണയിക്കാന്‍ പറ്റില്ലെന്ന്’ ഞാന്‍ മറുപടി പറയും. അല്ലയോ ദേവ! ഒരുവന് ആഗ്രഹം അധികരിക്കുമ്പോള്‍ അവന്‍റെ കഴിവുകളെപ്പറ്റി അവന്‍ ബോധവാനല്ലാതായിത്തീരുന്നു. ദാഹിക്കുന്നവന് സമുദ്രജലംപോലും ദാഹത്തിനു തികയാതെ വരുമെന്നുതോന്നും. അതുപോലെ, അങ്ങയുടെ വിശ്വരൂപം കാണണമെന്നുളള അദമ്യമായ ആഗ്രഹത്തിന്‍റെ മതിഭ്രമത്തില്‍, എനിക്ക് അതിനുളള യോഗ്യതയെപ്പറ്റി ഞാന്‍ അന്ധനായിരിക്കുന്നു. ഒരു ശിശുവിന്‍റെ ശേഷി ശരിക്കും അതിന്‍റെ മാതാവിനുമാത്രം അറിയാവുന്നതുപോലെ, അങ്ങുതന്നെ എന്‍റെ ശേഷിയും അര്‍ഹതയും നിര്‍ണ്ണയിച്ച് എനിക്ക് വിശ്വരൂപദര്‍ശനം നല്‍കിയാലും. കൃഷ്ണാ, എനിക്ക് അര്‍ഹതയുണ്ടെങ്കില്‍ മാത്രം ഇതു നല്‍കിയാല്‍ മതി. ഇല്ലെങ്കില്‍ നിരസിക്കാം. ബധിരനായ ഒരുവനെ സംഗീതം ആലപിച്ച് സന്തുഷ്ടനാക്കുന്നത് എങ്ങനെയാണ്? കാര്‍മേഘങ്ങള്‍ മാരി ചൊരിയുന്നത് ലോകത്തിനൊട്ടാകെ വേണ്ടിയാണ്. അല്ലാതെ ചാതകപ്പക്ഷികള്‍ക്കായിട്ടു മാത്രമല്ല. എങ്കിലും അതു പാറപ്പുറത്തു വീണാല്‍ വ്യര്‍ത്ഥമായിപ്പോവുകയല്ലെ ഉളളൂ? ചകോരം ചന്ദ്രകിരണത്തില്‍ നിന്ന് അമൃത് നുകരുന്നു. എന്നാല്‍ ചന്ദ്രകിരണം മറ്റുളളവര്‍ക്കും നിഷേധിക്കപ്പെട്ടിട്ടില്ല. പക്ഷേ അന്ധനായ ഒരുവന്‍ ചന്ദ്രകിരണങ്ങള്‍ ആസ്വദിക്കുന്നത് എങ്ങനെയാണ്? അങ്ങയുടെ വിശ്വരൂപം വെളിവാക്കിത്തരുമെന്നു തന്നെ ഞാന്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അങ്ങ് എപ്പോഴും ജ്ഞാനിക്കും അ‍ജ്ഞാനിക്കും വേണ്ടിയാണ് പുതിയ രൂപങ്ങള്‍ കൈക്കൊണ്ടിട്ടുളളത്. അങ്ങയുടെ ദയയ്ക്ക് അതിരില്ല. അങ്ങ് ഒരുവനില്‍ കൃപ ചൊരിയണമെന്ന് ആഗ്രഹിച്ചാല്‍ അതിന്‍റെ പ്രത്യുപകാരത്തെ പരിഗണിക്കാതെയാണ് അതു നല്‍കുന്നത്. അങ്ങയുടെ ശത്രുക്കളെപ്പോലും അങ്ങ് പവിത്രമായ മോക്ഷത്തിന്‍റെ പാരിതോഷികം നല്‍കി അനുഗ്രഹിച്ചിട്ടുണ്ട്. മോചനം കൈവരിക്കുന്നത് ശ്രമകരമാണ്. എങ്കിലും ‘മോചനം’ ഏത് ആത്മാവിനും നല്‍കുന്നതിനായി, അങ്ങയുടെ തൃച്ചേവടികളില്‍ അങ്ങയുടെ ആജ്ഞയെ കാത്ത് അങ്ങയുടെ സേവകനായിക്കഴിയുന്നു.

മുലക്കണ്ണില്‍ വിഷം പുരട്ടി അങ്ങയെ നിഹനിക്കുന്നതിനായി വന്ന രാക്ഷസിയായ പൂതനയെ, സനകാദിമുനികള്‍ക്കു നല്‍കിയതുപോലെ സായുജ്യം നല്‍കി അങ്ങയില്‍ ലയിപ്പിച്ചു, പ്രഭോ, ജഗത്രയങ്ങളിലെ ദേവന്മാരും മുനികളും രാജാക്കമ്നാരും പങ്കെടുത്തിരുന്ന രാജസൂയയാഗത്തില്‍ വെച്ച് ചേദിരാജാവായ ശിശുപാലന്‍ അങ്ങയെ ശകാരിക്കുകയും അപമാനിക്കുകയും ചെയ്തില്ലേ? എന്നിട്ടും കൊടുംപാപിയായ അവനെ അങ്ങയുടെ ആനന്ദഗേഹത്തില്‍ അധിവസിപ്പിക്കുകയാണു ചെയ്തത്. അച്ഛന്‍റെ മടിത്തട്ടിലിരിക്കാനുളള ആഗ്രഹം സഫലമാക്കാന്‍വേണ്ടി തപസ്സുചെയ്ത ഉത്താനപാദ പുത്രനെ സൂര്യചന്ദ്രന്മാരേക്കാളും ഉയര്‍ന്ന നിലയിലുളള ധ്രുവനക്ഷത്രമാക്കി തീര്‍ത്തില്ലെ? കഷ്ടപ്പാടും വേദനയും അനുഭവിക്കുന്നവരോട് അങ്ങേയ്ക്ക് അന്യൂനമായ അലിവുണ്ട്. തന്‍റെ മകനെയാണ് ‘നാരായണാ’ എന്നു വിളിച്ചതെങ്കിലും അത് അങ്ങയുടെ തിരുനാമമായതുകൊണ്ട് മരണവേളയില്‍ അതുരുവിട്ട അജാമിളന് അങ്ങ് മോക്ഷം നല്‍കി അനുഗ്രഹിച്ചു. ഭൃഗുമഹര്‍ഷിയുടെ ചവിട്ടേറ്റുണ്ടായ കാല്‍പ്പാട് ഇപ്പോഴും അങ്ങയുടെ വക്ഷസ്സില്‍ അങ്ങ് താലോലിക്കുന്നില്ലേ? അങ്ങയുടെ ശത്രുവായ ശംഖാസുരന്‍റെ ശരീരമായ ശംഖ് എത്രത്തോളം സ്നേഹത്തോടും ബഹുമാനത്തോടും കൂടിയാണ് പാഞ്ചജന്യമായി അങ്ങ് കൈയില്‍ കൊണ്ടുനടക്കുന്നത്? അങ്ങയെ ദ്രോഹിച്ചവര്‍ക്ക് അങ്ങ് ആനുകൂല്യം നല്‍കുന്നു. യോഗ്യതയില്ലാത്തവര്‍ക്കുപോലും അങ്ങയുടെ കാരുണ്യം ലഭിക്കുന്നു. അപ്പോള്‍പ്പിന്നെ എങ്ങനെയാണ് എന്‍റെ ആഗ്രഹം നിരസിക്കാന്‍ അങ്ങേയ്ക്ക് കഴിയുക? കഷ്ടപ്പെടുന്നവര്‍ക്ക് യഥേഷ്ടം പാല്‍നല്‍കി സന്തോഷിപ്പിക്കുന്ന കാമധേനുവിന് തന്‍റെ കിടാവ് വിശന്നുപൊരിയുന്നത് കണ്ടിരിക്കാന്‍ പറ്റുമോ? അതുകൊണ്ട് അങ്ങയുടെ വിശ്വരൂപം എന്നെ കാണിക്കാതിരിക്കാന്‍ അങ്ങേയ്ക്ക് ഒരിക്കലും സാദ്ധ്യമാവില്ല. എന്നെ അതിനു കഴിവുളളവനാക്കിത്തീര്‍ക്കണമെന്നു മാത്രമാണ് എന്‍റെ അപേക്ഷ. എനിക്ക് ഈ സത്യപ്രകാശനം കാണാനുളള കരുത്തുണ്ടെന്ന് അങ്ങേയ്ക്ക് നിശ്ചയമുണ്ടെങ്കില്‍ ഉല്‍കടമായ എന്‍റെ അഭിലാഷം നിറവേറ്റിത്തരണമെന്ന് ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.

അര്‍ജ്ജുനന്‍റെ ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥന കേട്ടപ്പോള്‍ ഷഡ്ഗുണചക്രവര്‍ത്തിയായ (ജ്ഞാന,ഐശ്വര്യ, ശക്തി, ബല, വീര്യ, തേജോമയമായ ആറു ദിവ്യലക്ഷണങ്ങളുളള ഐശ്വരരൂപത്തോടു കൂടിയ) ഭഗവാന്‍ സ്നേഹാധിക്യത്താല്‍ വികാരവിവശനായി. പൂര്‍ണ്ണേന്ദുവിന്‍റെ ദര്‍ശനത്തോടെ വേലിയേറ്റമുണ്ടാകുന്ന വാരിധിപോലെ ഭഗവാന്‍റെ ഹൃദയത്തില്‍ അര്‍ജ്ജുനനോടുളള നിസീമമായ സ്നേഹത്തിന്‍റെ വേലിയേറ്റം ഉണ്ടായി. കൃഷ്ണന്‍ അര്‍ജ്ജുനനാകുന്ന വസന്തത്തില്‍ വിഹരിക്കുന്ന പഞ്ചമം പാടുന്ന കുയിലായി. ആഹ്ലാദത്തിന്‍റെ ഊഞ്ഞാലിലാടിക്കൊണ്ട് ദയാമയനായ ദേവന്‍ പറഞ്ഞു:

അര്‍ജ്ജുനാ, അനന്തമായ എന്‍റെ എല്ലാ രൂപങ്ങളും കണ്ടുകൊളളുക.

അര്‍ജ്ജുനന്‍ ഭഗവാന്‍റെ വിശ്വരൂപം മാത്രമാണ് കാണാനാഗ്രഹിച്ചത്.എന്നാല്‍ ജഗത്തിന്‍റെ മുഴുവനും തന്‍റെ പ്രകടിതരൂപമായി അദ്ദേഹം അര്‍ജ്ജുനന് കാട്ടിക്കൊടുത്തു. ഭഗവാന്‍റെ കാരുണ്യത്തിന്‍റെ ഔദാര്യം അപരിമിതമാണെന്നറിയുക. ഒരര്‍ത്ഥിക്ക് അവന്‍ അര്‍ത്ഥിക്കുന്നതിന്‍റെ ആയിരം മടങ്ങാണ് അദ്ദേഹം നല്‍കുക. അഹോ കണ്ടാലും. ശേഷന്‍റെ അറിവില്‍പോലും പെടാത്തതും വേദങ്ങളില്‍ നിന്നു മറച്ചുവെച്ചിരിക്കുന്നതും ലക്ഷ്മീദേവിയെപ്പോലും കാണിച്ചിട്ടില്ലാത്തതുമായ ഭഗവാന്‍റെ അന്തരംഗരഹസ്യം അദ്ദേഹം ദശസഹസ്രരൂപത്തില്‍ അര്‍ജ്ജുനനു കാണിച്ചുകൊടുക്കും. പാര്‍ത്ഥനെ ഭാഗ്യദേവത എപ്രകാരമാണ് കടാക്ഷിച്ചിരിക്കുന്നതെന്ന് നോക്കൂ. ഭഗവാന്‍ അനന്തബ്രഹ്മകടാഹമായി, വിശ്വരൂപമായി അര്‍ജ്ജുനന്‍റെ മുന്നില്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം തന്‍റെ മനുഷ്യശരീരം വെടിഞ്ഞു. അര്‍ജ്ജുനന് തന്‍റെ വിശ്വരൂപം ദര്‍ശിക്കുന്നതിനുളള കഴിവുണ്ടോ എന്നൊന്നും ചിന്തിക്കാതെ, തടുത്തുനിര്‍ത്താനാവാത്ത ചിത്തഹര്‍ഷത്തോടെ ഭഗവാന്‍ പറഞ്ഞു: എന്‍റെ വിവിധ രൂപങ്ങള്‍ കണ്ടുകൊളളുക.