ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 6
പശ്യാദിത്യാന്‍ വസൂന്‍ രുദ്രാ-
നശ്വിനൗ മരുതസ്ഥതാ
ബഹൂന്യദൃഷ്ട പൂര്‍വ്വാണി
പശ്യാശ്ചര്യാണി ഭാരത
ആദിത്യന്മാരേയും വസുക്കളേയും അശ്വിനിദേവന്മാരേയും മരുത്തുക്കളേയും നീ കണ്ടാലും. അതുപോലെ മുമ്പൊരിക്കലും നീ കണ്ടിട്ടില്ലാത്ത നിരവധി ആശ്ചര്യങ്ങളേയും , ഹേ അര്‍ജ്ജുന നീ കണ്ടുകൊള്ളുക.
എന്‍റെ നേത്രങ്ങള്‍ ഉന്മീലനം ചെയ്യുമ്പോള്‍ ആദിത്യന്മാര്‍ നിലവില്‍ വരുന്നു. അത് നിലീമനം ചെയ്യുമ്പോള്‍ അവരെല്ലാം തിരോഭവിക്കുന്നു. എന്‍റെ വായില്‍ നിന്നും ഉത്ഭവിക്കുന്ന ജ്വാലയില്‍ അഗ്നി ഉള്‍പ്പെടെയുള്ള അഷ്ടവസുക്കളും ആവിര്‍ഭവിക്കുന്നു. കോപംകൊണ്ട് എന്‍റെ പുരികക്കൊടികളുടെ അഗ്രം കൂട്ടിമുട്ടുമ്പോള്‍ പതിനൊന്നു രുദ്രന്മാര്‍ പുറത്തേയ്ക്കുവരുന്നു.സൗമ്യമായ എന്‍റെ കാരുണ്യ വക്ത്രത്തില്‍ നിന്ന് ജീവാദാതാക്കളായ അശ്വിനീകുമാരന്മാര്‍ പ്രത്യക്ഷപ്പെടുന്നു. എന്‍റെ കാതുകളില്‍നിന്ന് വായു ബഹിര്‍ഗമിക്കുന്നു. ഇപ്രകാരം എന്‍റെ ഓരോ അവയവങ്ങളില്‍ നിന്നും ദേവന്മാരും സിദ്ധന്മാരും നിലവില്‍വരുന്നു. സീമയില്ലാത്ത, വിശാലമായ, പ്രചണ്ഡരൂപത്തിലുള്ള എന്‍റെ ആകൃതി കാണുക. ഇതിനെപ്പറ്റി അവ്യക്തതരമായ തരത്തിലാണ് വേദങ്ങള്‍ വര്‍ണ്ണിക്കുന്നത്. ഒരു ജീവിതകാലം മുഴുവന്‍ ചിലവാക്കിയാലും കാലത്തിനു ഇതുകാണാന്‍ സാധ്യമല്ല. ഇതിന്‍റെ ആഴം കണ്ടുപിടിക്കാന്‍ ബ്രഹ്മദേവനും അപ്രാപ്തനാണ്. ത്രിമുര്‍ത്തികള്‍ക്ക് കേള്‍ക്കാന്‍പോലും കഴിയാത്ത കാര്യങ്ങള്‍ നീ നിന്‍റെ കണ്ണുകള്‍കൊണ്ട് കാണുക. ഇതു കണ്ടതിന്‍റെ ശേഷം എന്‍റെ വിസ്മയാവഹമായ ദിവ്യലീലകളും ആശ്ചര്യകരമായ പ്രവൃത്തികളേയും നിന്‍റെ ആത്മാവില്‍ ആനന്ദത്തോടെ അനുഭവിച്ചറിയുക.