ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 7
ഇഹൈകസ്ഥം ജഗത് കൃത്സ്നം
പശ്യാദ്യ സചരാചരം
മമ ദേഹേ ഗൂഡാകേശ
യച്ചാനൃദ് ദ്രഷ്ടുമിച്ഛസി
അല്ലയോ അര്‍ജ്ജുന, ചരാചരത്തിലുള്ള മുഴുവന്‍ പ്രപഞ്ചവും, വേറേ എന്തൊക്കെയാണ് നീ കാണാന്‍ കൊതിക്കുന്നത് അതും, എല്ലാം എന്‍റെ ദേഹത്ത് ഇവിടെ ഇപ്പോള്‍ ഒരിടത്ത് സ്ഥിതിചെയ്യുന്നതായി കണ്ടുകൊള്ളുക.
അല്ലയോ പാര്‍ത്ഥ, കല്പതരുവിന്‍റെ ചുവട്ടില്‍ നിന്ന് ഇളം പുല്ല് മുളച്ചുവരുന്നതുപോലെ, എന്‍റെ ശരീരത്തിലുള്ള ഓരോ രോമകൂപത്തില്‍നിന്നും ഓരോ പ്രപഞ്ചം ഉടലെടുക്കുന്നത് നിനക്കു കാണാന്‍ കഴിയും. വാതായനത്തില്‍ക്കൂടി മുറിക്കുള്ളില്‍ പതിക്കുന്ന സൂര്യരശ്മിയില്‍ കാണുന്ന രേണുക്കള്‍പോലെ, എന്‍റെ രൂപത്തിന്‍റെ ഓരോ അവയവസന്ധിയിലും സഹസ്രകണക്കിന് ബ്രഹ്മാണ്ഡകടാഹങ്ങള്‍ ചരിച്ചുകൊണ്ടിരിക്കുന്നത് നിന്‍റെ ദൃഷ്ടികള്‍ക്ക് ഗോചരമാകും. എന്‍റെ ഗാത്രത്തിന്‍റെ ഓരോ കോണിലും പടര്‍ന്നുകിടക്കുന്ന ഓരോ പ്രപഞ്ചത്തെ നിനക്കു കാണാന്‍ കഴിയും. പ്രപഞ്ചത്തിനപ്പുറത്തു സ്ഥിതിചെയ്യുന്നത് ദര്‍ശിക്കണമെന്ന ആഗ്രഹമുണ്ടെങ്കില്‍ അതും നിനക്കു കാണാന്‍ കഴിയും. സര്‍വ്വഗമമായ ഈ ദിവ്യ സത്തയില്‍ എന്തെല്ലാം കാണണമെന്ന് നീ ആഗ്രഹിക്കുന്നുവോ, അതെല്ലാം കണ്ട് നിന്‍റെ നയനങ്ങള്‍ സാഫല്യമടയട്ടെ.
വിശ്വരൂപിയായി നിന്ന ശ്രീ കൃഷ്ണന്‍ വാത്സല്യത്തോടെ ഇപ്രകാരം പറഞ്ഞു. വിശ്വരൂപദര്‍ശനം അര്‍ജ്ജുനനില്‍ എന്തു പ്രതികരണമാണുണ്ടാക്കിയതെന്നുള്ള ആകാംഷയോടെ ഭഗവാന്‍ അര്‍ജ്ജുനനെ സാകൂതം വീക്ഷിച്ചു. അദ്ദേഹം അമ്പരന്നുപോയി. അതാ ഒന്നും സംഭവിക്കാത്ത മട്ടില്‍ അര്‍ജ്ജുനന്‍ നിശ്ചേഷടനായിട്ട് നില്‍ക്കുന്നു. ഭഗവാന്‍റെ വിശ്വരൂപം കാണാനുള്ള അഭിനിവേശത്തോടെ അവന്‍ അതിനായി അപ്പോഴും കാത്തു നില്‍ക്കുകയാണ്.