ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 10

അനേക വക്ത്രനയനം
അനേകാത്ഭുതദര്‍ശനം
അനേക ദിവ്യാഭരണം
ദിവ്യാനേകോദ്യതായുധം

അസംഖ്യം മുഖങ്ങളും കണ്ണുകളും ഉള്ളതും എണ്ണമറ്റ അത്ഭുതകാഴ്ചകളോടുകൂടിയതും നിരവധി ദിവ്യാഭരണങ്ങള്‍ അണിഞ്ഞിട്ടുള്ളതും കണക്കില്ലാത്ത ദിവ്യായുധങ്ങള്‍ കൈകളില്‍ ഉയര്‍ത്തിപ്പിടിച്ചിട്ടുള്ളതുമായിരുന്നു ആ രൂപം.

അര്‍ജ്ജുനന്‍ ദശസഹസ്രം മുഖങ്ങള്‍ കണ്ടു. അവയെല്ലാം ലക്ഷ്മീകാന്തന്‍റെ രാജകീയഹര്‍മ്യങ്ങള്‍പോലെ തിളക്കമേറിയതായിരുന്നു. ഉദാത്തമായ സൗന്ദര്യത്തിന്‍റെ വിശിഷ്ടമായ ശേഖരം വാരിവിതറിയതുപോലെയുള്ള ദൃശ്യമായിരുന്നു അത്. ശ്രീഹരിയുടെ മുഖങ്ങളെല്ലാം ആനന്ദകുസുമങ്ങള്‍ വിരിഞ്ഞുനില്‍ക്കുന്ന മരത്തോപ്പുപോലെ മനോഹരങ്ങളായിരുന്നു. ലാവണ്യം കിരീടം ധരിച്ച് സിംഹാസനാസ്ഥമായിരിക്കുന്നപോലെയുള്ള ഹൃദായവര്‍ജ്ജകമായ കാഴ്ചയായിരുന്നു അത്. ലോകസംഹാരത്തിനുവേണ്ടി കുതിച്ചുപായുന്ന ഭീകരനായ മൃത്യുവിന്‍റെ സേനാംഗങ്ങളെപ്പോലെ ഭീവത്സമായ മുഖങ്ങളും അതിനിടയില്‍ അര്‍ജ്ജുനന്‍ കണ്ടു. അവ വിശാലമായിതുറന്ന മുക്തിവക്ത്രംപോലെ ഭയാനകമായിരുന്നു. അഥവാ, ലോകാവസാനത്തില്‍ തീതുപ്പുന്ന അഗ്നിപ്രളയത്തിന്‍റെ കടാഹങ്ങളായിരുന്നു. അപൂര്‍വ്വമായതും ആശ്ചര്യകരമായതും അണിഞ്ഞൊരുങ്ങിയതും ശാന്തി കളിയാടുന്നതുമായ അനവധി മുഖങ്ങള്‍ അര്‍ജ്ജുനന്‍ കണ്ടു. അവന്‍റെ ദിവ്യ ദൃഷ്ടിക്കുപോലും അവസാനം ഈ മുഖങ്ങളെ കണ്ടെത്താന്‍ കഴിഞ്ഞില്ല. അര്‍ജ്ജുനന്‍ ജിജ്ഞാസയോടെ തന്‍റെ ദൃഷ്ടികള്‍ വിശ്വരൂപത്തിന്‍റെ കണ്ണുകളിലേക്കു പായിച്ചു. അവിടെ വിവിധ വര്‍ണ്ണങ്ങളിലുള്ള വിടര്‍ന്ന സരസീരുഹങ്ങള്‍ ആയിരക്കണക്കിന് നിരനിരയായി നില്‍ക്കുന്നതാണ് അവന്‍ കണ്ടത്. അവയെല്ലാം സൂര്യകിരണങ്ങള്‍പോലെ ജ്വാജല്യമാനമായിരുന്നു. പ്രളയകാലത്ത് കറുത്തിരുണ്ട കാര്‍മേഘങ്ങള്‍ കൂട്ടിയിടിച്ചുണ്ടാകുന്ന മിന്നല്‍പിണര്‍പോലെ പുരികക്കൊടികളുടെ കീഴ്ഭാഗത്ത് പിംഗലവര്‍ണ്ണമാര്‍ന്ന് തീഷ്ണനയനങ്ങള്‍ പ്രകാശിക്കുന്നുണ്ടായിരുന്നു. അത്ഭുതകരങ്ങളായ ഈ ദൃശ്യങ്ങള്‍ വിസ്മയത്തോടെ കണ്ടുകൊണ്ടിരുന്ന അര്‍ജ്ജുനന്, ഏകമായ വിശ്വരൂപത്തില്‍ എണ്ണമില്ലാത്തിടത്തോളം വൈവിധ്യമാര്‍ന്ന കാഴ്ചകള്‍ ഉണ്ടെന്നു ബോധ്യമായി. അവന്‍ ആശ്ചര്യഭരിതനായി സ്വയം ചോദിച്ചു.

എവിടെയാണ് ഇതിന്‍റെ കാലുകള്‍? എവിടെയാണ് കൈകള്‍? എവിടെയാണ് ഇതിന്‍റെ ശിരസും കിരീടവും?

ഇതെല്ലാം ദര്‍ശിക്കണമെന്നുള്ള ഉല്‍ക്കടമായ അഭിലാഷം അര്‍ജ്ജുനന്‍റെ മനസ്സില്‍ അങ്കുരിച്ചു. ഭാഗ്യദേവതയുടെ അരുമക്കിടാവായ അവന്‍റെ അഭിലാക്ഷങ്ങള്‍ സാധിതപ്രായമാവാതിരിക്കുന്നത് എങ്ങനെയാണ്? പിനാകപാണിയായ പരമശിവന്‍റെ ആവനാഴിയില്‍ ലക്ഷ്യത്തിലെത്താത്ത ഒരമ്പെങ്കിലുമുണ്ടാകുമോ? ചതുര്‍മുഖന്‍റെ നാവില്‍നിന്ന് ഏതെങ്കിലും വീണ്‍വാക്ക് ഉതിരുമോ? നിസ്സീമമായ വിശ്വരൂപത്തിന്‍റെ ആദിയും അന്തവും അര്‍ജ്ജുനന്‍ ദര്‍ശ്ശിച്ചു. വേദങ്ങള്‍ക്കുപോലും കണ്ടെത്താന്‍ കഴിയാത്ത ആ പരമപ്രകാശത്തിന്‍റെ എല്ലാ അവയവങ്ങളും നിമഷങ്ങള്‍ക്കുള്ളില്‍ കാണാന്‍ കഴിഞ്ഞ അര്‍ജ്ജുനന്‍ ആനന്ദതുന്ദിലനായി. ദിവ്യരത്നങ്ങള്‍ പതിച്ച ആഭരണങ്ങളണിഞ്ഞ ആ രൂപത്തിന്‍റെ ആടോപമായ ഔന്നത്യം അടിതൊട്ടു മുടിവരെ അര്‍ജ്ജുനന്‍ നിരീക്ഷിച്ചു. സ്വയം വിഭൂഷിതനായി അണിഞ്ഞൊരുങ്ങി ആഭ വിതറിക്കൊണ്ട് പരംപൊരുള്‍തന്നെ ദൃശ്യമനുഷ്യനായി പ്രത്യക്ഷപ്പെടുമ്പോള്‍ തേജോമയമായ ആ രാമണീയകതയെ വര്‍ണ്ണിക്കാന്‍ വാക്കുകള്‍ക്ക് സാധ്യമല്ല.

സൂര്യചന്ദ്രന്മാര്‍ തിളങ്ങുന്നതിനാവശ്യമായ പ്രകാശം നല്കുന്നത് മഹോജ്ജ്വലമായ ഈ ദിവ്യതേജസ്സാണ്. ഈ ശക്തി തന്നെയാണ് പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതും നിലനിര്‍ത്തുന്നതും. ഈ ദിവ്യജോതിസ്സിനെ ആവരണം ചെയ്തിരിക്കുന്ന ഭാസുരമായ മനോഹാരിത ചിത്രീകരിക്കുന്നതിന് ഏതൊരു ചിത്തത്തിനാണ് കഴിയുക. പരബ്രഹ്മംതന്നെ പരബ്രഹ്മത്തെക്കൊണ്ട് അലങ്കരിച്ചിരിക്കുന്നു. അര്‍ജ്ജുനന്‍ ദിവ്യദൃഷ്ടികൊണ്ട് പരംപൊരുളിന്‍റെ വടിവൊത്ത നീണ്ട കൈകളിലേക്കുനോക്കി. ലോകാവസാനത്തിലെ പ്രളയാഗനിയെപ്പോലും നശിപ്പിക്കാന്‍ തക്ക തിളക്കമുള്ള ആയുധങ്ങളാണ് അവയില്‍ അവന്‍ കണ്ടത്. എല്ലാം ഭഗവന്മയം. എല്ലാം അവയവങ്ങളിലും ആഭരണങ്ങളിലും കൈകളില്‍കണ്ട ആയുധങ്ങളിലും ഭഗവാനെത്തന്നെ കാണുന്നു. വിശ്വമൊട്ടാകെ ഭഗവാന്‍ നിറഞ്ഞു നില്‍ക്കുന്നതായി അര്‍ജ്ജുനന് ഗോചരീഭവിച്ചു. ഭഗവാന്‍റെ ദീപ്തിയേറിയ കിരണങ്ങളേറ്റ നക്ഷത്രങ്ങള്‍, വറുത്ത ധാന്യങ്ങളെപ്പോലെ പൊട്ടിച്ചിതറി. അതിന്‍റെ അത്യുഗ്രമായ ചൂടേറ്റ് ചുട്ടെരിഞ്ഞ അഗ്നി ആഴിയില്‍ അഭയംതേടി. ഇപ്രകാരം ഭഗവാന്‍റെ ഉയര്‍ത്തിപ്പിടിച്ചിരുന്ന എണ്ണമറ്റ കൈകളില്‍ ഉണ്ടായിരുന്ന ആയുധങ്ങള്‍, കാളകൂടവിഷം വമിക്കുന്ന ധാരയായോ അഗ്നിപാതത്തിന്‍റെ ഒരു ഘോര കാനനമായോ അര്‍ജ്ജുനന് അനുഭവപ്പെട്ടു.