ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 11
ദിവ്യമാല്യാംബരധരം
ദിവ്യഗന്ധാനുലേപനം
സര്‍വ്വാശ്ചര്യമയം ദേവ-
മനന്തം വിശ്വതോന്മുഖം.
ദിവ്യഹാരങ്ങളും ദിവ്യ വസ്ത്രങ്ങളും അണിഞ്ഞിട്ടുള്ളതും ദിവ്യഗന്ധമുള്ള കുറിക്കൂട്ടകള്‍ പൂശിയിട്ടുള്ളതും പലപല ആശ്ചര്യങ്ങള്‍ നിറഞ്ഞതും ദിവ്യകാന്തിയുള്ളതും കണ്ണെത്താത്തതും സര്‍വ്വത്ര മുഖമുള്ളതുമായിരുന്നു ആ രൂപം.
ഭയംകൊണ്ട് അര്‍ജ്ജുനന്‍ തന്‍റെ നോട്ടം പിന്‍വലിച്ച് പുഷ്പങ്ങള്‍ ചൂടിയിരുന്ന അദ്ദേഹത്തിന്‍റെ കഴുത്തിലേക്കും കിരീടത്തിലേക്കും കണ്ണോടിച്ചു. അവന്‍ വിസ്മയാധീതനായി. എത്ര മനോഹരമായ പുഷ്പങ്ങള്‍. കല്പകതരുവിന്‍റെ ഉത്ഭവം ഇതില്‍നിന്നാണോ എന്ന് അവന്‍ ചിന്തിച്ചുപോയി. അലൗകികശക്തികളുടെ മുലപീഠമാണോ ഇതെന്ന് അവന്‍ സംശയിച്ചു. കിരീടത്തില്‍ ചൂടിയിരുന്ന അതീവ രമ്യമായ അരവിന്ദം ലക്ഷ്മീദേവിയുടെ വിശ്രമസങ്കേതംപോലെ പരിശുദ്ധവും പരിമളം പരത്തുന്നതുമായിരുന്നു. അദ്ദേഹത്തിന്‍റെ മകുടത്തില്‍നിന്നു മലര്‍മാലകള്‍ തൂങ്ങിക്കിടന്നിരുന്നു. കൈകളില്‍ പുഷ്പകങ്കണവും കഴുത്തില്‍ പുഷ്പഹാരങ്ങളും ഉണ്ടായിരുന്നു. സൂര്യപ്രഭകൊണ്ട് ആവരണംചെയ്യപ്പെട്ട ആകാശംപോലെയാണ് അദ്ദേഹത്തിന്‍റെ അരയില്‍ ചുറ്റിയിരുന്ന മഞ്ഞപ്പട്ടാട പ്രശോഭിച്ചിരുന്നത്. അദ്ദേഹത്തിന്‍റെ ശരീരമാസകലം ചന്ദനച്ചാറുപൂശിയിരുന്നു. അതു മഹാമേരുപര്‍വ്വതത്തിനു സ്വര്‍ണ്ണംപൂശിയതുപോലെയോ, ആകാശത്തിനെ ചന്ദ്രികകൊണ്ടുള്ള വസ്ത്രം പുതപ്പിച്ചപോലെയോ ആയിരുന്നു. അതിന്‍റെ സൗരഭ്യം ശോഭായമാനമായ എല്ലാറ്റിന്‍റേയും ശോഭയ്ക്ക് തിളക്കം കൂട്ടുന്നതായിരുന്നു. അതു ദിവ്യമായ ചിത്ത ഹര്‍ഷത്തിന്‍റെ ഊഷ്മാവിനു കുളിരേകുന്നതായിരുന്നു. ഭൂമിയുടെ നറുമണത്തെ വര്‍ദ്ധിപ്പിക്കുന്നതായിരുന്നു. അതു വിരക്തരായ താപസന്മാരെപ്പോലും വശീകരിക്കുന്നതായിരുന്നു. മദനന്‍റെ ശരീരത്തില്‍ ലേപനംചെയ്യുന്ന സുഗന്ധദ്രവ്യത്തെക്കാള്‍ സുഗന്ധപൂരിതമായിരുന്നു. ആ അലൗകിക സൗരഭ്യത്തെപ്പറ്റി ആര്‍ക്കാണു വര്‍ണ്ണിക്കാന്‍ കഴിയുക? ഭഗവാന്‍റെ അലങ്കാരങ്ങളുടെ സുഭഗതകണ്ട് അര്‍ജ്ജുനന്‍ അമ്പരന്നുപോയി. ഭഗവാന്‍ നില്‍ക്കുകയാണോ ഇരിക്കുകയാണോ കിടക്കുകയാണോ എന്നറിയാന്‍ അവനു കഴിഞ്ഞില്ല. അവന്‍ മിഴികള്‍ വിടര്‍ത്തി വീണ്ടും വീണ്ടും നോക്കി. എവിടെയും വിശ്വരൂപം മാത്രം. അവന്‍ കണ്ണുകള്‍പൂട്ടി നിശ്ചേഷ്ടനായി നിന്നു. അപ്പോള്‍ ഭഗവാന്‍റെ അനവധി മുഖങ്ങളും കൈകളും കാലുകളും അവന്‍ കണ്ടു. ഒരത്ഭുതത്തിന്‍റെ കയത്തില്‍നിന്നു കരയ്ക്കുകയറുമ്പോള്‍ മറ്റൊരാശ്ചര്യസമുദ്രത്തിലേക്ക് വഴുതിവീഴുകയായിരുന്നു അര്‍ജ്ജുനന്‍.
എന്തിനേറെ പറയുന്നു. അര്‍ജ്ജുനന്‍റെ കണ്ണും കരളും ഭഗവാന്‍റെ ദിവ്യരൂപംകൊണ്ടു നിറഞ്ഞു. ഇപ്രകാരം തന്‍റെ വിവിധരൂപങ്ങളുടെ അമാനുഷികമായ ദര്‍ശനം പ്രകടമാക്കിക്കൊണ്ട് ഭഗവാന്‍ അര്‍ജ്ജുനനെ വലയം ചെയ്തു. ഭഗവാന്‍ സര്‍വ്വവ്യാപിയാണ്. അദ്ദേഹം എല്ലാറ്റിലും കുടികൊള്ളുന്നു. അപ്രകാരമുള്ള ഭഗവാന്‍റെ വിശ്വരൂപം പ്രകടിപ്പിച്ചുകാണിക്കാനാണ് പാണ്ഡുപുത്രന്‍ ആവശ്യപ്പെട്ടത്. എങ്ങും എല്ലാമായി നിറഞ്ഞു നില്‍ക്കുന്ന തന്‍റെ രൂപത്തെ ഭഗവാന്‍ പ്രത്യക്ഷപ്പെടുത്തി. പ്രകാശം ഉണ്ടെങ്കിലും ഇല്ലെങ്കിലും കാണാന്‍ കഴിയുന്ന ജ്ഞാനചക്ഷുസ്സുകളാണ് ഭഗവാന്‍ അര്‍ജ്ജുനന് നല്‍കിയിരുന്നത്. തന്മൂലം പ്രകാശമുള്ളപ്പോഴും ഇല്ലാത്തപ്പോഴും കണ്ണുകള്‍ തുറന്നിരിക്കുമ്പോഴും പൂട്ടിയിരിക്കുമ്പോഴും ഭഗവാന്‍റെ വിരാട് രൂപം അര്‍ജ്ജുനന്‍ അനവരതം ദര്‍ശിച്ചുകൊണ്ടേയിരുന്നു.
സഞ്ജയന്‍ ഇപ്രകാരം ഹസ്തിനപുരിയില്‍ ഇരുന്ന് ധൃതരാഷ്ട്രമഹാരാജാവിനോടു പറഞ്ഞു. അദ്ദേഹം തുടര്‍ന്നു.
മഹാരാജാവേ, അങ്ങ് ഞാന്‍ പറഞ്ഞതൊക്കെ കേട്ടുവേ? വിവിധതരത്തിലുള്ള ആഭരണങ്ങളിണിഞ്ഞ ഭഗവാന്‍റെ വിശ്വരൂപത്തിന്‍റെ ദശസഹസ്രം മുഖങ്ങള്‍ അര്‍ജ്ജുനന്‍ ദര്‍ശിച്ചു.