ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 14
തതഃസ വിസ്മയാവിഷ്ടോ
ഹൃഷ്ടരോമാ ധനഞ്ജയഃ
പ്രണമ്യശിരസാ ദേവം
കൃതാഞ്ജലിരഭാഷത
തന്മൂലം അത്ഭുതപരതന്ത്രനും ആനന്ദംകൊണ്ടു പുളകമണിഞ്ഞവനുമായ അര്‍ജ്ജുനന്‍ ഭഗവാനെ താണുവണങ്ങി തൊഴുകൈയോടെ പറഞ്ഞു.
ഇതോടെ, താന്‍ പ്രപഞ്ചഘടകങ്ങളില്‍നിന്നു ഭിന്നമായി നില്‍ക്കുന്നുവെന്ന് അര്‍ജ്ജുനന്‍റെ മനസ്സില്‍ തങ്ങിനിന്നിരുന്ന ദ്വന്ദ്വഭാവം അപ്രത്യക്ഷമായി. അവന്‍റെ ചിത്തം ഭഗവദ്സ്വരൂപത്തില്‍ അലിഞ്ഞുചേര്‍ന്നു. ആന്തരികമായി അവന്‍റെ ഹൃദയം ആനന്ദപാരവശ്യംകൊണ്ടു പൂരിതമായി. അവന്‍റെ ബാഹേന്ദ്രിയങ്ങള്‍ മരവിച്ചു. അവന്‍റെ ശരീരം നഖശിഖാന്തം വിറച്ചു. അവന്‍ കോള്‍മയിര്‍കൊണ്ടു. ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തംപോലെ അവന്‍റെ ദേഹമാസകലം സേദകണങ്ങള്‍ പൊടിഞ്ഞു. താമരപൂവിനുള്ളിലകപ്പെട്ട ഭ്രമരത്തിന്‍റെ ചലനം താമരപ്പൂവിനെ ചാഞ്ചാടിക്കുന്നതുപോലെ, അവന്‍റെ ഹൃദയത്തിലുണ്ടായ ഹര്‍ഷാവേശത്തിന്‍റെ അലകള്‍ അവന്‍റെ ശരീരത്തെ ഉലച്ചു. സമൃദ്ധമായി കര്‍പ്പൂരമുള്ള കര്‍പ്പൂരവൃഷത്തിന്‍റെ തോലുപൊട്ടി കര്‍പ്പൂരകണങ്ങള്‍ പൊഴിയുന്നതുപോലെ, അര്‍ജ്ജുനന്‍റെ നേത്രങ്ങളില്‍നിന്ന് കണ്ണീര്‍കണങ്ങള്‍ ഇറ്റിയിറ്റിവീണു. ചന്ദ്രോദയത്തില്‍ സമുദ്രത്തിലുണ്ടാകുന്ന വേലിയേറ്റംപോലെ അര്‍ജ്ജുനന്‍റെ ഹൃദയത്തില്‍ ഹര്‍ഷാവേശത്തിന്‍റെ തിരത്തള്ളല്‍ ഉണ്ടായി. അഷ്ടഗുണങ്ങളും മാത്സര്യത്തോടെ അവന്‍റെ ഹൃദയത്തിലേക്ക് ഇരച്ചുകയറി. അവന്‍ ദിവ്യമായ ചിത്തഹര്‍ഷത്തിന്‍റെ പരമാനന്ദം അനുഭവിക്കാന്‍ തുടങ്ങി. ഭഗവാനുമായുള്ള ആനന്ദകരമായ ഐക്യവേളയിലും ഭഗവാനുമായി ഒരു ഇതരത്വം നിലനില്‍ക്കുന്നതായി അവന് അനുഭവപ്പെട്ടു. ദീര്‍ഘശ്വാസം വിട്ടുകൊണ്ട് അവന്‍ ചുറ്റുപാടും നോക്കി. ഭഗവാന്‍റെ മുന്നില്‍നിന്ന് തലകുമ്പിട്ടു വണങ്ങി തൊഴുകൈയോടെ അവന്‍ പറഞ്ഞുതുടങ്ങി.