ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 16

അനേകബാഹൂദരവക്ത്രനേത്രം
പശ്യാമി ത്വാം സര്‍വ്വതോƒനന്തരൂപം
നാന്തം ന മധ്യം ന പുനസ്തവാദിം
പശ്യാമി വിശ്വേശ്വര വിശ്വരൂപ

വിശ്വേശ്വരനായ ഹേ വിശ്വരൂപ, അസംഖ്യം കൈകളും ഉദരങ്ങളും മുഖങ്ങളും കണ്ണുകളും ഉള്ളവനായും അനേകം രൂപങ്ങള്‍ കൈക്കൊണ്ടു നില്‍ക്കുന്നവനായും ഞാന്‍ അങ്ങയെ എല്ലായിടത്തും കാണുന്നു. എന്നാല്‍ അങ്ങയുടെ ആദിയും മധ്യവും അവസാനവുമൊന്നും ഞാന്‍ കാണുന്നില്ല.

ആകാശം നാലു വശത്തേയ്ക്കും കൈകള്‍ നീട്ടിയിരിക്കുന്നതുപോലെ, അങ്ങയുടെ ദശസഹസ്രം കൈകള്‍ ഞാന്‍ എന്‍റെ ദിവ്യദൃഷ്ടികൊണ്ടുകാണുന്നു. ഒരേ സമയത്ത് ഈ കൈകളെല്ലാം കര്‍മ്മങ്ങളില്‍ മുഴുകിയിരിക്കുന്നു. ആകാശത്തില്‍ തുറന്നുവച്ച പ്രപഞ്ചത്തിലെ എല്ലാ ജീവരൂപങ്ങളുടേയും ഭണ്ഡാരംപോലെ, അങ്ങയെ അനേകം ഉദരങ്ങളോട് കൂടിയവനായി ഞാന്‍ കാണുന്നു. ബ്രഹ്മവൃഷത്തില്‍ കായ്ച കനികള്‍പോലെ അങ്ങയുട‌െ സഹസ്രകണക്കിനുള്ള മുഖങ്ങള്‍ എനിക്കു ദൃശ്യമാകുന്നു. അസംഖ്യം വക്ത്രങ്ങളും എണ്ണമില്ലാത്തിടത്തോളം നേത്രങ്ങളുടെ നിരയും വിശ്വരൂപത്തില്‍ ഞാന്‍ കാണുന്നു. വിശ്വം മുഴുവന്‍ അങ്ങയുടെ വിശ്വരൂപത്തില്‍ പ്രകടിതമാകുന്നു. എന്നു മാത്രമല്ല, ഭൂമി, സ്വര്‍ഗ്ഗം, പാതാളം, ദിശകള്‍ , ആകാശം എന്നിവയൊന്നുംതന്നെ വിവേചിച്ചറിയാന്‍ കഴിയാത്തവണ്ണം അങ്ങയുടെ രൂപം എല്ലായിടത്തും നിറഞ്ഞുനില്‍ക്കുന്നു. അങ്ങയുടെ സാന്നിദ്ധ്യമില്ലാതെ ഒരു പരമാണുവിനെപ്പോലും എനിക്കു കാണാന്‍ കഴിയുന്നില്ല. ഇതെല്ലാം കാണുമ്പോള്‍ അങ്ങ് എപ്പോഴാണ് രൂപംകൊണ്ടത്, നില്‍ക്കുകയാണോ, ഇരിക്കുകയാണോ, ഏതമ്മയുടെ ഗര്‍ഭപാത്രമാണ് അങ്ങയെ പേറിയത്, അങ്ങയുടെ ആസ്ഥാനം എവിടെയാണ്, ആകൃതി എന്താണ്, വയസ്സ് എത്രയായി, അങ്ങയുടെ ആലംബം എന്താണ് എന്നൊക്കെ അങ്ങയപ്പറ്റി ഞാന്‍ ചിന്തിച്ചുപോകുന്നു. അപ്പോള്‍ അങ്ങയുടെ ആലംബം അങ്ങുതന്നെയാണെന്നും അങ്ങ് അജാതനാണെന്നും അനാദ്യനാണെന്നും സ്വയംഭൂവാണെന്നും എനിക്കു ബോദ്ധ്യമായി.

അല്ലയോ ദേവ, അങ്ങ് നില്‍ക്കുകയോ ഇരിക്കുകയോ ചെയ്യുന്നില്ല. അങ്ങ് വാമനനോ തുംഗമോ അല്ല. അങ്ങ് അങ്ങയുടെ മുകളിലോട്ടും താഴോട്ടും വ്യാപിച്ചു നില്‍ക്കുന്നു. അങ്ങയുടെ ആകൃതിയും പ്രായവും എന്തെന്ന് എന്നോട് ചോദിച്ചാല്‍ അത് അങ്ങയുടെ ആകൃതിയും പ്രായവും മാത്രമായിരിക്കുമെന്ന് ഞാന്‍ പറയും. അങ്ങയുടെ മുന്നിലും പിന്നിലും അങ്ങുതന്നെയാണ്. അനന്തനായ പ്രഭോ! എന്‍റെ ചുറ്റുപാടും കാണുന്നതുമുഴുവന്‍ അങ്ങാണ്. അങ്ങയുടെ വിശ്വരൂപത്തിന് എന്തെങ്കിലും കുറവുണ്ടെങ്കില്‍ അത് ആദിയോ മധ്യമോ അവസാനമോ ഇല്ലെന്നുള്ളതു മാത്രമാണ്. ഞാന്‍ എല്ലായിടത്തും അത് തിരഞ്ഞു നോക്കി. എന്നാല്‍ അതിന്‍റെ ആഴം അളക്കാന്‍ എനിക്കു കഴിയുന്നില്ല. അപ്രകാരമൊന്നും അങ്ങേക്കില്ലെന്ന് ഇപ്പോള്‍ എനിക്കുറപ്പായി.

അല്ലയോ ആദിയും മദ്ധ്യവും അന്തവുമില്ലാത്ത അപ്രമേയനായ ഭഗവാനേ, അങ്ങയുടെ വിശ്വരൂപം ഇപ്രകാരമാണെന്നു ഞാന്‍ മനസ്സിലാക്കുന്നു. വിവിധ വര്‍ണ്ണങ്ങളിലുള്ള ഒരു വസ്ത്രം പുതച്ചിരിക്കുന്നതുപോലെ അങ്ങയുടെ രൂപത്തില്‍ അസംഖ്യം സ്വരൂപങ്ങള്‍ കാണുന്നു. വൃക്ഷലതാദികള്‍ പുഷ്പങ്ങളും ഫലങ്ങളും പേറി നില്‍ക്കുമ്പോള്‍ രമണീയമായി കാണപ്പെടുന്നതുപോലെ അങ്ങയുടെ രൂപത്തില്‍ കാണുന്ന ആടയാഭരണങ്ങളണിഞ്ഞ ഈ സ്വരൂപങ്ങള്‍ ചേതോഹരങ്ങളായിരിക്കുന്നു. അങ്ങ് ഈ സ്വരൂപങ്ങളാകുന്ന കല്ലോലങ്ങള്‍ ഇളകിയാടുന്ന ഒരു മഹാസാഗരമാണ്. ഭൂമി ജീവജാലങ്ങളെക്കൊണ്ട് നിറഞ്ഞിരിക്കുന്നതുപോലെയോ നഭസ്സില്‍ നക്ഷത്രജാലങ്ങള്‍ തിങ്ങിനില്‍ക്കുന്നപോലെയോ അങ്ങയുടെ വിശ്വരൂപത്തില്‍ ഈ സ്വരൂപങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. ഈ ഓരോ സ്വരൂപങ്ങളും ഓരോ വിശ്വത്തെ സൃഷ്ടിക്കുകയും അവ ഈ രൂപങ്ങളില്‍ തന്നെ അലിഞ്ഞുചേരുകയും ചെയ്യുന്നു. എണ്ണമില്ലാത്ത ഈ സ്വരൂപങ്ങള്‍ അങ്ങയുടെ ശരീരത്തിലെ എണ്ണമറ്റ രോമങ്ങള്‍ പോലെയാണ്. ഇതെല്ലാം കാണുമ്പോള്‍ ഞാന്‍ സ്വയം ചോദിച്ചു പോകുന്നു:

വിസ്തൃതമായ ഈ പ്രപഞ്ചത്തെ മുഴുവന്‍ ഇപ്രകാരം തന്‍റെ രൂപത്തിലടക്കിയിരിക്കുന്ന ഈ മഹാനുഭാവന്‍ ആരാണ്?

അല്ലയോ മുകുന്ദാ, ഞാന്‍ മനസ്സിലാക്കുന്നു, ഭവാന്‍ എന്‍റെ സാരഥിയല്ലാതെ മറ്റാരുമല്ലെന്ന്. അങ്ങ് സര്‍വ്വവ്യാപിയാണെങ്കിലും മനോജ്ഞമായ മര്‍ത്ത്യരൂപം കൈകൊണ്ടിരിക്കുന്നത് അങ്ങയുടെ ഭക്തന്മാരില്‍ കാരുണ്യം ചൊരിയാനാണ്. എന്‍റെ കൈകളില്‍ ചേര്‍ത്ത് ആശ്ലേഷിക്കാന്‍ കഴിയുന്ന, ചതുര്‍ ബാഹുക്കളോടുകൂടിയ ചാരുത്വമേറിയ അങ്ങയുടെ നീലവര്‍ണ്ണകളേബരം, എന്‍റെ കണ്ണിനും കരളിനും കുളിരേകുന്നു. ഭക്തന്മാര്‍ക്ക് ഇഷ്ടവരങ്ങള്‍ ദാനം ചെയ്യുന്നതിനുവേണ്ടിയാണ് അങ്ങ് ഈ രൂപത്തില്‍ അവതരിച്ചിരിക്കുന്നത് എങ്കിലും ഞങ്ങളുടെ വീക്ഷണത്തിലുള്ള വൈകല്യംകൊണ്ട് ഞങ്ങള്‍ അങ്ങയെ മനുഷ്യനായി കാണുന്നു. എന്നാല്‍ അങ്ങ് ദിവ്യദൃഷ്ടി നല്‍കിയതിനാല്‍ ഈ കുറവ് പരിഹരിച്ച് അങ്ങയുടെ യഥാര്‍ത്ഥമാഹാത്മ്യം മനസ്സിലാക്കുന്നതിന് എനിക്കു കഴിഞ്ഞു. എന്‍റെ രഥത്തിന്‍റെ നക്രമുഖാകൃതിയുള്ള നുകത്തിനു പിന്നിലിരുന്ന അങ്ങാണ് ഈ വിശ്വരൂപം കൈകൊണ്ടതെന്ന് എനിക്കു തികച്ചും ബോധ്യം വന്നിരിക്കുന്നു.