ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 17
കിരീടിനം ഗദിനം ചക്രിണം ച
തേജോരാശിം സര്‍വ്വതോ ദീപ്തിമന്തം
പശ്യാമി ത്വാം ദുര്‍ന്നിരീക്ഷ്യം സമന്താദ്
ദീപ്താനലാര്‍ക്കദ്യുതിമപ്രേയം
കിരീടം, ചക്രം, ഗദ എന്നിവ ധരിച്ചവനായും തേജോമയനായും അഗ്നിയുടേയും സൂര്യന്‍റേയും കാന്തികള്‍ ഒരുമിച്ച് ചേര്‍ന്നവനായും തന്മൂലം നേരേ നോക്കിക്കാണാന്‍ അശക്യനായും സര്‍വ്വത്ര പ്രകാശിച്ചുകൊണ്ടിരിക്കുന്നവനായും അളക്കാന്‍ വയ്യാത്തവനായും വിശ്വരൂപനായ അങ്ങയെ നോക്കുന്നിടത്തെല്ലാം ഞാന്‍ കാണുന്നു.
അല്ലയോ ശ്രീഹരി, മുമ്പ് അങ്ങയുടെ ശിരസ്സിലുണ്ടായിരുന്ന അതേ കിരീടം തന്നെയല്ലേ ഇപ്പോഴും അങ്ങ് ധരിച്ചിരിക്കുന്നത്? പക്ഷേ ഇപ്പോള്‍ ഈ കിരീടത്തിന്‍റെ പ്രഭയും തിളക്കവും എത്രയോ മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. അങ്ങയുടെ ഉയര്‍ത്തിപ്പിടിച്ച കൈയ്യില്‍ കാണുന്ന കറങ്ങുന്ന ചക്രത്തിന്‍റെ ദ്രുതഗതിയിലുള്ള ചലനത്തെ നിയന്ത്രിക്കുന്നതു കാണുമ്പോള്‍ , ഇത് അങ്ങയുടെ കൈയ്യില്‍ മുമ്പുണ്ടായിരുന്നതാണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. മറ്റേ കൈയ്യിലുള്ള ഗദയും അങ്ങ് മുമ്പ് ധരിച്ചിരുന്നതു തന്നെയാണ്. ആയുധമില്ലാത്ത അങ്ങയുടെ താഴ്ത്തിയ കരങ്ങളില്‍ കടിഞ്ഞാണ്‍ പിടിച്ച് അങ്ങ് കുതിരകളെ നിയന്ത്രിക്കുന്നു. അല്ലയോ വിശ്വനാഥാ, എന്‍റെ അഭിലാഷനിവൃത്തി ഉണ്ടാക്കണമെന്നുള്ള അങ്ങയുടെ അഭിലാഷാധിക്യംകൊണ്ട് അങ്ങ് പൊടുന്നനെ വിശ്വരൂപം കൈകൊണ്ടതാണെന്ന് എനിക്കറിയാം. എന്നാല്‍ ഇത് എത്രയോ ആശ്ചര്യകരമായിരിക്കുന്നു. എന്‍റെ വിസ്മയത്തിന് അതിരില്ല. സര്‍വ്വാതിശായിയായ അങ്ങയുടെ രൂപംകണ്ട് എന്‍റെ ഭാവനപോലും അന്ധാളിച്ചു നില്‍ക്കുന്നു. അങ്ങയുടെ രൂപം ഇവിടെത്തന്നെ ഉണ്ടോ ഇല്ലയോ എന്ന് കണ്ടറിയുന്നതിനു കഴിയാത്തവണ്ണം എന്‍റെ ശ്വാസം അടച്ചുപോകുന്നു.
അങ്ങയുടെ ദിവ്യപ്രഭ ലോകത്തിലാകമാനം വ്യാപിച്ചിരിക്കുന്നു. അതിന്‍റെ തിളക്കത്തില്‍ അഗ്നിജ്വാലകള്‍ വിളറുന്നു. സൂര്യന്‍ കേവലം മിന്നാമിനുങ്ങായി മാറുന്നു. ഈ പ്രപഞ്ചം മുഴുവനും അങ്ങയുടെ തേജോമയമായ പ്രകാശ സാഗരത്തില്‍ മുങ്ങിപ്പോയതായി തോന്നുന്നു. ലോകാവസാനത്തില്‍ ആകാശത്തില്‍ നിറയുന്ന മിന്നല്‍ പിണരിനും അങ്ങയുടെ കാന്തിയോടു കിടപിടിക്കാന്‍ സാധ്യമല്ല. അങ്ങയുടെ ഉജ്ജ്വലമായ പ്രകാശം താങ്ങുന്നതിനുള്ള കരുത്ത് എന്‍റെ ദിവ്യ ചക്ഷുസുകള്‍ക്കില്ല. ആ ജ്യോതിസിന്‍റെ ആഭയും ആതപവും കൂടിക്കൂടി വരുന്നു. അതിന്‍റെ പൊള്ളുന്ന ചൂട് എന്‍റെ ദിവ്യദൃഷ്ടികളെപ്പോലും അസഹ്യപ്പെടുത്തുന്നു. മുക്കണ്ണന്‍റെ നെറ്റിയിലെ കണ്ണില്‍ നിന്ന് ലോകസംഹാരത്തിനുവേണ്ടി, നീറിക്കൊണ്ടിരിക്കുന്ന അഗ്നി പുറത്തേയ്ക്കു വമിച്ചതുപോലെയും അതോടൊപ്പം സര്‍വ്വസംഹാരിയായ പഞ്ചാഗ്നിയുടെ ജ്വാലകളും കൂടിച്ചേര്‍ന്ന് പ്രപഞ്ചത്തെ മുഴുവന്‍ ചുട്ടുകരിക്കാന്‍ ഇടയുള്ളതുപോലെയും തോന്നുന്നു. ജാജ്വല്യമാനമായ തേജോരാശിയായി അങ്ങയുടെ ഇപ്രകാരമുള്ള രൂപത്തെ ആദ്യമായാണ് കാണുന്നത്. വിശ്വ വ്യാപകമായി ഒളിചിതറുന്ന അങ്ങയുടെ ഈ രൂപം അപ്രമേയമാണ്.