വിശ്വരൂപം കണ്ട് മൂന്നുലോകങ്ങളും ഭയന്നു വിറയ്ക്കുന്നു ( ജ്ഞാ.11.20)
ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 20
ദ്യാവാപൃഥിവ്യോരിദമന്തരം ഹി
വ്യാപ്തം ത്വയൈകേന ദിശശ്ച സര്‍വ്വാഃ
ദൃഷ്ട്വാƒദ്ഭുതം രൂപമുഗ്രം തവേദം
ലോകത്രയം പ്രവൃഥിതം മഹാത്മന്‍
മഹാത്മന്‍, ആകാശത്തിന്‍റേയും ഭൂമിയുടേയും ഇടഭാഗം മുഴുവനും മറ്റെല്ലാ ദിക്കുകളും അങ്ങൊരുവനാല്‍ നിറഞ്ഞിരിക്കുന്നതായി കാണുന്നു. അത്ഭുതകരവും ഭയാനകവുമായ അങ്ങയുടെ ഈ രൂപം കണ്ടിട്ട് മൂന്നുലോകങ്ങളും ഭയന്നു വിറയ്ക്കുന്നു.
ആകാശവും ഭൂമിയും അതിനിടയ്ക്കുള്ള എല്ലാഭാഗവും പാതാളവും പത്തു ദിശകളും ചക്രവാളവും മുഴുവന്‍ അങ്ങയെക്കൊണ്ടു നിറഞ്ഞിരിക്കുന്ന അത്ഭുതദൃശ്യമാണ് ഞാന്‍ കാണുന്നത്. ലോകവും ആകാശവും അങ്ങയുടെ ഭയാനകമായ രൂപത്തില്‍ മുങ്ങിപ്പോയതുപോലെയോ, ഇരേഴു പതിനാലു ലോകങ്ങളും അങ്ങയുടെ അമാനുഷിക അസ്ഥിത്വത്തിന്‍റെ ആഴിയിലെ അലമാലകള്‍ക്കിടയില്‍ അകപ്പെട്ടുപോയതുപോലെയോ തോന്നുന്നു. എന്നെ വിസ്മയാന്ധനാക്കുന്ന അങ്ങയുടെ അത്ഭുതശക്തിസമ്പന്നമായ രൂപം ഞാന്‍ എങ്ങനെയാണ് ഉള്‍ക്കൊള്ളുന്നത്? അങ്ങയുടെ മഹാകായമായ സര്‍വഗരൂപം എന്‍റെ ഭാവനാശക്തിക്ക് അതീതമാണ്. ആ തൈജസ്വരൂപത്തിന്‍റെ തീഷ്ണമായ താപം, താങ്ങാന്‍ പറ്റാത്തവണ്ണം അസഹനീയമായിരിക്കുന്നു. അങ്ങയുടെ വിശ്വരൂപം ദര്‍ശിച്ചപ്പോഴുണ്ടായ ആനന്ദത്തിന്‍റെ എല്ലാ അവസ്ഥകള്‍ക്കും അറുതി വന്നിരിക്കുന്നു. ലോകത്തിനുതന്നെ അതിന്‍റെ നിലനില്‍പിനുവേണ്ടി വളരെ കഷ്ടപെടേണ്ടി വന്നിരിക്കുന്നു. അങ്ങയടെ ആശ്ചര്യഭൂതമായ സ്വരൂപം ഭയഹേതുകമായിത്തീര്‍ന്നതിന്‍റെ രഹസ്യം എനിക്ക് അജ്ഞാതമായിരിക്കുന്നു. ജഗത്രയങ്ങള്‍ ദുഃഖസാഗരത്തില്‍ നിമഗ്നമായിരിക്കുന്നതിന്‍റെ കാരണവും എനിക്കറിയാന്‍ കഴിയുന്നില്ല. അങ്ങയുടെ വിശ്വരൂപദര്‍ശനം ലോകത്ത് ഭയവും സന്താപവും ഉളവാക്കുന്നത് എന്തുകൊണ്ടാണ്? എന്തായാലും എന്‍റെ മനസ്സില്‍ ഇപ്പോള്‍ ആനന്ദമോ സന്തോഷമോ ഇല്ലെന്നു തീര്‍ത്തു പറയാം.
അതിനുള്ള കാരണം എന്തെന്നു ഞാന്‍ മനസ്സിലാക്കുന്നു. അങ്ങയുടെ പവിത്രമായ അസ്തിത്വം ദര്‍ശിക്കുന്നതുവരെ ഭൗതികസുഖങ്ങള്‍ മനുഷ്യനെ വശീകരിക്കുന്നു. ഇപ്പോള്‍ എനിക്ക് അങ്ങയുടെ വിശ്വരൂപം കാണാന്‍ ഇടയായതോടുകൂടി ഐഹികസുഖങ്ങള്‍ എന്‍റെ ആത്മാവിനെ പീഡിപ്പിക്കുകയും എനിക്ക് അതില്‍ വെറുപ്പ് ഉണ്ടായിരിക്കുകയും ചെയ്യുന്നു. അങ്ങയുടെ ദിവ്യരൂപത്തെ ആശ്ലേഷിക്കണമെന്ന് ഞാന്‍ അഭിലക്ഷിക്കുന്നു. എന്നാല്‍ അത് എങ്ങനെയാണ് സാധ്യമാവുക. അത് അസാധ്യമാണെന്നുള്ള പക്ഷം ദുസ്സഹമായ ഈ ദുരവസ്ഥയില്‍ എങ്ങനെയാണ് ഞാന്‍ എന്‍റെ ജീവിതായോധനം തുടരുന്നത്? ഞാന്‍ പിന്തിരിയാമെന്നു വിചാരിച്ചാല്‍, അന്തമില്ലാത്ത ആര്‍ത്തിയോടെ കാത്തിരിക്കുന്ന ലോകത്തിലേക്കാണ് മടങ്ങേണ്ടത്. മുന്നോട്ടു പോകുന്നതിനാഗ്രഹിച്ചാല്‍ അങ്ങയുടെ ബൃഹത്തായ വിശ്വരൂപം എനിക്ക് അപ്രാപ്യമായിരിക്കും. അഹോ, കഷ്ടം! അശക്തമായ മര്‍ത്യലോകം അഗ്നികുണ്ഡങ്ങളുടെ നടുവില്‍പ്പെട്ട് വരണ്ടുപോയിരിക്കുന്നു. അങ്ങയുടെ വിശ്വരൂപം ദര്‍ശിക്കണമെന്നുള്ള ആഗ്രഹം എന്നെ ഈ സങ്കടകരമായ അവസ്ഥയില്‍ എത്തിച്ചിരിക്കുന്നു. അഗ്നിയുടെ ആതപമേറ്റു പൊള്ളുന്ന ഒരുവന്‍ ആഴിയുടെ കുളുര്‍മ്മതേടിയെത്തുമ്പോള്‍ അലറുന്ന അലകള്‍ അവനെ ഭീക്ഷണിപ്പെടുത്തി ഓടിക്കുന്നതുപോലെയാണ്, ഇപ്പോള്‍ വിശ്വത്തിന്‍റെ അവസ്ഥ. പ്രപഞ്ചം മുഴുവനും അങ്ങയുടെ സര്‍വ്വഗമമായ രൂപം കണ്ട് അസ്വസ്ഥമായിരിക്കുന്നു.