ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 22
രുദ്രാദിത്യാ വസവോ യേ ച സാദ്ധ്യാഃ
വിശ്വേƒശ്വിനൗ മരുതശ്ചോഷ്മപാശ്ച
ഗന്ധര്‍വ്വയക്ഷാസുരസിദ്ധസംഘാഃ
വീക്ഷന്തേ ത്വാം വിസ്മിതാശ്ചൈവ സര്‍വ്വേ
രുദ്രന്മാരും ആദിത്യന്മാരും വസുക്കളും സാദ്ധ്യന്മാരും വിശ്വദേവന്മാരും മരുത്തുക്കളും പിതൃക്കളും ഗന്ധര്‍വ്വന്മാര്‍, അസുരന്മാര്‍, യക്ഷന്മാര്‍, സിദ്ധന്മാര്‍ എന്നിവരുടെ സമൂഹങ്ങളും അത്ഭുതപരവശരായി അങ്ങയെ നോക്കി നില്‍ക്കുന്നു.
പതിനൊന്നു രുദ്രന്മാരും പന്ത്രണ്ട് ആദിത്യന്മാരും അഷ്ടവസുക്കളും ഉപദേവന്മാരായ സാദ്ധ്യന്മാരും രണ്ട് അശ്വനീദേവന്മാരും മരുത്തുക്കളും പിതൃക്കളും ഗന്ധര്‍വ്വന്മാരും യക്ഷന്മാരും അസുരന്മാരും ഇന്ദ്രന്‍റെ നേതൃത്വത്തില്‍ മറ്റുദേവന്മാരും സിദ്ധന്മാരും ആശ്ചര്യപരതതന്ത്രരായി അവരവരുടെ സ്ഥാനങ്ങളില്‍ നിന്നുകൊണ്ട് അങ്ങയുടെ വിശ്വരൂപത്തെ വീക്ഷിക്കുന്നു. അമ്പരപ്പോടെ അങ്ങയെ നോക്കുന്ന അവരോരുത്തരും കിരീടധാരികളായി അങ്ങയെ പ്രദക്ഷിണം വയ്ക്കുന്നു. കൂപ്പുകൈകളോടെ അവര്‍ ഉദ്ഘോഷിക്കുന്ന ജയജയാരവത്തിന്‍റെ മാറ്റൊലി സ്വര്‍ഗ്ഗത്തില്‍ മുഴങ്ങി കേള്‍ക്കുന്നു. അവര്‍ മുകുളീകൃതപാണികളായി അങ്ങയെ പ്രണമിക്കുന്നു. വനവൃഷങ്ങള്‍ വസന്താഗമത്തോടെ തളിര്‍ക്കുകയും പൂക്കുകയും ഫലങ്ങള്‍ പേറുകയും ചെയ്യുന്നതുപോലെ, ശരണാഗതരായ അവരുടെ ഭക്തി നിര്‍ഭരമായ അഭ്യര്‍ത്ഥനയാകുന്ന വൃഷങ്ങളില്‍, സത്വഗണഭാവങ്ങളാകുന്ന വസന്തം വിടരുമ്പോള്‍, അവരുടെ പാണികള്‍ മുകുളങ്ങളാകുന്നു. അങ്ങയുടെ ദിവ്യ ദര്‍ശനമാകുന്ന ഫലം അവര്‍ക്കു ലഭിക്കുകയും ചെയ്യുന്നു