ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 23

രൂപം മഹത്തേ ബഹുവക്ത്രനേത്രം
മഹാബാഹോ! ബഹുബാഹൂരുപാദം
ബഹൂദരം ബഹുദംഷ്ട്രാകരാളം
ദൃഷ്ട്വാ ലോകാഃ പ്രവൃഥിതാസ്തഥാഹം


അല്ലയോ ഭഗവന്‍ , അസംഖ്യം മുഖങ്ങളും കണ്ണുകളുമുള്ളതും അസംഖ്യം കൈകളും തുടകളും പാദങ്ങളുമുള്ളതും അസംഖ്യം വയറുകളുള്ളതും അസംഖ്യം ദംഷ്ട്രകള്‍കൊണ്ട് ഭയാനകമായി തോന്നുന്നതുമായ അങ്ങയുടെ മഹത്തായ വിശ്വരൂപം കണ്ടിട്ട് എല്ലാ ലോകരും, അതുപോലെ ഞാനും പേടിച്ചു വിറയ്ക്കുന്നു.

ഇപ്രകാരം ഭാഗ്യം അവരെ കടാക്ഷിച്ചിരിക്കുന്നു. അങ്ങയുടെ ദിവ്യമായ വിശ്വരൂപം കാണാന്‍ കഴിഞ്ഞതില്‍ അവരുടെ മനസ്സ് ആനന്ദം അനുഭവിക്കുന്നുണ്ടാവണം. എന്നാല്‍ മൂന്നുലോകങ്ങളിലും ഈ രൂപം വ്യാപിച്ചിരിക്കുന്നതു കാണുമ്പോള്‍ ദേവന്മാര്‍ പോലും ഭയപ്പെടുന്നു. അങ്ങയുടെ സന്നിധാനം ഏകമാണെങ്കിലും അതില്‍ വിചിത്രവും ഭീകരവുമായ ദശസഹസ്രം മുഖങ്ങളും കണ്ണുകളും കാണുന്നു. അസംഖ്യം കൈകളുള്ളതിലെല്ലാം ആയുധങ്ങള്‍കാണാം. വിവിധവര്‍ണ്ണങ്ങളിലുള്ള എണ്ണമില്ലാത്ത വായ്കളും കാലുകളും കാണുന്നു. എല്ലാ മുഖങ്ങളിലും കോപപാരവശ്യം തുടിച്ചു നില്‍ക്കുന്നു. അത് മൃത്യുദേവനായ യമന്‍ ലോകസംഹാരത്തിനായി അഗ്നിസ്ഫുലിംഗങ്ങള്‍ ജ്വലിപ്പിപ്പിക്കുന്നതുപോലെയോ, ശിവന്‍റെ നിഗ്രഹായുധങ്ങള്‍ പോലെയോ, ഭൈരവസംഘങ്ങളെപ്പോലെയോ, പ്രപഞ്ചസംഹാരിണിയായ ശക്തിയുടെ ആളിമാരെപ്പോലെയോ, ജീവജാലങ്ങളെ നശിപ്പിക്കാന്‍ പോരുന്നവയാണ്. അങ്ങയുടെ തുറന്നവായില്‍ നിന്നു പുറത്തേയ്ക്കു തള്ളിനില്‍ക്കുന്ന ദംഷ്ട്രങ്ങള്‍ ഗുഹയില്‍നിന്നു പുറത്തുചാടിയ ക്രൂരസിംഹങ്ങളെപ്പോലെ ഭീകരങ്ങളാണ്. കാലത്തിന്‍റെ അവസാനത്തെ കാളരാത്രിയുടെ അന്ധകാരത്തില്‍ അശരീരികളായ പിശാചുക്കള്‍ എന്തും വിഴുങ്ങുന്നതിനു തയ്യാറായി പുറത്തിറങ്ങി സഞ്ചരിക്കാറുണ്ട്. അവരുടെ ഉഗ്ര വക്ത്രങ്ങള്‍ എപ്പോഴും നിണമണിഞ്ഞതായിരിക്കും. അതുപോലെ അങ്ങയുടെ ചിബുകവും ചോരയില്‍ മുങ്ങിയിരിക്കുന്നതായി ഞാന്‍ കാണുന്നു. ചുരുക്കിപ്പറഞ്ഞാല്‍, ലോകാവസാനത്തില്‍ മൃത്യു എല്ലാ ജീവജാലങ്ങളേയും വളഞ്ഞു ഭീഷണിപ്പെടുത്തുന്നതുപോലെ, അങ്ങയുടെ വായ് എല്ലാവര്‍ക്കും ഭീഷണിയായിരിക്കുന്നു. മൃത്യുദേവന്‍റെ പോര്‍വിളിപോലെ കാണപ്പെടുന്ന അങ്ങയുടെ വക്ത്രങ്ങളിലേക്ക് നോക്കാന്‍ തന്നെ ഭയമായിരിക്കുന്നു. കാളിയന്‍റെ വിഷമേറ്റ് ഉണങ്ങിയ യമുനാതീരത്തിലെ വൃഷങ്ങളെപ്പോലെ ഈ സൃഷ്ടിജാലങ്ങളെല്ലാം ചൂളിപ്പോയിരിക്കുന്നു. അവരുടെ സ്ഥിതി കഷ്ടാല്‍ കഷ്ടതരമായിരിക്കുന്നു. പ്രപഞ്ചസംഹാരത്തിന്‍റെ രൂപത്തിലുള്ള അങ്ങയുടെ ദര്‍ശനമാകുന്ന സമുദ്രത്തില്‍, സൃഷ്ടിപ്രപഞ്ചമാകുന്ന ചെറിയ തോണി തീവ്രദുഃഖമാകുന്ന കൊടുങ്കാറ്റേറ്റ് ആടി ഉലയുന്നു.

എന്‍റെ ഈ വാക്കുകള്‍ കേള്‍ക്കുമ്പോള്‍ കോപത്തോടുകൂടി അങ്ങെന്നെ ശകാരിച്ചുവെന്നുവരാം. ലോകത്തിന്‍റെ പ്രാണസങ്കടത്തെപ്പറ്റി ചിന്തിക്കാതെ, അങ്ങയുടെ വിശ്വരൂപത്തില്‍ ശ്രദ്ധകേന്ദ്രീകരിച്ച് ധ്യാനനിരതനായി ആനന്ദിക്കാന്‍ അങ്ങ് എന്നോട് നിര്‍ദ്ദേശിച്ചുവെന്നുംവരാം. എന്നാല്‍ ലോകത്തിന്‍റെ മരണസങ്കടത്തെപ്പറ്റി ഞാന്‍ പറഞ്ഞത് എന്‍റെ അവസ്ഥയ്ക്ക് ഒരു പുകമറ നല്കാന്‍ വേണ്ടി മാത്രമാണ്. യഥാര്‍ത്ഥത്തില്‍ ഞാനും ഭയചകിതനാണ്. വിശ്വസംഹാരകനായ രുദ്രനെപ്പോലും ഞാന്‍ അമ്പരപ്പിച്ചവനാണ്. യമന്‍ എന്നെഭയന്ന് ഒളിച്ചുകളഞ്ഞിട്ടുണ്ട്. അപ്രകാരമായ ഞാനിതാ അകത്തും പുറത്തും ഒരേ തരത്തിലുള്ള ഭയം ബാധിച്ച് പരിതാപകരമായ അവസ്ഥയിലെത്തിയിരിക്കുന്നു. ഇത് അങ്ങയുടെ വിശ്വരൂപമാണെന്നു പറയുന്നു. ഭയത്തിന്‍റെ ഭീകരതയെപ്പോലും നിഷ്ഫലമാക്കാന്‍ കരുത്തുള്ള ഭൈരവമായ ജ്യോതിഷ് പ്രവാഹത്തെ വിശ്വരൂപമെന്നു വിളിക്കുന്നത് വിചിത്രമായിരിക്കുന്നു. ഇത് തീര്‍ച്ചയായും ഒരു വലിയ അത്യാഹിതം തന്നെയാണ്.