ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 25
ദംഷ്ട്രാകരാളാനി ച തേ മുഖാനി
ദൃഷ്ട്വൈവ കാലാനലസന്നിഭാനി
ദിശോ ന ജാനേ ന ലഭേ ച ശര്‍മ്മ
പ്രസീദ ദേവേശ ജഗന്നിവാസ!
അല്ലയോ ദേവേശ, ദംഷ്ട്രകള്‍ നിറഞ്ഞ് ഭയാനകങ്ങളും കാലാഗ്നികള്‍പോലെ തേജോമയങ്ങളുമായ അങ്ങയുടെ മുഖങ്ങള്‍ കണ്ടതുകൊണ്ടുതന്നെ എനിക്ക് ദിക്കുകളൊന്നും തിരിച്ചറിയാന്‍ കഴിയാതെയായിരിക്കുന്നു. മനസമാധാനം കിട്ടുന്നുമില്ല. ഹേ ജഗന്നിവാസാ! എന്നില്‍ പ്രസാദിച്ചാലും.
അങ്ങയുടെ തുറന്ന വായ്കള്‍ രാക്ഷസീയമാണ്. ഭീകരമായ ഭയത്തിന്‍റെ ഒരു ഭാജനം പൊട്ടിച്ചിതറി എന്‍റെ കണ്‍മുന്നില്‍ പരന്നുകിടക്കുന്നതുപോലെ അവകളെ ഞാന്‍ ദര്‍ശിക്കുന്നു. അവയില്‍ ദന്തങ്ങളും താടിയെല്ലുകളും തിങ്ങിനിറഞ്ഞു നില്‍ക്കുന്നു. ലോകസംഹാരത്തിനുവേണ്ടിയുള്ള കൂര്‍ത്തുമൂര്‍ത്ത മാരകായുധങ്ങള്‍കൊണ്ടു നിര്‍മ്മിച്ച കനത്ത വേലിക്കെട്ടുപോലെ അവ കാണപ്പെടുന്നു. ചുണ്ടുകള്‍ക്കുപോലും ദന്തങ്ങളെ മറയ്ക്കാന്‍ കഴിയുന്നില്ല. ക്രോധാവിഷ്ടമായ വായില്‍ നിന്ന് ഉദ്വമിക്കുന്ന നെരുപ്പ് ഞങ്ങളില്‍ മരണവൃഷ്ടി ചൊരിയുന്നു. അത് ഉഗ്രസര്‍പ്പമായ തക്ഷകന്‍റെ വിഷം പോലെയാണ്. പിശാചുക്കള്‍ നടമാടുന്ന കറുത്തവാവുപോലെയാണ്; ലോകസംഹാരകനായ അഗ്നിയുടെ ആഗ്നേയാസ്ത്രം പോലെയാണ്. ലോകാവസാനകാലത്തെ ചുഴലിക്കാറ്റും പ്രളയാഗ്നിയും ഒന്നിച്ചുചേര്‍ന്നാല്‍ പിന്നെ എന്തെങ്കിലും വെന്തുവെണ്ണീറാകാതെ ശേഷിക്കുമോ? അങ്ങയുടെ വിനാശകരങ്ങളായ വായ്കള്‍ കണ്ടപ്പോള്‍ എന്‍റെ ധൈര്യം അസ്തമിച്ചു. അവാച്യമായ വിഭ്രാന്തി എന്നെ ബാധിച്ചു. എന്‍റെ സമനിലതെറ്റി. എനിക്ക് എന്‍റെ ചുറ്റുപാടുകളെപ്പറ്റിയോ ദിക്കുകളെപ്പറ്റിയോ ഒന്നും അറിയാന്‍ കഴിയുന്നില്ല. സര്‍വ്വഗമമായ അങ്ങയുടെ രൂപത്തിന്‍റെ അല്പദര്‍ശനം ലഭിച്ചപ്പോള്‍ത്തന്നെ എന്‍റെ ആനന്ദത്തിന്‍റെ ഉറവ വറ്റി വരണ്ടു.
അതുകൊണ്ട് ദയവായി അങ്ങയുടെ ബൃഹത്തും സങ്കുലവുമായ ഈ രൂപം പിന്‍വലിച്ചാലും. അങ്ങയുടെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി അല്പമായിട്ടെങ്കിലും അറിഞ്ഞിരുന്നുവെങ്കില്‍, ഇത് കാണിക്കണമെന്ന് ഞാന്‍ ആവശ്യപ്പെടുമായിരുന്നുവോ? ലോകസംഹാരിയായ ഈ വിശ്വരൂപത്തില്‍ നിന്നു ഞങ്ങളെ രക്ഷിക്കണമെന്ന് ഞാന്‍ അങ്ങയോട് യാചിക്കുന്നു: അല്ലയോ കൃഷ്ണാ, അങ്ങ് യഥാര്‍ത്ഥത്തില്‍ ഞങ്ങളുടെ നാഥാനാണെങ്കില്‍, ഈ അത്യാഹിതത്തില്‍ നിന്നു ഞങ്ങളെ രക്ഷിച്ചാലും.
ഈ പ്രപഞ്ചത്തിന്‍റെ നാഥന്‍ അങ്ങാണ്. അങ്ങയുടെ ശക്തിയാണ് ഇതിനെ നിലനിര്‍ത്തുന്നത്, എന്നിട്ടും അതു കൂട്ടാക്കാതെ അങ്ങ് ഇതിനെ നശിപ്പിക്കാന്‍ മുതിരുന്നു. പ്രഭോ, ഞങ്ങളില്‍ കരുണ കാണിക്കേണമേ. അങ്ങയുടെ നിഗൂഡമായ ശക്തിയെ പിന്‍വലിച്ച് എന്നെ ഈ ഭയസംഭ്രമത്തില്‍ നിന്ന് രക്ഷിച്ചാലും. ഇതിന്‍റെ ഞെട്ടിക്കുന്ന അനുഭവം തുടര്‍ച്ചയായി ഞാന്‍ അനുഭവിക്കുന്നതുകൊണ്ടാണ് എന്നോട് ദയ കാണിക്കണമെന്നും ഇതു പിന്‍വലിക്കണമെന്നും ഞാന്‍ അങ്ങയോട് വീണ്ടും വീണ്ടും യാചിക്കുന്നത്. അമരാവതിയെ അസുരന്മാര്‍ വളഞ്ഞപ്പോള്‍ ഞാന്‍ ഏകനായി അവരോട് ഏറ്റുമുട്ടിയില്ലേ? മരണത്തെ മുഖത്തോടു മുഖം നോക്കി എതിര്‍ക്കാന്‍ എനിക്കു ഭയമില്ല. എന്നാല്‍ അങ്ങയുടെ വിശ്വരൂപത്തിന്‍റെ സ്ഥിതി വ്യത്യസ്തമാണ്. അത് മരണത്തെപ്പോലും മത്സരിച്ചു പിന്തള്ളി പ്രപഞ്ചത്തെയൊട്ടാകെ വിഴുങ്ങാന്‍ പോവുകയാണ്. ലോകസംഹാരത്തിനു കാലമായില്ലെങ്കിലും അങ്ങ് ഒരു സംഹാരകനെപ്പോലെ ഞങ്ങളിലേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. തത്ഫലമായി അനാഥമായ ഈ പ്രപഞ്ചത്തിന്‍റെ ആയുസ്സ് അറ്റുപോകുകയാണ്. ഹാ, കഷ്ടം! വിധിയുടെ വിളയാടല്‍ എത്രമാത്രം വികൃതമായിരിക്കുന്നു. ആനന്ദകരമായ ശാന്തി കൈവരിക്കാനാണ് ഞാന്‍ അങ്ങയുടെ വിശ്വരൂപം കാണാന്‍ ആഗ്രഹിച്ചത്. എന്നാല്‍ എന്തൊരു ദുരന്തമാണ് ഞങ്ങള്‍ക്കു വന്നു ചേര്‍ന്നിരിക്കുന്നത്. പ്രപഞ്ചം നശിക്കാന്‍ പോകുന്നു. അങ്ങ് പ്രപഞ്ചത്തെ വിഴുങ്ങാന്‍ തയ്യാറായിരിക്കുന്നു. അഹോ! ഞാനെന്താണീ കാണുന്നത്? അതാ ഞങ്ങളുടെ സൈന്യങ്ങളെ അങ്ങയുടെ ദശസഹസ്രം വായ്കളില്‍കൂടി വേഗത്തില്‍ അങ്ങ് വിഴുങ്ങികൊണ്ടിരിക്കുന്നു.