ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 26, 27

അമീ ച ത്വാം ധൃതരാഷ്ട്രസ്യ പുത്രാഃ
സര്‍വ്വേ സഹൈവാവനിപാലസംഘൈഃ
ഭീഷ്മോ ദ്രോണഃ സൂതപുത്രസ്തഥാസൗ
സഹാസ്മദീയൈരപി യോധമുഖ്യൈഃ

വക്ത്രാണി തേ ത്വരമാണാ വിശന്തി
ദംഷ്ട്രാകരാളാനി ഭയാനകാനി
കേചിദ്‍വിലഗ്നാ ദശാനാന്തരേഷു
സംദൃശ്യന്തേ ചൂര്‍ണ്ണിതൈരുത്തമാംഗൈഃ

എല്ലാ ധൃതരാഷ്ട്രപുത്രന്മാരും ഭീഷ്മരും ദ്രോണരും കര്‍ണ്ണനും രാജക്കന്മാരുടെ സംഘങ്ങളോടും ഞങ്ങളുടെ ഭാഗത്തുള്ള പടയാളികളോടുമൊപ്പം കരാളദംഷ്ട്രങ്ങളുള്ളവയും ഭയങ്കരങ്ങളുമായ അങ്ങയുടെ വായിലേക്കു ദ്രുതഗതിയില്‍ ചെന്നുവീഴുന്നു. ചിലര്‍ ഉടഞ്ഞുതകര്‍ന്ന തലകളോടെ പല്ലുകള്‍ക്കിടയില്‍ ഞെരുങ്ങി അകപ്പെട്ടുപോയവരായും കാണപ്പെടുന്നു.

അന്ധനായ ധൃതരാഷ്ട്രമഹാരാജാവിന്‍റെ പുത്രന്മാരായ കൗരവയുവാക്കളെയല്ലെ ഞാന്‍ അവിടെ കാണുന്നത്? അവര്‍ അനുചരന്മാരോടൊപ്പം അങ്ങയുടെ വായിലേക്കു വലിച്ചെടുക്കപ്പെടുന്നു. കൗരവരെ സഹായിക്കാനായി വിവിധരാജ്യങ്ങളില്‍നിന്നുവന്ന രാജാക്കന്മാരില്‍ ഒരാള്‍പോലും ശേഷിക്കാതെ എല്ലാവരും അങ്ങയുടെ വായ്ക്കുള്ളിലായി. പടക്കളത്തിലുള്ള ഗജസമൂഹങ്ങളെ അങ്ങ് വിഴുങ്ങുന്നു. കാലാള്‍പ്പടയും അശ്വസേനയും അങ്ങയുടെ വായിലേക്ക് ഒഴുകിയെത്തുന്നു. മാരകായുധങ്ങളെല്ലാം അങ്ങ് വലിച്ചെടുക്കുന്നു. പ്രപഞ്ചത്തിനെ മുഴുവന്‍ നശിപ്പിക്കാന്‍ അതിലൊന്നുമാത്രം മതി. ഈ സൈന്യങ്ങളേയും അവരുടെ അനുചരസംഘത്തേയും കുതിരകളേയും രഥങ്ങളേയും മറ്റും വിഴുങ്ങുന്നതില്‍ എന്ത് ആനന്ദമാണ് അങ്ങേയ്ക്കുണ്ടാവുക?

അതാ ഭീഷ്മാചാര്യന്‍, ധീരതയിലും സത്യസന്ധതയിലും അദ്ദേഹത്തെ വെല്ലാന്‍ ആരെങ്കിലുമുണ്ടോ? അദ്ദേഹത്തെയും ബ്രാഹ്മണനായ ദ്രോണാചാര്യനൊപ്പം അങ്ങ് വിഴുങ്ങുന്നല്ലോ. സൂതപുത്രനായ കര്‍ണ്ണന്‍ യോദ്ധാക്കളില്‍ മുമ്പനാണ്. അവനും മറ്റുള്ളവരുടെ ഗതിതന്നെ. ഞങ്ങളുടെ പക്ഷത്തുള്ള സൈന്യങ്ങളും വെറും കരിയിലപോലെ പറന്നല്ലേ അങ്ങയുടെ വായില്‍ പതിക്കുന്നത്. അങ്ങയുടെ ദിവ്യകൃപയുടെ അനന്തരഫലം എത്ര വിചിത്രമായിരിക്കുന്നു. വിശ്വരൂപ ദര്‍ശനത്തിനായി അപേക്ഷിച്ചിട്ട് വിശ്വത്തിനുമുഴുവന്‍ നാശവും മരണവുമാണ് ഞാന്‍ വരുത്തിവച്ചത്. ഭഗവാന്‍ തന്‍റെ പ്രധാനപ്പെട്ട വിഭൂതികള്‍ വിവരിച്ചു തന്നപ്പോള്‍ എനിക്കു തൃപ്തിയായില്ല. സര്‍വ്വവ്യാപിയായ അദ്ദേഹത്തിന്‍റെ വിശ്വരൂപം കാണണമെന്ന് ഞാന്‍ ആഗ്രഹിച്ചു. അതിനായി അപേക്ഷിച്ചു. വിധിയാണു നമ്മുടെ ഇച്ഛയ്ക്ക് രൂപം നല്കുന്നത്. വിധികല്‍പിതം ആര്‍ക്കും ഒഴിവാക്കാന്‍ സാധ്യമല്ല. ഞാന്‍ ലോകത്തിന്‍റെ നാശത്തിനുകാരണക്കാരനാകാനാണ് വിധി നിശ്ചയിച്ചിരിക്കുന്നത്. അപ്പോള്‍പിന്നെ എങ്ങനെയാണ് ഞാന്‍ ഈ അപരാധത്തില്‍നിന്നു മുക്തനാകുന്നത്? പണ്ട് പാലാഴി കടഞ്ഞ് അസുരന്മാര്‍ അമൃത് കൈക്കലാക്കി. എന്നാല്‍ അതുകൊണ്ടും തൃപ്തിപ്പെടാതെ അവര്‍ വീണ്ടും കടഞ്ഞപ്പോള്‍ കാളകൂടവിഷം പൊങ്ങിവന്നു. അതിന്‍റെ ആപത്തില്‍നിന്നു ലോകത്തെ രക്ഷിക്കാന്‍ പരമശിവനു കഴിഞ്ഞതുകൊണ്ട് ആ അത്യാഹിതം ഈ ദുരന്തത്തെപ്പോലെ ദുര്‍വഹമായിരുന്നില്ല. ഇപ്പോഴത്തെ വിപത്ത് ജ്വലിക്കുന്ന വിഷക്കാറ്റിനെപ്പോലെ ഹിംസാത്മകമാണ്. ആര്‍ക്കാണ് അതിനെ അടക്കാന്‍ സാധിക്കുന്നത്. മരണവുമായി മല്‍പ്പിടുത്തം നടത്തുന്നതിനുള്ള കരുത്ത് ആര്‍ക്കെങ്കിലുമുണ്ടോ?

ബൃഹത്തായ ആ രൂപം ദര്‍ശിച്ചപ്പോള്‍ അര്‍ജ്ജുനന്‍റെ ഹൃദയം ഇപ്രകാരമുള്ള ചിന്തകള്‍കൊണ്ട് പരിതപ്തമായി. ഭഗവാന്‍റെ ഉദ്ദേശം എന്താണെന്ന് അര്‍ജ്ജുനന് ഗ്രഹിക്കാന്‍ കഴിഞ്ഞില്ല. അവന്‍ അപ്പോഴും കൗരവരെ വധിക്കുന്നത് താനാണെന്നുള്ള വിഭ്രാന്തിയില്‍പ്പെട്ടുഴലുകയായിരുന്നു. അവന്‍റെ വിഭ്രാന്തി നശിപ്പിക്കുന്നതിനായിരുന്നു ഭഗവാന്‍ തന്‍റെ വിശ്വരൂപം പ്രകടിപ്പിച്ചത്. എല്ലാറ്റിന്‍റേയും സംഹാരകന്‍ താന്‍ മാത്രമാണെന്നും ആരും ആരേയും കൊല്ലുന്നില്ലെന്നുമുള്ള യാഥാര്‍ത്ഥ്യം വെളിപ്പെടുത്തുന്നതിനുമാണ് ഭഗവാന്‍ വിശ്വരൂപം പ്രത്യക്ഷപ്പെടുത്തിയത്. എന്നാല്‍ ഭഗവാന്‍റെ ഈ ഉദ്ദേശം മനസ്സിലാക്കാന്‍ കഴിയാതെ അര്‍ജ്ജുനന്‍ അതീവ ഖിന്നനായി. അവന്‍റെ ഭയം വര്‍ദ്ധിച്ചു.

അവന്‍ വീണ്ടും പറഞ്ഞു തുടങ്ങി: അഹോ! നോക്കിയാലും, അഭ്രവൃന്ദങ്ങള്‍ അഭ്രമണ്ഡലത്തില്‍ അലിഞ്ഞുചേരുന്നതുപോലെ, ഇരുഭാഗത്തുമുള്ള സൈന്യങ്ങള്‍ പടച്ചട്ടയിട്ട് വാളുമേന്തി അങ്ങയുടെ വക്ത്രത്തില്‍ അപ്രത്യക്ഷമാകുന്നു. യുഗാന്ത്യത്തില്‍ ക്രുദ്ധനായ മൃത്യു ഇരുപത്തിയൊന്ന് സ്വര്‍ഗ്ഗങ്ങളേയും പാതാളങ്ങളേയും വിഴുങ്ങന്നതുപോലെ, അഥവാ ഒരു പിശുക്കന്‍റെ ധനം ദൗര്‍ഭാഗ്യത്തിന്‍റെ താഡനമേറ്റ് നിമിഷങ്ങള്‍ക്കുള്ളില്‍ തകരുന്നതുപോലെ, ഇവിടെ കാത്തുനില്‍ക്കുന്ന സുസജ്ജമായ സൈന്യങ്ങള്‍ അങ്ങയുടെ പിളര്‍ന്ന വായിലേക്ക് വലിച്ചെടുക്കപ്പെടുന്നു. ഒരുവന്‍പോലും രക്ഷപ്പെട്ടിട്ടില്ല. നോക്കണേ വിധിയുടെ വിഭാവകമായ വിളയാടല്‍. ഒട്ടകം ചവച്ചരയ്ക്കുന്ന അശോക വൃഷത്തിന്‍റെ ഇളം നാമ്പുപോലെ ഇവരെല്ലാം എന്നത്തേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു.

കിരീടം ചൂടിയിരുന്ന അവരുടെ ശിരസ്സുകള്‍ താടിയെല്ലുകളുടെ ഘര്‍ഷണത്തില്‍ ചതഞ്ഞരഞ്ഞുപോയിരിക്കുന്നു. അവരുടെ കിരീടത്തിലുണ്ടായിരുന്ന രത്നങ്ങള്‍ അണപ്പല്ലുകള്‍ക്കിടയല്‍പ്പെട്ട് ഭസ്മമായിരിക്കുന്നു. അതിന്‍റെ ധൂളികള്‍ നാക്കിലെല്ലാം ഒട്ടിപ്പിടിച്ചിരിക്കുന്നു. പല്ലുകളുടെ അറ്റത്തും അത് വ്യാപിച്ചിരിക്കുന്നതു കാണാം. ജനിച്ച ജീവികള്‍ക്കൊന്നും ഇതല്ലാതെ മറ്റൊരു ഭാഗധേയവുമില്ല. ആകയാല്‍ ലോകം മുഴുവനും ഈ വക്ത്രങ്ങളിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു. സൃഷ്ടിജാലകങ്ങളെല്ലാം വിശ്വരൂപത്തിന്‍റെ വദനഗഹ്വരത്തില്‍ പതിക്കുന്നു. അചഞ്ചലമായി നിന്നുകൊണ്ട് പരമസംഹാരകനായ ഈ മൂര്‍ത്തി എല്ലാറ്റിനേയും അനായാസമായി വിഴുങ്ങുന്നു. ബ്രഹ്മാവു തുടങ്ങിയ ദേവന്മാര്‍ മേല്‍ഭാഗത്തു കാണുന്ന വായിലേക്കു കടക്കുമ്പോള്‍ യോദ്ധാക്കളും സാധാരണക്കാരും കീഴ്ഭാഗത്തുകാണുന്ന വായിലേക്കാണ് കടക്കുന്നത്. ചില വായ്കള്‍ ജീവജാലങ്ങളെ ജനിച്ചയുടന്‍തന്നെ നശിപ്പിക്കുന്നു. ആര്‍ക്കും ആ വക്ത്രത്തിന്‍റെ പിടിയില്‍ നിന്ന് രക്ഷപ്പെടാനാവില്ല.