ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 28,29
യഥാ നദീനാം ബഹവോƒമ്ബുവേഗാഃ
സമുദ്രമേവാഭിമുഖാ ദ്രവന്തി
തഥാ തവാമീ നരലോകവീരാ
വിശന്തി വക്ത്രാണ്യഭിവിജ്വലന്തി
പലഭാഗത്തുനിന്നും ഒഴുകിവരുന്ന നദികളുടെ ജലപ്രവാഹങ്ങള്‍ എപ്രകാരം സമുദ്രത്തെത്തന്നെ അഭിമുഖീകരിച്ച് ഒഴുകിച്ചെല്ലുന്നുവോ അപ്രകാരം ഈ മാനവ വീരന്മാര്‍ കത്തിജ്വലിക്കുന്ന അങ്ങയുടെ വദനങ്ങളിലേക്ക് കടന്നു മറയുന്നു.
വലിയ നദികള്‍ സമുദ്രത്തെ അഭിമുഖമാക്കി ഒഴുകുന്നതുപോലെ പ്രപഞ്ചം മുഴുവനും എല്ലാ ഭാഗത്തുനിന്നും വിശ്വരൂപനായ അങ്ങയുടെ വദനങ്ങളിലേക്ക് ഒഴുകിവരുന്നു. ജീവിതത്തിന്‍റെ പാതയില്‍ക്കൂടി സഞ്ചരിക്കുന്ന സൃഷ്ടിജാലങ്ങളുടെ സമൂഹങ്ങള്‍ ദിനരാത്രങ്ങളുടെ ഏണിപ്പടികള്‍ കയറി ഈ വദന ഗഹ്വരങ്ങളില്‍ പ്രവേശിച്ച് അവരുടെ യാത്ര അവസാനിപ്പിക്കുന്നു.
യഥാ പ്രദീപ്തം ജ്വലനം പതംഗാഃ
വിശന്തി നാശായ സമൃദ്ധവേഗാഃ
തഥൈവ നാശായ വിശന്തി ലോകാഃ
തപാവി വക്ത്രാണി സമൃദ്ധവേഗാഃ
ഈയാംപാറ്റകള്‍ അതിവേഗത്തില്‍ ആളിക്കത്തുന്ന തീയില്‍ ചാവാനായിട്ട് ചെന്നുചാടുന്നത് എപ്രകാരമാണോ അപ്രകാരം തന്നെയാണ് ഈ ലോകരും ചാവാനായിട്ട് അതിവേഗത്തില്‍ അങ്ങയുടെ വക്ത്രങ്ങളില്‍ വന്നുവീഴുന്നത്.
ആളിക്കത്തുന്ന പര്‍വ്വതങ്ങളുടെ താഴ്വാരത്തിലേക്ക് ഈയാംപാറ്റകള്‍ കൂട്ടമായി വന്നുപതിക്കുന്നതുപോലെ, ഈ മനുഷ്യരെല്ലാം അങ്ങയുടെ വായിലേക്ക് പതിക്കുന്നു. ഈ വായില്‍ പതിക്കുന്ന എന്തും ചുട്ടുപഴുത്ത ഇരുമ്പില്‍ വീഴുന്ന ജലകണങ്ങള്‍ പോലെ നിശ്ശേഷം നിര്‍മാര്‍ജ്ജനം ചെയ്യപ്പെടുന്നു.