ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം പതിനൊന്ന് വിശ്വരൂപദര്‍ശനയോഗം ശ്ലോകം 30

ലേലിഹ്യസേ ഗ്രസമാനഃ സമന്താ-
ല്ലോകാന്‍ സമഗ്രാന്‍ വദനൈര്‍ജ്വലദ്ഭിഃ
തേജോഭിരാപൂര്യ ജഗത് സമഗ്രം
ഭാസസ്തവോഗ്രാ പ്രതപന്തി വിഷ്ണോ

ജ്വാലകള്‍ വിതറുന്ന മുഖങ്ങള്‍കൊണ്ട് എല്ലായിടത്തുനിന്നും സകലലോകങ്ങളേയും വിഴുങ്ങിയിട്ട് നക്കിയുണക്കുന്നു. അങ്ങയുടെ ഉഗ്രങ്ങളായ കാന്തിപടലങ്ങള്‍ മുഴുവന്‍ പ്രപഞ്ചത്തേയും തേജസ്സുകൊണ്ടു നിറച്ചു വല്ലാതെ ചൂടുപിടിപ്പിക്കുന്നതായി കാണുന്നു.

അങ്ങയുടെ വായില്‍ വീണതിനെയെല്ലാം അങ്ങ് വിഴുങ്ങി. എന്നിട്ടും അങ്ങയ്ക്ക് എന്തൊരസാധാരണ വിശപ്പാണ് അവശേഷിക്കുന്നത്. ദീര്‍ഘനാള്‍ ശയ്യാവലംബിയായ ഒരു രോഗി രോഗവിമുക്തനാകുമ്പോഴോ, ഒരു യാചകന്‍ ഭക്ഷണദൗര്‍ബല്യമുള്ള പഞ്ഞകാലത്തോ, ആഹാരത്തിനുകാണിക്കുന്ന അത്യാശപോലെയാണ് അങ്ങയുടെ ഇപ്പോഴത്തെ ആര്‍ത്തി. അങ്ങയുടെ നാക്കുകള്‍ ആഹാരത്തിലുള്ള കൊതികൊണ്ടു ചുണ്ടുകളെ നക്കിക്കൊണ്ടിരിക്കുന്നു. ഭക്ഷണത്തിലുള്ള അങ്ങയുടെ ആക്രാന്തം അത്ഭുതകരമായിരിക്കുന്നു. കടലിനെ ഒറ്റവലിക്കു കുടിക്കുന്നതിനോ, പ്രപഞ്ചത്തെ മുഴുവന്‍ വായിലിട്ടു ചവച്ചരയ്ക്കുന്നതിനോ, നക്ഷത്രജാലങ്ങളെ നക്കിയെടുക്കുന്നതിനോ ഉള്ള അക്ഷമയാണ് അങ്ങു പ്രകടിപ്പിക്കുന്നത്. ഇന്ദ്രിയങ്ങള്‍ വിഷയങ്ങളിലേക്ക് വ്യാപരിക്കുന്നതോടെ കൂടുതലായി ആഗ്രഹങ്ങളും ആസക്തിയും വര്‍ദ്ധിക്കുന്നു. വിറക് വീണ്ടും വീണ്ടും ഇടുന്നതോടുകൂടി അഗ്നി ആളിക്കത്തുന്നു. അതുപോലെ ഭക്ഷിക്കുന്തോറും അങ്ങയുടെ വിശപ്പ് അധികരിക്കുന്നു. ജഗത്രയങ്ങളേയും വിഴുങ്ങുന്നതിന് അങ്ങയുടെ ഒരു വായ്മാത്രം മതിയാകുന്നതാണ്. അസംഭ്യമായ അങ്ങയുടെ വായ്കള്‍ക്കെല്ലാംകൂടി ആവശ്യമായ ഭക്ഷണം എവിടെ നിന്നാണ് ലഭിക്കുക. വേണ്ട ഭക്ഷണമില്ലാതെ ഇത്രമാത്രം വായ്കള്‍ എന്തിനാണ് അങ്ങ് സൃഷ്ടിച്ചത്? അനാഥമായ ഈ പ്രപഞ്ചം അങ്ങയുടെ വായില്‍നിന്ന് പുറപ്പെടുന്ന ഉജ്ജ്വലമായ അഗ്നികിരണങ്ങളേറ്റ് ഉഴറുന്നു. കാട്ടു തീയുടെ മദ്ധ്യത്തിലകപ്പെട്ട മാന്‍പേടപോലെയാണ് ലോകത്തിന്‍റെ സ്ഥിതി. അങ്ങ് ഇനിമേല്‍ അതിന്‍റെ നാഥനല്ല. നിഷ്ഠൂരമായ വിധി ലോകത്തിലുള്ള ജീവജാലങ്ങളെ മൃത്യുവിന്‍റെ വലയില്‍, മത്സ്യത്തെയെന്നപോലെ അകപ്പെടുത്തിയിരിക്കയാണ്. അങ്ങയുടെ ശരീരത്തിന്‍റെ തേജസ്സുകൊണ്ട് നിറഞ്ഞിരിക്കുന്ന ലോകത്തില്‍ നിന്ന് ഒരു ജീവിക്കും രക്ഷപ്പെടാന്‍ സാദ്ധ്യമല്ല. ഈ കാണുന്നതൊന്നും വായ്കളല്ല. അവ അഗ്നിപര്‍വ്വതത്തിന്‍റെ ഗുഹാമുഖങ്ങളാണ്. എന്തും ദഹിപ്പിക്കാനുള്ള അഗ്നിയുടെ കഴിവ് അഗ്നിക്കറിഞ്ഞുകൂടാ. എന്നാല്‍ അഗ്നിയില്‍ പതിക്കുന്ന എന്തിനും അതിന്‍റെ ജീവന്‍ നഷ്ടപ്പെടും. മൂര്‍ച്ചയുള്ള ഒരായുധത്തിന് അതിന്‍റെ നശീകരണ ശക്തിയെപ്പറ്റി അറിവില്ല. കൊല്ലുന്നതിനുള്ള കഴിവ് തനിക്കുണ്ടെന്ന് വിഷത്തിന് അറിവില്ല. അതുപോലെ അങ്ങയുടെ രൗദ്രഭാവത്തെപ്പറ്റി അങ്ങ് അറിയുന്നില്ല. എന്നാല്‍ ലോകം മുഴുവന്‍ അങ്ങയുടെ വദനഗഹ്വരത്തില്‍പ്പെട്ട് നശിക്കുന്നു. അല്ലയോ ഭഗവാനേ, അങ്ങ് സര്‍വ്വവ്യാപിയായ പരബ്രഹ്മമാണ്. പിന്നെന്തിന് അങ്ങ് സംഹാരകനായി? ജീവിക്കാനുള്ള എല്ലാ ആശകളും ഞാന്‍ ഉപേക്ഷിച്ചിരിക്കുന്നു. അങ്ങയുടെ മനസ്സിലുള്ളത് എന്താണെന്ന് മടിക്കാതെ എന്നോട് പറഞ്ഞാലും. അങ്ങയുടെ രൗദ്രമായ ഈ രൂപം ഇനിയും എത്രനേരത്തേയ്ക്കാണ് തുടര്‍ന്നു പ്രദര്‍ശിപ്പിക്കുക. ഭഗവാനേ സംരക്ഷകനെന്ന അങ്ങയുടെ ദിവ്യസത്വത്തെ സ്മരിക്കേണമേ. കുറഞ്ഞപക്ഷം എന്നോടെങ്കിലും കരുണ കാണിക്കേണമേ.